Pages

Wednesday, March 31, 2010

ci.പി. എമ്മിണ്റ്റെ ആഡംബര സമരങ്ങള്‍ ചോരയും വിയര്‍പ്പും ഒഴുക്കി രണാങ്കണങ്ങളില്‍ പൊരുതി മരിച്ച ധീര സഖാക്കളുടെ സ്മരണകള്‍ വില്‍പനച്ചരക്കാക്കികൊണ്ടുള്ള നൂതന പ്രവര്‍ത്തന ശൈലിയാണ്‌ പുതിയ കാലത്ത്‌ സി.പി.എം. പരീക്ഷിക്കുന്നത്‌. കവലകളിലെ യോഗങ്ങളില്‍ മരിക്കാന്‍ ഞങ്ങള്‍ക്ക്‌ മനസ്സില്ല. സഖാക്കളെ മുന്നോട്ട്‌.... ബലികുടീരങ്ങളെ സ്മരണകളിരമ്പും രണ സ്മാരകങ്ങളെ... തുടങ്ങിയ പണ്ടത്തെ വിപ്ളവ ഗാനങ്ങള്‍ കേള്‍പ്പിച്ച്‌ സഖാക്കളെ ഉഷാറാക്കുകയും പിന്നാമ്പുറങ്ങളില്‍ രമ്യഹര്‍മ്മ്യങ്ങള്‍, ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍, വാട്ടര്‍തീം പാര്‍ക്കുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ ഫുട്ബാള്‍ മേളകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ച്‌ ആഡംബര പൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും. ഇതാണിപ്പോഴത്തെ സി.പി.എമ്മിണ്റ്റെ കോര്‍പ്പറേറ്റ്‌ രാഷ്ട്രീയ പ്രവര്‍ത്തനം. എല്ലാം കോര്‍പ്പറേറ്റ്‌ മയമായതോടെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല സമരങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും സി.പി.എം. ഇതേ ശൈലിയില്‍ രൂപപ്പെടുത്തുവാന്‍ തുടങ്ങിയിരിക്കുകയാണ്‌. തൊഴിലാളിയുടേയും കര്‍ഷകണ്റ്റേയും കൂടെ നില്‍ക്കുക എന്ന തത്വം പാര്‍ട്ടി എന്നേ ഉപേക്ഷിച്ചതാണ്‌. ലോട്ടറി രാജാക്കന്‍മാരും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരും വന്‍കിട ഭൂവുടമകളുമാണ്‌ പാര്‍ട്ടി സഹയാത്രികര്‍ ഇന്ന്‌. നിലപാടുകള്‍ മാറുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന അണികളെ സമാശ്വസിപ്പിക്കാനും പാര്‍ട്ടി ബാധ്യസ്ഥമാണ്‌. അതിനായി ഇടക്കിടെ സമരങ്ങള്‍ നടത്തേണ്ടിവരുന്നു. പഴയ ചൂടും ചൂരും നഷ്ടപ്പെട്ട സമരങ്ങളെ പുനരുജ്ജീവിപ്പിക്കാനാവില്ല എന്ന്‌ പാര്‍ട്ടി നേതൃത്വത്തിനറിയാം. മാറുന്ന കാലത്തിനനുസരിച്ച്‌ പാര്‍ട്ടിയുടെ ആസ്തികള്‍ പെരുകുന്നതിനനുസരിച്ചുമുള്ള സമരമുറകള്‍ മാത്രമാണ്‌ ഇപ്പോള്‍ ആവിഷ്ക്കരിക്കുന്നത്‌. അത്‌ തന്നെ സമയവും സന്ദര്‍ഭവുമൊത്ത്‌ വരികയാണെങ്കില്‍ മാത്രം. പി.ബി. തീരുമാനിച്ചാലും ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യക്ക്‌ സമയവും സൌകര്യവുമുണ്ടെങ്കില്‍ മാത്രമേ ഈ സമരങ്ങളും പച്ചപിടിക്കൂ. