Pages

Tuesday, October 25, 2011

ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു
ദല്ലാള്‍ കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കൂടിക്കാഴ്ചയെ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വം വീക്ഷിക്കുന്നത് സംശയത്തോടെ. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല പാര്‍ട്ടിയിലെ ശത്രുക്കളെയും തകര്‍ക്കാന്‍ വി.എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നത്. ഈ വിഷയത്തില്‍ വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്.
ഇതിന്റെ വ്യക്തമായ സൂചന ഇന്നലെ നിയമസഭയില്‍ പ്രകടമായി. ധനകാര്യ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങള്‍ കൂടിക്കാഴ്ചയുടെ പേരില്‍ വി.എസിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എന്നാല്‍ ഒരു ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കാന്‍ സി.പി.എം അംഗങ്ങള്‍ മുന്നോട്ടുവന്നില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇതെന്ന് അറിയുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വി.എസ് നടത്തുന്ന നീക്കങ്ങളെല്ലാം ഔദ്യോഗിക നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇടതുഭരണ കാലത്ത് ഔദ്യോഗികപക്ഷത്തെ പ്രമുഖരായ ചില മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതൊക്കെ കോടതികളിലെത്തിച്ച് ഔദ്യോഗിക പക്ഷത്തെ ഒതുക്കാനുള്ള സാധ്യത വി.എസ് ആരായുന്നതായി നേതൃത്വത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയതെന്ന സംശയം പാര്‍ട്ടിക്കുള്ളില്‍ ബലപ്പെട്ടിട്ടുണ്ട്.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ വീഴ്ത്താന്‍ ഔദ്യോഗിക പക്ഷം തന്ത്രം മെനയുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. അരുണ്‍കുമാറിനെ എെ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയരക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന എ.ജിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഔദ്യോഗികപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ്. മുമ്പ് ഔദ്യോഗികപക്ഷത്തിനെതിരെ വി.എസ് പ്രധാനമായി എടുത്തു പ്രയോഗിച്ചത് ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശമായിരുന്നു. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വി.എസ് പൊളിറ്റ് ബ്യൂറോക്ക് കത്തയച്ചിരുന്നു. അതിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ ഔദ്യോഗികപക്ഷം ഒരുങ്ങിനില്‍ക്കുമ്പോഴാണ് വി.എസിന്റെ പുതിയ നീക്കം. മകനെ രക്ഷപ്പെടുത്തി, അതുവഴി സ്വയം രക്ഷപ്പെടുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചക്ക് പിന്നിലുണ്ടെന്ന് ഔദ്യോഗിക നേതൃത്വം കരുതുന്നു.
കീഴ് ഘടകങ്ങളുടെ സമ്മേളനങ്ങള്‍ മുതല്‍ വി.എസിനെതിരെ ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഔദ്യോഗിക നേതൃത്വം. ഇതിനായി ലോക്കല്‍, ഏരിയ, ജില്ല കമ്മിറ്റികളിലെ ഔദ്യോഗിക പക്ഷ അനുകൂലികളുമായി നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്.