Pages

Tuesday, May 19, 2009

അസ്‌തിത്വം സംരക്ഷിച്ച മഹാപ്രസ്ഥാനം

വെള്ളത്തുണിയും കഴുത്തില്‍ ഷാളും തലയില്‍ കറുത്ത തൊപ്പിയും ധരിച്ച്‌ പ്ലാറ്റ്‌ ഫോമില്‍ നില്‍ക്കുന്ന ആ കുറിയ മനുഷ്യന്‍ - സീതി സാഹിബിന്റെ ലക്ഷ്യം കല്‍ക്കത്തയില്‍ നടക്കുന്ന മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക എന്നതായിരുന്നു. ബംഗാളിലെ മുസ്‌ലിംലീഗ്‌ നേതാവ്‌ സുഹ്‌ര്‍വര്‍ദി അന്ന്‌ യോഗം സംഘടിപ്പിച്ചതിന്റെ ലക്ഷ്യവും `പിരിച്ച്‌ വിടല്‍' എന്ന അജണ്ടയായിരുന്നു. കാത്തിരിപ്പിന്‌ ശേഷം പ്രിയ നേതാവ്‌ ഖായിദേമില്ലത്ത്‌ ഓടിക്കിതച്ചെത്തി. സീതി സാഹിബ്‌ ചോദിച്ചു. `ഉറങ്ങുകയായിരുന്നോ സാഹിബ്‌'. സൗമ്യതയോടെ മറുപടി പറഞ്ഞു `അല്ല സീതി സാഹിബ്‌, ഞാന്‍ പുറപ്പെടാന്‍ നേരം എന്റെ ഭാര്യ വീണ്‌ കാലൊടിഞ്ഞു. ഒരാളെ വിളിച്ച്‌ അവളെ ആസ്‌പത്രിയിലാക്കിയത്‌ കൊണ്ടാണ്‌ വൈകിയത്‌' സീതിസാഹിബിന്റെ കണ്ണുകള്‍ നിറഞ്ഞു. ഉടന്‍ കൊല്‍ക്കത്തയില്‍ ചെന്ന്‌ ഇരുവരും സുഹ്‌ര്‍വര്‍ദിയുടെയും മറ്റു ഉത്തരേന്ത്യന്‍ നേതാക്കളുടെയും ലക്ഷ്യങ്ങള്‍ അതിശക്തമായി തകിടംമറിച്ചു. ``തെക്ക്‌ നിന്ന്‌ വന്ന രണ്ട്‌ ദ്രാവിഡര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ച്‌ കളഞ്ഞു.'' യോഗം ശേഷമുള്ള സുഹ്‌ര്‍വര്‍ദിയുടെ വാക്കുകള്‍ ഖായിദേമില്ലത്തിനും സീതീസാഹിബിനും ലഭിച്ച അംഗീകാരമായിരുന്നു.അതെ, സ്വന്തം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന്‌ വേണ്ടി കുടുംബത്തെയും ജീവനേയും മറന്ന്‌ മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനം സ്ഥാപിച്ചവരായിരുന്നു അവര്‍. മുസ്‌ലിം ലീഗ്‌ പുന:സ്ഥാപിക്കാന്‍ വേണ്ടി അവര്‍ സകല ബുദ്ധിമുട്ടുകളും തരണം ചെയ്‌തു. സര്‍വേന്ത്യ മുസ്‌ലിംലീഗും ഖാഇദേ അഅ്‌സം ജിന്നാ സാഹിബും പാക്കിസ്‌താന്റെ മണ്ണിലേക്ക്‌ പോയപ്പോള്‍ നയിക്കാന്‍ ആരുമില്ലാതെ വിറങ്ങലിച്ച്‌ നിന്ന ഇന്ത്യയിലെ കോടിക്കണക്കിന്‌ മുസല്‍മാന്‌ സാന്ത്വനമേകിയാണ്‌ ഖായിദേമില്ലത്ത്‌ എന്ന നിസ്വാര്‍ത്ഥ നായകന്‍ കടന്നുവന്നത്‌. അതിര്‍ത്തി കടന്ന മുസ്‌ലിംലീഗ്‌ വീണ്ടും സ്ഥാപിക്കുന്നു എന്ന സ്വപ്‌നം ഇസ്‌മായില്‍ സാഹിബ്‌ പങ്കുവെച്ചപ്പോള്‍ എതിര്‍ക്കാനും ബഹിഷ്‌കരിക്കാനും മുന്നില്‍ നിന്നത്‌ മുസ്‌ലിംനേതാക്കള്‍ തന്നെയായിരുന്നു. ഉത്തരേന്ത്യയിലെയും ഹൈദരാബാദിലെയും നേതാക്കള്‍ ദീര്‍ഘവീക്ഷണമില്ലാതെ വികാര ജീവികളായി കടന്നുവന്നപ്പോള്‍ ഇങ്ങ്‌ മലബാറിലെ ഉന്നത നേതാക്കള്‍ ഖായിദേ മില്ലത്തിനൊപ്പം നിലയുറപ്പിച്ച്‌ വിവേകം കാണിച്ചു. അങ്ങനെ ആറ്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ 1948 മാര്‍ച്ച്‌ 10-നാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌, ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷണമെന്ന ഉന്നതമായ ദൗത്യവുമായി ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കുന്നത്‌. വൈകിയാണെങ്കിലും ഇത്തരമൊരു ചിന്താഗതി ഉത്തരേന്ത്യയില്‍ ശക്തമായി വരുന്നതില്‍ ആഹ്ലാദകരമാണ്‌.മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മുഴുവനും കേരളത്തിലെ മുസ്‌ലിം സമുദായത്തെ മറ്റു വിഭാഗങ്ങള്‍ക്കൊപ്പം സഞ്ചരിപ്പിച്ചത്‌ മുസ്‌ലിംലീഗിന്റെ അതിശക്തമായ സാന്നിദ്ധ്യമാണ്‌. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സകല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ സമുദായം ഏറെ പിന്നില്‍ നില്‍ക്കുമ്പോള്‍ ഇവിടെ അവര്‍ ഉന്നതങ്ങള്‍ കീഴടക്കാന്‍ കാരണം മുസ്‌ലിംലീഗിനെ സ്വീകരിച്ചത്‌ കൊണ്ടും സ്‌നേഹിച്ചത്‌ കൊണ്ടും മാത്രമാണ്‌. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കിടെ ഈ പ്രസ്ഥാനവും അതിന്റെ ഉന്നത നായകരും ചെയ്‌തുകൊണ്ടിരിക്കുന്ന ഓരോ പ്രവര്‍ത്തനവും അതിന്റെ അവിസ്‌മരണീയ തെളിവുകളാണ്‌.മുസ്‌ലിംലീഗ്‌ കാഴ്‌ചവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കണ്ണടച്ച്‌ എതിര്‍ക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ നോര്‍ത്ത്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന നിര്‍ഭാഗ്യകരമായ അവസ്ഥകളെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്ന്‌ പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമ ബംഗാളിലെ മുസ്‌ലിംകള്‍ നേരിടുന്ന പരിതാപകരമായ ജീവിതം ഇന്ത്യയുടെ നൊമ്പരമായി തുടരുകയാണ്‌. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ പോലും വികസനവും സംവരണവും തൊട്ട്‌ നോക്കിയില്ലെന്ന്‌ ഓരോ നിമിഷവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്‌. കമ്മ്യൂണിസം, സ്ഥിരത നേടിയാല്‍ ഉണ്ടാവുന്ന ഭയാനകരമായ ഭവിഷത്തുകളെയാണ്‌ ബംഗാള്‍ വാഴ്‌ച സൂചിപ്പിക്കുന്നത്‌. 1977-ന്‌ മുമ്പുള്ള മതേതരത്വ ജനാധിപത്യ മൂല്യങ്ങളിലേക്ക്‌ തിരിച്ചു നടന്നാലേ, ബംഗാള്‍ ജനത പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങള്‍ സമാധാനം നേടുകയുള്ളൂവെന്ന്‌ ജ്യോതിബസുവിന്റെയും ഭട്ടാചാര്യയുടെയും കിരാത ഭരണങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു.ഇസ്‌ലാമിക സാംസ്‌ക്കാരികത കൊണ്ട്‌ നിറഞ്ഞുനില്‍ക്കുന്ന ഉത്തര്‍പ്രദേശിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. 30 ശതമാനത്തിലേറെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന യു.പി.