Pages

Sunday, November 4, 2012

ഡിവൈഎസ്പിയെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചത് വി.എസിന്റെ നിര്‍ദേശപ്രകാരമെന്നു സര്‍ക്കാര്‍



കൊച്ചി . ഭൂമിദാനക്കേസിന്റെ അന്തിമറിപ്പോര്‍ട്ടില്‍ വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാന്‍വേണ്ടി ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായ മുന്‍ ഡിഐജി നടരാജന്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ ശ്രമിച്ചതു വി.എസിന്റെ നിര്‍ദേശപ്രകാരമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

നടരാജന്‍ കോഴിക്കോട്ടെ നവരത്ന അപ്പാര്‍ട്മെന്റില്‍ 2012 മാര്‍ച്ച് 31നു കുഞ്ഞനെ നേരിട്ടു വിളിച്ചുവരുത്തി പ്രേരണ ചെലുത്തി. പലതവണ മൊബൈല്‍ ഫോണിലും വിളിച്ചു. ബന്ധുവായ ടി.കെ. സോമന് അനര്‍ഹമായി സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസിന്റെ മുഖ്യപങ്കാളിത്തത്തില്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടന്നു. വി.എസിനും മറ്റു പ്രതികള്‍ക്കുമെതിരെ ശക്തമായ തെളിവായി രേഖകളും മൊഴികളുമുണ്ടെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി രേഖാമൂലം അറിയിച്ചു.

ഇടതുഭരണകാലത്ത് വി.എസിന്റെ നോമിനിയായാണ് നടരാജന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ആയത്. നടരാജന്‍ 1999-2000ല്‍ കോഴിക്കോട് റൂറല്‍ എസ്പി ആയിരിക്കെ കുഞ്ഞന്‍ വടകരയിലും കൊയിലാണ്ടിയിലും എസ്ഐ ആയിരുന്നു. 2012 സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ കുഞ്ഞനെ വിളിച്ച് വി.എസിനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞന്‍ വഴങ്ങിയില്ല. വ്യക്തിപരമായ അടുപ്പം മുതലെടുത്ത് കുഞ്ഞനെ സ്വാധീനിക്കാന്‍ ശ്രമിച്ചതു കേസ് ഡയറിയില്‍ വ്യക്തമാണ്. ഇതേക്കുറിച്ചു വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടുണ്ട്.

ഭൂമി പതിച്ചുകിട്ടാന്‍ സോമന്‍ 2006 ജനുവരി 14നു നല്‍കിയ അപേക്ഷയില്‍ സ്വന്തം കൈപ്പടയില്‍ വി.എസിന്റെ  ഭാര്യയുടെയും എഡിഎമ്മിന്റെയും മൊബൈല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ അപേക്ഷ അതിവേഗം മുന്നേറിയതു ഫയല്‍ കുറിപ്പുകളില്‍ വ്യക്തമാണ്. അപേക്ഷ നിശ്ചിത ഫോമില്‍ അല്ലാത്തതിനാല്‍ അപേക്ഷിച്ച ഉടന്‍ തഹസില്‍ദാര്‍ നടപടിയെടുത്തില്ല.

എന്നാല്‍, വി.എസ് മുഖ്യമന്ത്രിയായശേഷം സോമന്‍ വീണ്ടും ആവശ്യം ഉന്നയിച്ചു. വി.എസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടിയെ സമീപിച്ചു. കലക്ടര്‍ക്കു നല്‍കിയ കത്തില്‍ വി.എസുമായി സംസാരിച്ച കാര്യം വ്യക്തമാണ്. ബന്ധുവിനു ഭൂമി കിട്ടാന്‍ വി.എസിന്റെ ഇടപെടല്‍ രേഖയില്‍ നിന്നറിയാം. അപേക്ഷയില്‍ 'എഡിഎം/ഡപ്യൂട്ടി കലക്ടര്‍, വ്യക്തിപരമായി ശ്രദ്ധിക്കണമെന്നു  രേഖപ്പെടുത്തിയിരുന്നു. തഹസില്‍ദാറുടെ  ഫയല്‍ നോട്ടിലും ഇക്കാര്യം മനസ്സിലാകും. 2007 ജൂണ്‍ 27ന് ജില്ലാ കലക്ടര്‍ തഹസില്‍ദാറെ ചര്‍ച്ചയ്ക്കു വിളിച്ചു. കലക്ടര്‍ അനാവശ്യതിടുക്കം കാട്ടിയതും ഫയലില്‍ നിന്നറിയാം.

