Pages

Friday, April 16, 2010

മദ്രസാധ്യാപക ക്ഷേമനിധി തമിഴ്നാടിനെ കണ്ടുപഠിക്കണം പിണങ്ങോട്‌ അബൂബക്കര്‍തമിഴ്നാട്‌ ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) സര്‍ക്കാര്‍ മദ്‌റസാ അധ്യാപകര്‍ക്കും പള്ളി ഇമാം, മുഅദ്ദിന്‍, ക്ളീനര്‍ തുടങ്ങിയ ജീവനക്കാര്‍ക്കും പലിശരഹിത ക്ഷേമ പദ്ധതി നടപ്പിലാക്കിവരുന്നു. അധ്യാപകരില്‍ നിന്നോ മാനേജിംഗ്‌ കമ്മിറ്റിയില്‍ നിന്നോ ഒരു രൂപ പോലും പ്രീമിയം സ്വീകരിക്കുന്നില്ല. സഹകരണ ബാങ്കുകള്‍, എല്‍.ഐ.സി. തുടങ്ങിയ പലിശയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളല്ല പദ്ധതിനിര്‍വ്വഹണ ഏജന്‍സി. ജില്ലാ കലകട്രേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ ബോര്‍ഡ്‌ വിഭാഗം മുഖേനയാണ്‌ തമിഴ്നാട്ടില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌. അവിടെ പള്ളികള്‍, മദ്‌റസകള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ പള്ളി മാനേജിംഗ്‌ കമ്മിറ്റികളുടെ സാക്ഷ്യപത്രത്തോടൊപ്പം നിശ്ചിത ഫോറത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുഖേനയാണ്‌ ശേഖരിച്ചത്‌. റേഷന്‍ കാര്‍ഡ്‌, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയുടെ അറ്റസ്റ്റ്‌ ചെയ്ത ഫോട്ടോകോപ്പിയും അപേക്ഷയോടൊപ്പം വാങ്ങിയിരുന്നു. തമിഴ്നാട്ടിലെ മുഅല്ലിംകള്‍, ഇമാമുമാര്‍, മുക്രിമാര്‍, പള്ളി പരിചാരകര്‍ എന്നിവര്‍ക്ക്‌ സര്‍ക്കാര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കിയിട്ടുണ്ട്‌. ഈ കാര്‍ഡ്‌ ഉപയോഗിച്ചാണ്‌ ക്ഷേമപദ്ധതിയിലേക്ക്‌ അപേക്ഷ നല്‍കേണ്ടതും പണം കൈപറ്റേണ്ടതും. ൬൫ വയസ്സും അഞ്ചു വര്‍ഷം സര്‍വ്വീസും ഉള്ളവര്‍ക്ക്‌ മാസാന്തം ൪൦൦രൂപ പെന്‍ഷന്‍ ലഭിക്കും. മദ്‌റസാ അധ്യാപകരുടേയും ഇമാം, മുഅദ്ദിന്‍, ക്ളീനര്‍ തുടങ്ങിയവരുടെ മക്കള്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി. വരെ ൧൦൦൦ രൂപ വീതവും +൨ വരെ ൧൫൦൦ രൂപ വീതവും ധനസഹായം ലഭിക്കും. തുടര്‍വിദ്യാഭ്യാസത്തിന്‌ ഹോസ്റ്റല്‍ ചെലവുകള്‍ ഉള്‍പ്പെടെ ആവശ്യമായ ധനസഹായവും ലഭിക്കും. മദ്‌റസാ അധ്യാപകര്‍, ഇമാം, മുഅദ്ദിന്‍ തുടങ്ങിയവരുടെ സ്വാഭാവിക മരണമായാലും അപകടമരണമായാലും ഒരു ലക്ഷം രൂപ വീതം കുടുംബത്തിന്‌ ധനസഹായം ലഭിക്കും. അവശത അനുഭവിക്കുന്ന വിഭാഗം എന്ന നിലക്ക്‌ തികച്ചും ആശ്വാസകരമാണ്‌ ഈ പദ്ധതികള്‍. ഉസ്താദുമാരോ കമ്മിറ്റിയോ ഒരു രൂപ പോലും സര്‍ക്കാറിലേക്ക്‌ അടക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ ക്ഷേമപദ്ധതിയില്‍ നിന്നാണ്‌ തുക വിതരണം നടത്തുന്നത്‌. ജസ്റ്റിസ്‌ സചീന്ദ്രസിംഗ്‌ സചാര്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മൈനോറിറ്റി സ്കീമിണ്റ്റെ ഭാഗമായിട്ടുള്ളതാണ്‌ ഈ പദ്ധതി. വരുമാനം കുറഞ്ഞ, പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിഭാഗമെന്ന നിലക്ക്‌ മദ്രസാ അധ്യാപക വിഭാഗത്തിന്‌ ഈ പദ്ധതികള്‍ ഏറെ ആശ്വാസകരമാണ്‌. എന്നാല്‍ കേരള സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി ഉണ്ടാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌ പലിശ അടങ്ങിയ പദ്ധതിയാണ്‌. മേല്‍ പദ്ധതി അസ്വീകാര്യമാണെന്ന്‌ മതപണ്ഡിതന്‍മാര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വാശിയിലാണ്‌ വകുപ്പ്‌ മന്ത്രി. കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിനെയാണ്‌ പദ്ധതി നിര്‍വ്വഹണ ചുമതല സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്നത്‌. അധ്യാപകരില്‍ നിന്നും കമ്മിറ്റിയില്‍ നിന്നും മാസാന്തം ൫൦ രൂപ വീതം പ്രീമിയം സ്വീകരിച്ചു ബാങ്കില്‍ നിക്ഷേപിച്ചു പലിശയില്‍ നിന്നൊരു വിഹിതം ആശ്വാസമായി നല്‍കുന്ന പദ്ധതിയാണ്‌ കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌. ഇത്‌ ഇസ്ളാമിനോടും മുസ്ളിംകളോടുമുള്ള ഒരു തരം വെല്ലുവിളിയാണ്‌. സംസ്ഥാനത്ത്‌ വാന്‍ സാമ്പത്തിക നിക്ഷേപ സമാഹരണം മുമ്പില്‍ കണ്ട്‌ പലിശരഹിത ഇടപാടുകള്‍ക്കാണ്‌ സാധ്യത എന്ന്‌ പഠിച്ചറിഞ്ഞു "അല്‍ബറക്ക" എന്ന പേരില്‍ ഇസ്ളാമിക ബാങ്കിംഗ്‌ തുടങ്ങാനുള്ള തീരുമാനവും ഒന്നാം ഘട്ടത്തില്‍ അഞ്ച്‌ കേന്ദ്രങ്ങളില്‍ ശാഖകള്‍ തുടങ്ങാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്‌ തൊട്ടുപിറകെയാണ്‌ മതപണ്ഡിതരെ കൂട്ടത്തോടെ പലിശക്കെണിയിലേക്ക്‌ ക്ഷണിക്കുന്നത്‌. പലിശ രഹിത മേഖലയില്‍ വാന്‍ നിക്ഷേപ സാധ്യത സര്‍ക്കാര്‍ കാണുന്നു. അങ്ങനെ നിക്ഷേപിക്കാന്‍ മുസ്ളിം ധനാഢ്യരുടെ വന്‍നിര സന്നദ്ധമാണെന്നും സര്‍ക്കാര്‍ മനസ്സിലാക്കുന്നു. ഇതിലൂടെ വമ്പിച്ച സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമാക്കുന്നു. ഈ ഘട്ടത്തില്‍ ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ കേസ്‌ സ്റ്റേ നീക്കികിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നു. പലിശ ഇല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ പലിശ ഇല്ലാതെ ധനസഹായം നല്‍കാന്‍ എന്തുകൊണ്ട്‌ സന്‍മനസ്സ്‌ കാണിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന്‌ പറയുന്ന പലിശപദ്ധതിയില്‍ ഒരു മതപണ്ഡിതനും അംഗമാകാന്‍ പോകുന്നില്ല. പത്ത്‌ കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി മന്ത്രി പറയുന്നു. ഈ തുക അത്രയും സി.