അരുണ്‍കുമാര്‍ അ ഞ്ചുലക്ഷം തട്ടിയെന്ന് പരാതി
പ്രതിപക്ഷനേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരേ വീണ്ടും പരാതി. ബിസിനസ് സംരംഭത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് തന്നില്‍ നിന്ന് അരുണ്‍കുമാര്‍ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിപ്പെട്ട് എഴുകോണ്‍ സ്വദേശി സന്തോഷ് കുമാറാണ് കോടതിയെ സമീപിച്ചത്. നിലം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് അരുണ്‍കുമാര്‍ 70 ലക്ഷം തട്ടിയെന്ന പരാതിയുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സന്തോഷ് മാധവന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അഞ്ചു ലക്ഷത്തിന്റെ പരാതി. പരാതിയുടെ പകര്‍പ്പ് ഓപ്പണ്‍ദന്യൂസിനു കിട്ടി.അരുണ്‍കുമാറിന്റെ ഭാര്യാ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള അക്വാ ഇന്‍ഫോടെക് ഹോളിഡേയ്‌സ്, അക്വാ ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനായ 2002ല്‍ അഞ്ച് ലക്ഷം രൂപ അരുണ്‍കുമാര്‍ വായ്പയായി വാങ്ങിയിരുന്നു. അക്വാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്.പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കിക്കൊടുത്തില്ല. തുടര്‍ന്ന് , പലിത സഹിതം7,70,267 രൂപ ലഭിക്കണം എന്നാവശ്യപ്പെട്ട് 2000 ല്‍ കൊട്ടാരക്കര സബ്‌കോടതിയില്‍കേസ് ഫയല്‍ ചെയ്തു. ഈ തുകയുടെ പത്ത് ശതമാനം കെട്ടിവയ്ക്കാന്‍ തനിക്കു കഴിയാത്തതിനാല്‍ കോടതിയില്‍ നിന്നു വിധി ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പറയുന്നു.അരുണ്‍കുമാറിന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് തന്നെ ഇല്ലാതാക്കുമെന്ന ഭയംകൊണ്ടാണ് കേസുമായി മുന്നോട്ടുപോകാത്തതെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനോട് സന്തോഷ് പറഞ്ഞിരുന്നു. അരുണിന്റെ ഭാര്യ രജനി, ഭാര്യാ പിതാവ് ഡോ. ബാലചന്ദ്രന്‍ എന്നിവരെയും പ്രതിചേര്‍ത്താണ് കേസ് കൊടുത്തിരിക്കുന്നത്.