നിയമപ്രകാരം ബദല്‍ ഭൂമിക്കു വ്യവസ്ഥയില്ലെന്നിരിക്കെ കലക്ടര്‍ നിയമം ലംഘിച്ച് ഇടപെട്ടു. ആദ്യം 1977 ഏപ്രിലില്‍ സ്ഥലം അനുവദിച്ചപ്പോള്‍ പണമടച്ച് ഏറ്റുവാങ്ങിയിരുന്നില്ല.  ആദ്യ അപേക്ഷയ്ക്ക് 29 വര്‍ഷങ്ങള്‍ക്കുശേഷം 2009 ഓഗസ്റ്റ് 22നു സര്‍ക്കാരിനു നല്‍കിയ രണ്ടാം അപേക്ഷയില്‍ യഥാര്‍ഥ വരുമാനം, മറ്റു ഭൂമി തുടങ്ങിയ കാര്യങ്ങള്‍ മറച്ചുവച്ചു. കുടുംബവാര്‍ഷിക വരുമാനം 1,94,400 രൂപയാണെന്നതും, സോമന് ആര്യാട് ഭൂമിയുള്ളതും ഭാര്യക്ക് കോമളപുരത്ത് ഭൂമിയുള്ളതും മറച്ചുവച്ചു. 25 വര്‍ഷത്തേക്കു കൈമാറ്റം പാടില്ലെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കിയതും വി.എസ് നിയമവിരുദ്ധമായി ഇടപെട്ടാണ്. ഇളവ് നിയമാനുസൃതമല്ലെന്നു വിലയിരുത്തി റവന്യു അഡീ. ചീഫ് സെക്രട്ടറിയുടെയും, റവന്യു അഡീ. സെക്രട്ടറിയുടെയും കുറിപ്പുകളുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം. 2012 ജനുവരി 13നാണ് വി.എസിനും മറ്റ് ഏഴു പേര്‍ക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. നാലു മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ 66 സാക്ഷികളുടെ മൊഴിയെടുത്തു. 57 രേഖകള്‍ കണ്ടെടുത്തു. 10 മുഖ്യസാക്ഷികളുടെ കൂടി മൊഴിയെടുക്കാനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.


http://www.manoramaonline.com/cgi-bin/M
MOnline.dll/portal/ep/malayalamContentView.do?contentId=12633243&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

Monday, October 8, 2012

ഭൂമിദാനം: വിഎസിനെ ഒഴിവാക്കാന്‍ വിവരാവകാശ കമ്മിഷണറുടെ സമ്മര്‍ദം

 ജയന്‍ മേനോന്‍

തിരുവനന്തപുരം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട കാസര്‍കോട് ഭൂമിദാനക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥനു മേല്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡിഐജിയുമായ കെ. നടരാജന്‍ സമ്മര്‍ദം ചെലുത്തിയതായി ഒൌദ്യോഗിക റിപ്പോര്‍ട്ട്. നടരാജന്‍ ഡിവൈഎസ്പിയുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ സിഡിയും ഉള്‍പ്പെടുത്തി ഉത്തരമേഖലാ വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

നടരാജന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്ലില്‍ നിന്നു ശേഖരിക്കാനും വിജിലന്‍സ് തീരുമാനിച്ചു. ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി: വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചതായാണ് ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കുഞ്ഞനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന നടരാജന്‍, എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 19നും നടരാജന്‍ ഇതേ ആവശ്യം ഉന്നയിച്ചു വിളിച്ചപ്പോള്‍ കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിതു പറയുന്നതെന്നും, വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നുമെല്ലാം നടരാജന്‍ ഇതില്‍ പറയുന്നുണ്ട്. ഈ സംഭാഷണത്തിന്റെ സിഡിയും ചേര്‍ത്താണു (സിഡി മനോരമയ്ക്കു ലഭിച്ചിട്ടുണ്ട്) കുഞ്ഞന്‍ നടരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി: ഹബീബ് റഹ്മാനു റിപ്പോര്‍ട്ട് നല്‍കിയത്.

നടരാജന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ അന്വേഷണത്തിന് അത്യാവശ്യമാണെന്നു വ്യക്തമാക്കിയാണ് എസ്പി: ഹബീബ് റഹ്മാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ നടരാജന്‍ നടത്തുന്ന ശ്രമങ്ങള്‍ അധാര്‍മികവും നിയന്ത്രിക്കപ്പെടേണ്ടതുമാണെന്നു കഴിഞ്ഞ നാലിന് എഴുതിയ കത്തില്‍ എസ്പി വ്യക്തമാക്കി.

കാസര്‍കോട് കേസില്‍ അന്വേഷണം നടത്തുന്ന ഡിവൈഎസ്പിയെ സ്വാധീനിക്കാനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. വിജിലന്‍സ് ആസ്ഥാനത്തു നിന്ന് കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ചോര്‍ത്താനും ശ്രമം നടന്നതായാണു വിവരം. എന്നാല്‍, എസ്പിയും ഡിവൈഎസ്പിയും ഒരു സമ്മര്‍ദത്തിനും വഴങ്ങിയില്ല. ഇതിനിടയിലാണ് അന്വേഷണം ഡിവൈഎസ്പിയില്‍ നിന്നു മാറ്റി, ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം തന്നെയാണു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും വി.എസ്. ഉന്നയിച്ചിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ അച്യുതാനന്ദനാണ് ഒന്നാംപ്രതി. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, മുന്‍ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടി, വി.എസിന്റെ ബന്ധു ടി.കെ. സോമന്‍, വി.എസിന്റെ പിഎ: എ. സുരേഷ് എന്നിവരാണു മറ്റു പ്രതികള്‍. മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്‍. മുരളീധരനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.  

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12580950&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@