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പാര്‍ട്ടി അണികളെ സടകുടഞ്ഞെഴുന്നേല്‍പ്പിക്കുവാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും അനിവാര്യമായിവരുന്നു. സംസ്ഥാനം ഭരിക്കുന്നത്‌ ഇടതുപക്ഷമാണെങ്കിലും ഇത്തരം "കണ്ണില്‍ പൊടിയിടല്‍" സമരം മുറക്ക്‌ നടത്തേണ്ടതുണ്ട്‌. ഇതിണ്റ്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞാഴ്ച ദേശവ്യാപകമായി നേഷണല്‍ ഹൈവേ ബ്ളോക്ക്‌ ചെയ്ത്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുമ്പില്‍ അഞ്ച്‌ നാള്‍ നീണ്ടുനിന്ന സമരം നടത്തിയത്‌. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ്‌ സമരമെന്ന്‌ പുറമേക്ക്‌ പറഞ്ഞിരുന്നുവെങ്കിലും വരാനിരിക്കുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ സമരം. നേഷണല്‍ ഹൈവേകളില്‍ കല്യാണപന്തല്‍ ഒരുക്കുന്നതുപോലെ അലംകൃതമായ ഷാമിയാനകളും ചമയങ്ങളും ഉയര്‍ത്തി ചുവന്ന കസേരകളില്‍ ഉപവിഷ്ഠരായി സഖാക്കള്‍ വിലക്കയറ്റത്തിനെതിരെ അഞ്ച്‌ ദിവസം നീണ്ട്നിന്ന സമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ട സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കി എന്നതൊഴിച്ചാല്‍ ഈ സമരംകൊണ്ട്‌ ഇടത്‌ മുന്നണി പ്രത്യേകിച്ച്‌ സി.പി.എം. ഒന്നും നേടിയില്ല. പൊതു സമൂഹത്തില്‍ നിന്നും പാര്‍ട്ടി കുറേകൂടി അകന്നുവെന്ന്‌ മാത്രം. വമ്പിച്ച ജനരോഷത്തിനിരയായ ഈ ആഡംബര സമരം അങ്ങനെ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സമര പ്രഖ്യാപനം. വിഷയം വിലക്കയറ്റം തന്നെ. വില കുറക്കുവാന്‍ കേന്ദ്രം തരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം കരിഞ്ചന്തക്കാരെപ്പോലെ പുറമേക്ക്‌ വില്‍ക്കുന്ന കേരളത്തിലെ ഇടത്‌ സര്‍ക്കാറിണ്റ്റെ തനിനിറം കേരള ജനത കണ്ടതാണ്‌. എന്നിട്ട്‌ വീണ്ടും യാതൊരു ലജ്ജയുമില്ലാതെ സമരത്തിനിറങ്ങിയിരിക്കയാണിപ്പോള്‍. നേരത്തെ സമരത്തിനിട്ട പേര്‌ ജയില്‍ നിറക്കല്‍ എന്നായിരുന്നുവെങ്കില്‍ പി.ബി.യില്‍ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ സമരം പിക്കറ്റിംഗ്‌ ആയി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്‌. ഏപ്രില്‍ എട്ടിനാണ്‌ രാജ്യവ്യാപകമായി ഈ ആഡംബര സമരവും അരങ്ങേറുക. നേരത്തെ തന്നെ സമരങ്ങള്‍ക്ക്‌ മൊറോട്ടോറിയം പ്രഖ്യാപിച്ച, ഐ.