വിവാഹ രജിസ്ട്രേഷന്‍ എന്ന പീഡനം
സര്‍ക്കാരിണ്റ്റെ വിവാഹ രജിസ്ട്രേഷന്‍ നിയമം അക്ഷരാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്ക് പീഡനമായി ഭവിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ചട്ടം കേരള രജിസ്ട്രേഷന്‍ ഓഫ് മാര്യേജസ് (കോമണ്‍) സര്‍ക്കാര്‍ പുറത്തിറക്കിയത് ൨൦൦൮ ഫെബ്രുവരി ൨൯-ന് ആയിരുന്നു. ഈ നിയമം വന്നതിന് ശേഷമുള്ള എല്ലാ വിവാഹങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തുവരുന്നുമുണ്ട്. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുംമുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല എന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറയുന്നുണ്ടെങ്കിലും ൨൦൦൮ ഫെബ്രുവരി ൨൯-ന് മുമ്പ് വിവാഹിതരായ ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ൨൫൦ രൂപ പിഴയൊടുക്കണമെന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഈ ഇരട്ടത്താപ്പാണ് മനസ്സിലാവാത്തത്. പുറമെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്ന പ്രായമായ ദമ്പതികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വേറെയും. വാര്‍ദ്ധക്യകാലത്ത് സ്വസ്ഥമായി കഴിയേണ്ട ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക് സര്‍ക്കാര്‍ അറിഞ്ഞ് നല്‍കുന്ന പീഡനവുംകൂടിയാണിത്. കല്യാണം കഴിഞ്ഞ് ഇരുപതും മുപ്പതും വര്‍ഷം കഴിഞ്ഞവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം നടത്തിയത് സംബന്ധിച്ചുള്ള രേഖകളുമായി കാത്തുകെട്ടി കിടക്കുന്ന ദയനീയ കാഴ്ച ഈ സര്‍ക്കാര്‍ അസംഘടിതരായ പൊതുജനത്തോട് ചെയ്യുന്ന ക്രൂരതയാണ്. കുട്ടികളും പേരകുട്ടികളുമായവര്‍ തപ്പിത്തടഞ്ഞ് പണ്ടത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അഭൂതപൂര്‍വ്വമായ തിരക്കില്‍ ഊഴംകാത്ത് നില്‍ക്കുന്നത് പല പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കാണാം. ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഡിസംബര്‍ ൩൧ വരെ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത് ൨൦൦൮ ഫെബ്രുവരി ൨൯ മുതല്‍ ആണെന്നും അതിന് മുമ്പ് വിവാഹിതരായവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും സര്‍ക്കാര്‍ പറയുമ്പോള്‍തന്നെ വിദേശത്തുപോകാനോ മറ്റ് നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ തെളിവ് ഹാജരാക്കുവാനോ വിവാഹ രജിസ്ട്രേഷന്‍ അനിവാര്യമാണെന്നും പറയുന്നു. ഇതിലെ യുക്തി എന്താണ്? ഇത്തരമൊരു നിയമം ഉണ്ടാകുന്നതിന് മുമ്പ് മതസ്ഥാപനങ്ങള്‍ വഴിയും മത മേലദ്ധ്യക്ഷന്‍മാര്‍ മുഖേന നടത്തിയതുമായ വിവാഹങ്ങള്‍ അതത് സ്ഥാപനങ്ങള്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ പോലുള്ള നിയമപരമായ ആവശ്യങ്ങള്‍ക്ക് അംഗീകരിക്കപ്പെട്ടിരുന്നു. പള്ളികളിലും ചര്‍ച്ചുകളിലും ക്ഷേത്രങ്ങളിലും രേഖപ്പെടുത്തിയ വിവാഹങ്ങള്‍ എന്തുകൊണ്ട് മേലിലും ഔദ്യോഗിക രേഖയായി സര്‍ക്കാരിന് അംഗീകരിച്ചുകൂടാ. ഇതിണ്റ്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അജണ്ട വിവാഹ ഓഫീസര്‍മാരുടെ മുമ്പില്‍ നടക്കുന്ന വിവാഹങ്ങള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍പ്പെടുത്തി എന്നതാണ്. ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട എന്ന് പറയുകയും മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പറയുമ്പോള്‍ മതമില്ലാത്ത ജീവന്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ഇതിന് പിന്നില്‍ ഇല്ലേ. മിശ്രവിവാഹങ്ങള്‍ വിഭിന്ന മതസ്ഥരായിരിക്കുമല്ലോ നടത്തുക. അതേപോലെ രജിസ്റ്റര്‍ വിവാഹങ്ങളും ഈ ഗണത്തില്‍പ്പെട്ടവരുടെ ഇടയില്‍ തന്നെയാണ് അധികവും ഉണ്ടാകുന്നത്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുവാനും മതാചാരപ്രകാരം നടത്തുന്ന വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുവാനുമുള്ള ഒരു ഗൂഢതന്ത്രവുംകൂടി ഈ നിയമത്തിണ്റ്റെ പിന്നിലുണ്ടോ. ഈ നിയമത്തെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കുതന്നെ വേണ്ടത്ര പരിജ്ഞാനമില്ല എന്നതാണ് ഖേദകരമായ മറ്റൊരു വസ്തുത. പ്രായമായ ദമ്പതികളെ നിയമത്തിണ്റ്റെ കാഠിന്യം പറഞ്ഞ് പേടിപ്പിക്കുകയും ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കുന്ന നടപടി ദുഷ്കരമാക്കുകയും ചെയ്യുന്നു. തെളിവ് രേഖകളുടെ സമര്‍പ്പണത്തെക്കുറിച്ചും ഇത് സമ്പാദിക്കേണ്ടുന്നതിനെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുതന്നെ വേണ്ടത്ര വിവരമില്ല. രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിലും സാക്ഷികളെ സംബന്ധിച്ച നിലപാടും എന്തായിരിക്കണമെന്നതിനെക്കുറിച്ചും പലവിധത്തിലുള്ള വിശദീകരണങ്ങളാണ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്നത്. രജിസ്ട്രേഷന്‍ നടത്തുന്ന വേളയില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുണ്ടായിരിക്കണമെന്ന നിബന്ധനയും അപേക്ഷകരെ പ്രയാസപ്പെടുത്തുന്നതാണ്. അമ്പത് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികളില്‍ പലരും ഇപ്പോഴും ആരോഗ്യത്തോടെ കഴിയുന്നുണ്ടായിരിക്കുമെന്നായിരിക്കും സര്‍ക്കാര്‍ ധരിച്ചിട്ടുണ്ടാവുക. രോഗംകൊണ്ട് കിടപ്പിലായ ഭര്‍ത്താവിനെയോ ഭാര്യയേയോ എങ്ങനെയാണ് രജിസ്ട്രേഷന്‍ മേശക്ക് മുമ്പാകെ ഹാജരാക്കുക. ചുരുക്കത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നതുതന്നെ മത മേലദ്ധ്യക്ഷന്‍മാര്‍ മുഖേന നടത്തുന്ന വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുവാനും മിശ്രവിവാഹങ്ങളെയും രജിസ്റ്റര്‍ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുവാനുമുള്ളതാണ്. അല്ലെങ്കില്‍ ഇതുവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അംഗീകരിച്ചുപോന്ന മതസ്ഥാപനങ്ങള്‍ വഴിയുള്ള വിവാഹങ്ങള്‍ക്ക് എന്തായിരുന്നു അപാകതയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.