യില്‍ ന്യൂനപക്ഷ സമുദായത്തിന്‌ ആശ്രയിക്കാന്‍ പറ്റിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ അഭാവം അവരെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക്‌ എടുത്തെറിയുകയാണ്‌. ഇപ്പോള്‍ ഭരണത്തില്‍ വന്നുകൊണ്ടിരിക്കുന്ന സര്‍ക്കാറുകളില്‍ മുസ്‌ലിംകളുടെ ഫലം നിരാശ മാത്രം. ബാബ്‌രി മസ്‌ജിദ്‌ ധ്വംസനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ വിട്ടുമാറാത്ത യു.പി.യിലെ മുസ്‌ലിംകള്‍ പതിറ്റാണ്ടുകളായി സ്ഥിരതയാര്‍ന്ന അസ്‌തിത്വമോ നില്‍നില്‍പ്പോ നേടിയില്ലെന്നതാണ്‌ സത്യം. കപട മുസ്‌ലിം പ്രേമം വിളമ്പുന്ന മായാവതിയുടെയും ബാബ്‌രി പ്രതി കല്യാണ്‍സിംഗിനെ വാരിപ്പുണര്‍ന്ന മുലായംസിംഗിന്റെയും ഇടയില്‍ യു.പി. മുസ്‌ലിംകള്‍ ഇന്ന്‌ അന്വേഷിക്കുന്നത്‌ കേരളത്തിലേത്‌ പോലുള്ള ഒരു മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. മുസ്‌ലിംലീഗ്‌ പ്രസ്ഥാനത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവേണ്ടതുണ്ട്‌. മുന്‍ഗാമികളായ തങ്ങളുടെ നേതാക്കള്‍ ആറ്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സ്വീകരിച്ച നിലപാടുകളെ അവര്‍ മാറ്റി എഴുതേണ്ടിയിരിക്കുന്നു.ബീഹാറിലെയും മുംബൈയിലെയും ബാംഗ്ലൂരിലെയും മുസ്‌ലിംകളുടെ ദയനീയ വിശേഷങ്ങള്‍, മുസ്‌ലിംലീഗിന്റെ പ്രസക്തിയും സാന്നിദ്ധ്യവും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്‌. തങ്ങളെ അനുകൂലിക്കുവാനോ പ്രശംസിക്കുവാനോ മറ്റുള്ളവര്‍ തയ്യാറാവാത്ത ഒരു സാഹചര്യത്തില്‍ നിന്നാണ്‌ ഖാഇദേമില്ലത്തിന്റെ നേതൃത്വത്തില്‍ ഏറനാടന്‍ മാപ്പിളമാര്‍ അന്ന്‌ മുസ്‌ലിംലീഗ്‌ പ്രസ്ഥാനത്തെ ഇരുകയ്യുംനീട്ടി സ്വീകരിച്ചത്‌. വിജ്ഞാന വിപ്ലവത്തിന്‌ വേണ്ടി മലബാറിലും മറ്റു പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ പ്രസ്ഥാനത്തിന്‌ വിദ്യയെ സ്‌നേഹിച്ച ചരിത്രം മാത്രമേ പറയാനുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അലീഗഢ്‌ ഓഫ്‌ ക്യാമ്പസിന്‌ വേണ്ടിയുള്ള മുസ്‌ലിംലീഗിന്റെ പോരാട്ടം ഈ വിപ്ലവത്തിലെ അവസാനത്തേതാണ്‌. മലപ്പുറം ജില്ലക്ക്‌ അനുവദിക്കപ്പെട്ട ക്യാമ്പസിനെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, 1980-ല്‍ നടന്ന ഭാഷാ സംരംക്ഷണ പോരാട്ടത്തിന്റെ അലയൊലികള്‍ മലപ്പുറത്തിന്റെ വിരിമാറില്‍ വീണ്ടും ഉയര്‍ന്ന്‌ പൊങ്ങാറായിരിക്കുന്നു. അലീഗഡ്‌ ഓഫ്‌ ക്യാമ്പസിനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢശ്രമം നടത്തുന്ന സംസ്ഥാന സര്‍ക്കാറിന്റെ മുസ്‌ലിം പ്രേമത്തിന്റെ മുഖം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്‌. ഈ സമരത്തില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കാതെ, മുസ്‌ലിംലീഗ്‌ വിരോധം കാരണം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിന്‌ വേണ്ടി ശബ്‌ദിക്കുന്ന അഭിനവ `മീര്‍ജാഫര്‍`മാരെ വിദ്യയെ സ്‌നേഹിക്കുന്ന സമുദായം ഒറ്റപ്പെടുത്തുമെന്ന്‌ തീര്‍ച്ച