ടി. മേഖലയില്‍ ബന്ദ്‌ നിരോധിച്ച ബംഗാള്‍ സര്‍ക്കാറിണ്റ്റെ അട്ടിമറിയെ തുടര്‍ന്നാണ്‌ ജയില്‍ നിറക്കല്‍ പിക്കറ്റിംഗിലേക്ക്‌ മാറിയത്‌. കേരളത്തിലും ബംഗാളിലും സഖാക്കള്‍ക്ക്‌ നിറക്കാന്‍ ജയിലുകള്‍ മതിയാകുന്നില്ല എന്നതാണ്‌ പ്രകാശ്‌ കാരാട്ട്‌ നിരത്തുന്ന ന്യായം. അപ്പോള്‍ നേരത്തെ ഈ തിരിച്ചറിവ്‌ ഉണ്ടായിരുന്നില്ലേ. ബംഗാളിലും കേരളത്തിലും സി.പി.എം. സമരത്തിണ്റ്റെ പാലം വലിച്ചതോടെ എട്ടിന്‌ നടക്കുന്ന "കാട്ടിക്കൂട്ടല്‍" സമരം മറ്റൊരു ആഡംബര പ്രകടനമായി മാറും. ഇടതുപക്ഷം ഭരിക്കുക ഇടതുപക്ഷം തന്നെ സമരം ചെയ്യുക. ഇടതുപക്ഷ സര്‍ക്കാറിണ്റ്റെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുക. എന്തൊരു സുഖമാണീ സമരങ്ങള്‍ക്ക്‌. പി.ബി. ഒരു തീരുമാനമെടുക്കും ബംഗാള്‍ ഭരണകൂടം പ്രത്യേകിച്ച്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ മറ്റൊരു തീരുമാനമെടുക്കും. ഒടുവില്‍ അത്‌ അംഗീകരിക്കപ്പെടും. ഇതാണ്‌ കൂറേക്കാലമായി സി.പി.എമ്മില്‍ നടന്നുവരുന്നത്‌. സീതാറാം യെച്ചൂരി പറയുന്നതാണ്‌ സി.പി.എമ്മിന്‌ ഇന്ന്‌ വേദവാക്യം. പ്രകാശ്‌ കാരാട്ടിണ്റ്റെ പ്രകാശം നാള്‍ക്കുനാള്‍ അണഞ്ഞുകൊണ്ടിരിക്കുന്നു. അമിതാബ്‌ ബച്ചനെ കേരള സര്‍ക്കാര്‍ ബ്രാന്‍ഡ്‌ അംബാസഡറാക്കാന്‍ പാടില്ലെന്ന്‌ പറഞ്ഞത്‌ സി.പി.എം. സെക്രട്ടറി പ്രകാശ്‌ കാരാട്ടല്ല സീതാറാം യെച്ചൂരിയാണ്‌. തല നില്‍ക്കുമ്പോള്‍ വാല്‌ ആടുന്ന സ്ഥിതിവിശേഷമാണ്‌ സി.പി.എമ്മില്‍ ഇപ്പോള്‍. വിശ്വാസ്യത നഷ്ടപ്പെടുന്ന സി.പി.എം. നിലനില്‍പ്പിന്‌ വേണ്ടി നടത്തുന്ന ഓരോ സമരങ്ങളും പ്രക്ഷോഭങ്ങളും ജനങ്ങളുടെ രോഷത്തിനിരയാവുന്നു എന്നാണ്‌ വസ്തുത. യാതനാ നിര്‍ഭരമായ ജീവിതം നയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ആലംബഹീനരുടേയും അശരണരുടേയും പ്രതീക്ഷാനാളമായി ഉയരേണ്ട പ്രക്ഷോഭങ്ങളെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ദുരുപയോഗപ്പെടുത്തി എന്നതാണ്‌ സി.പി.എമ്മിണ്റ്റെ തകര്‍ച്ചയുടെ നിദാനം. ഏപ്രില്‍ എട്ടിന്‌ നടക്കുന്ന പിക്കറ്റിംഗ്‌ സമരവും ആഡംബര പൂര്‍ണ്ണമായിരിക്കും. പണ്ടത്തെ ഒരു പരസ്യ വാചകം ഇനി മാറ്റി പറയാം. ആഡംബരത്തിണ്റ്റെ അവസാന വാക്ക്‌: സി.പി.എം. സമരങ്ങള്‍.

No comments:

Post a Comment