പി.എം. ഭരിക്കുന്ന കോഴിക്കോട്‌ ജില്ലാ ബാങ്കിന്‌ ഒരു പക്ഷേ ലഭിച്ചേക്കാം. എന്നാല്‍ പണ്ഡിതന്‍മാരില്‍ നിന്ന്‌ വര്‍ഷാവര്‍ഷം ൧൨൦൦രൂപ വീതം ലഭിക്കുമെന്ന ധാരണ സര്‍ക്കാരിന്‌ വേണ്ട. പലിശക്കെതിരില്‍ ൧൪ നൂറ്റാണ്ടുകളായി കലഹിച്ചുവരുന്നവരാണ്‌ മുസ്ളിംകള്‍. അവര്‍ക്കതിന്‌ കരുത്ത്‌ നല്‍കിവരുന്നത്‌ മതപണ്ഡിതരാണ്‌. പലിശ രഹിത നിക്ഷേപത്തിന്‌ സംസ്ഥാനത്ത്‌ വാന്‍ സാധ്യത ഉണ്ടെന്ന്‌ സര്‍ക്കാര്‍ മനസ്സിലാക്കുമ്പോള്‍ അത്തരം നിക്ഷേപകരെ സജ്ജമാക്കിയത്‌ വിശുദ്ധ ഇസ്‌ ലാമും ഇസ്ളാമിണ്റ്റെ പ്രബോധകരായ മതപണ്ഡിതന്‍മാരുമാണെന്ന്‌ ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടതായിരുന്നു. മതപണ്ഡിതരെ സഹായിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ദ്രോഹിക്കാതിരിക്കാനുള്ള സന്‍മനസ്സ്‌ ഭരണാധികാരികള്‍ കാണിക്കണം. പലിശ ഉള്‍ പ്പെടുന്ന പദ്ധതിയായിട്ടുതന്നെ മദ്‌റസാ അധ്യാപക ക്ഷേമപദ്ധതി നടപ്പിലാക്കുമെന്ന പാലോളിയുടെ പ്രസ്താവന ഏകാധിപതിയുടെ സ്വരത്തിലുള്ളതായി. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന മദ്‌റസാ മുഅല്ലിംകള്‍, ഇമാമുമാര്‍, മുക്രിമാര്‍ തുടങ്ങിയവരുടെ മാസവരുമാനം നന്നേകുറവാണ്‌. വര്‍ദ്ധിച്ചുവരുന്ന വില നിലവാരവും ജീവിതചെലവുകളുമായി തട്ടിച്ചുപോകാനാവാതെ കടുത്ത പ്രതിസന്ധിയിലാണവര്‍. ബന്ധപ്പെട്ട കമ്മിറ്റികളും അധികാരികളും സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബാധ്യതപ്പെട്ടിരിക്കെ വര്‍ഷം ഓരോ മുഅല്ലിമും ൬൦൦രൂപയും കമ്മിറ്റികള്‍ ൬൦൦ രൂപയും അടക്കണമെന്നും എപ്പോ ഴെങ്കിലും അടവ്‌ തെറ്റിയാല്‍ നിക്ഷേപിച്ച സംഖ്യക്ക്‌ പോലും അര്‍ഹത ഉറപ്പില്ലാതാവുകയും ക്ഷേമപദ്ധതികള്‍ക്ക്‌ അര്‍ഹത നഷ്ടപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട്‌ മദ്രസാധ്യാപകരെ ദ്രോഹിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ്‌. അധ്യാപകരില്‍ നിന്ന്‌ നിക്ഷേപം സ്വീകരിക്കാതെ സര്‍ക്കാര്‍ തനത്‌ ഫണ്ടുപയോഗിച്ച്‌ സഹായം പ്രഖ്യാപിക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ കാണിച്ച ആര്‍ ജ്ജവമാണ്‌ കേരള സര്‍ക്കാര്‍ മാതൃകയാക്കേണ്ടത്‌.

No comments:

Post a Comment