Pages

Monday, October 8, 2012

ഭൂമിദാനം: വിഎസിനെ ഒഴിവാക്കാന്‍ വിവരാവകാശ കമ്മിഷണറുടെ സമ്മര്‍ദം

 ജയന്‍ മേനോന്‍

തിരുവനന്തപുരം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട കാസര്‍കോട് ഭൂമിദാനക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥനു മേല്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡിഐജിയുമായ കെ. നടരാജന്‍ സമ്മര്‍ദം ചെലുത്തിയതായി ഒൌദ്യോഗിക റിപ്പോര്‍ട്ട്. നടരാജന്‍ ഡിവൈഎസ്പിയുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ സിഡിയും ഉള്‍പ്പെടുത്തി ഉത്തരമേഖലാ വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

നടരാജന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്ലില്‍ നിന്നു ശേഖരിക്കാനും വിജിലന്‍സ് തീരുമാനിച്ചു. ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി: വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചതായാണ് ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കുഞ്ഞനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന നടരാജന്‍, എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 19നും നടരാജന്‍ ഇതേ ആവശ്യം ഉന്നയിച്ചു വിളിച്ചപ്പോള്‍ കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിതു പറയുന്നതെന്നും, വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നുമെല്ലാം നടരാജന്‍ ഇതില്‍ പറയുന്നുണ്ട്. ഈ സംഭാഷണത്തിന്റെ സിഡിയും ചേര്‍ത്താണു (സിഡി മനോരമയ്ക്കു ലഭിച്ചിട്ടുണ്ട്) കുഞ്ഞന്‍ നടരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി: ഹബീബ് റഹ്മാനു റിപ്പോര്‍ട്ട് നല്‍കിയത്.

നടരാജന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ അന്വേഷണത്തിന് അത്യാവശ്യമാണെന്നു വ്യക്തമാക്കിയാണ് എസ്പി: ഹബീബ് റഹ്മാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ നടരാജന്‍ നടത്തുന്ന ശ്രമങ്ങള്‍ അധാര്‍മികവും നിയന്ത്രിക്കപ്പെടേണ്ടതുമാണെന്നു കഴിഞ്ഞ നാലിന് എഴുതിയ കത്തില്‍ എസ്പി വ്യക്തമാക്കി.

കാസര്‍കോട് കേസില്‍ അന്വേഷണം നടത്തുന്ന ഡിവൈഎസ്പിയെ സ്വാധീനിക്കാനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. വിജിലന്‍സ് ആസ്ഥാനത്തു നിന്ന് കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ചോര്‍ത്താനും ശ്രമം നടന്നതായാണു വിവരം. എന്നാല്‍, എസ്പിയും ഡിവൈഎസ്പിയും ഒരു സമ്മര്‍ദത്തിനും വഴങ്ങിയില്ല. ഇതിനിടയിലാണ് അന്വേഷണം ഡിവൈഎസ്പിയില്‍ നിന്നു മാറ്റി, ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം തന്നെയാണു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും വി.എസ്. ഉന്നയിച്ചിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ അച്യുതാനന്ദനാണ് ഒന്നാംപ്രതി. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, മുന്‍ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടി, വി.എസിന്റെ ബന്ധു ടി.കെ. സോമന്‍, വി.എസിന്റെ പിഎ: എ. സുരേഷ് എന്നിവരാണു മറ്റു പ്രതികള്‍. മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്‍. മുരളീധരനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.  

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12580950&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@