Pages

Wednesday, March 31, 2010

നാലുവര്‍ഷം പിന്നിട്ട സി.പി.എമ്മിണ്റ്റെ ഭരണ വൈകൃതം മുന്നണി ഘടകകക്ഷികളിലോ അവയുടെ പോഷക സംഘടനകളിലോ മാത്രമല്ല കേരള പോലീസിണ്റ്റെ മനോഘടനയിലും നിറഞ്ഞു നില്‍ക്കുന്നതായി വര്‍ത്തമാന റിപ്പോര്‍ട്ടുകള്‍തന്നെ പറയുന്നു. നിലമ്പൂറ്‍ എടക്കരയില്‍ മാര്‍ക്സിസ്റ്റ്‌ വനിതാ മെമ്പറുടെ അനധികൃത മണല്‍ കടത്തിനെക്കുറിച്ച്‌ ഒന്നന്വേഷിച്ചുവെന്ന തെറ്റിന്‌ എടക്കര- പോത്തുകല്‍ എസ്‌.ഐ. സി.എന്‍. സുകുമാരന്‌ നല്‍കേണ്ടിവന്ന വില വളരെ കടുത്തതാണ്‌. ഡി.വൈ.എഫ്‌.ഐ. ജോയിണ്റ്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്‌ പാരമ്പര്യ സഖാവായ എസ്‌.ഐ. കുടുംബത്തിണ്റ്റെ അത്താഴം മുടക്കുന്ന പാതകം അരങ്ങേറിയത്‌. ഈ സംഭവത്തിനും മുമ്പ്‌ ഇതേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പോലീസുകാരെ ഒന്നടങ്കം പിണറായി ശൈലിയില്‍ തെറിയഭിഷേകം ചെയ്ത യുവ സഖാവിണ്റ്റെ നേതൃത്വത്തിലുള്ള സതീര്‍ത്ഥ്യ സഖാക്കള്‍ക്ക്‌ ചായസല്‍ക്കാരം നടത്തിയതും എസ്‌.ഐ. തന്നെയായിരുന്നു. പക്ഷേ ഇരയുടെ കീഴടങ്ങല്‍ ഒരുപാട്‌ കണ്ട പാര്‍ട്ടി വിപ്ളവകാരികള്‍ക്ക്‌ എസ്‌.ഐ.യെ രക്ഷപ്പെടാന്‍ അനുവദിക്കാതെ മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കാന്‍ ഇതൊന്നും പ്രതിബന്ധമായില്ല. വയനാട്ടിലടക്കം ആദിവാസി ക്ഷേമസമിതിയെന്ന പേരില്‍ രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ ദളിതുകളെ ഉപയോഗിച്ച്‌ ലാഭംകൊയ്യുന്ന "ദളിത്‌ സംരക്ഷകര്‍" അതേ ദളിത്‌ വിഭാഗത്തില്‍പ്പെട്ട ഒരു നിയമപാലകനെ ആ സമൂഹത്തിണ്റ്റെ സ്വത്വബോധത്തെപ്പോലും വ്രണപ്പെടുത്തുന്ന രീതിയില്‍ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുന്നു. ഇതാകട്ടെ നിയമ വൃത്തത്തിനുള്ളിലെ ഒരു ചെറിയ കാര്യം ചെയ്യാന്‍ ശ്രമിച്ചുവെന്നതിണ്റ്റെ പേരിലും! സംഭവവുമായി ബന്ധപ്പെട്ട ദൃക്സാക്ഷികളായ പോലീസുകാരെപ്പോലും വിശ്വാസത്തിലെടുക്കാന്‍ അന്വേഷണത്തിന്‌ നിയുക്തനായ ഡി.വൈ.എസ്‌.പി.യോ - ഇതു സംബന്ധമായി പ്രതികരിക്കാന്‍ കേരള പോലീസ്‌ അസോസിയേഷനോ തയ്യാറായില്ലെയെന്നതാണ്‌ വാസ്തവം. ഇതത്രയും നടക്കുന്നത്‌ കേരളം പോലെയുള്ള സംസ്ഥാനത്താണ്‌. ഭരണത്തിലേറിയ നാള്‍തൊട്ട്‌ പോലീസുകാര്‍ക്ക്‌ പാര്‍ട്ടി ഓഫീസുകളില്‍നിന്ന്‌ വ്യാപകമായി ലെനിനിസവും സ്റ്റാലിനിസവും പകര്‍ന്നു നല്‍കുന്നതിണ്റ്റെ ഗുണഫലം കേരളമങ്ങോളമിങ്ങോളം കണ്ടുകൊണ്ടിരിക്കുന്നു. മാര്‍ക്സിസ്റ്റ്‌ അനുബന്ധ സംഘടനകളെ കാണുമ്പോള്‍ നിഷ്ക്രിയരായ്‌ മാറുന്ന അല്ലെങ്കില്‍ മാറ്റപ്പെടുന്ന കേരള പോലീസിണ്റ്റെ ചിത്രം ഇതിണ്റ്റെ ഉത്തമ നിദര്‍ശനമാണ്‌. കേരള പോലീസിണ്റ്റെ മനോനിലയെ ഡി.വൈ.എഫ്‌.ഐ. അവരുടേത്‌ മാത്രമാക്കി ഹിപ്പ്നോട്ടൈസ്‌ ചെയ്തു വെച്ചിരിക്കുന്നുവെന്നതാണ്‌ സത്യം. തന്നിമിത്തമുണ്ടാകുന്ന അസംഖ്യം പ്രശ്നങ്ങള്‍ നീതിയുടെ സംരക്ഷകരായ പോലീസ്‌ അക്കാദമിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെപ്പോലും തകര്‍ത്തുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ ൧൪-ന്‌ പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സി.ഐ. ഓഫീസ്‌ ഡ്രൈവറും ഹെഡ്കോണ്‍സ്റ്റബിളും തമ്മില്‍ നടന്ന വാക്തര്‍ക്കം പോലീസ്‌ കൂട്ടത്തല്ലില്‍ കലാശിച്ചതിന്‌ ജനങ്ങളും സാക്ഷിയായി. ഇതേ സ്റ്റേഷനിലെതന്നെ പഴയ സി.ഐ. ഓഫീസിന്‌ സമീപം മദ്യപാനം നടക്കുന്നതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. അതിണ്റ്റെ രണ്ട്‌ ദിവസങ്ങള്‍ക്കുമപ്പുറം കോഴിക്കോട്‌ ഹോട്ടല്‍ സാഗറിലെ മൊബൈല്‍ ക്യാമറ കണ്ടെത്തിയ യുവതിയോടൊപ്പം പരാതി ബോധിപ്പിക്കാന്‍ചെന്ന ബന്ധുവായ യുവാവിനെ പോലീസ്‌ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചവശനാക്കിയതും വിവാദമായതാണ്‌. ഇത്തരം ക്രിമിനല്‍ വൈകല്യങ്ങള്‍ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെണ്റ്റ്‌ തലത്തില്‍നിന്നുമുണ്ടാകുന്ന ചെറിയ താക്കീതുകള്‍പോലും ഭരണത്തിണ്റ്റെ പേറ്റണ്റ്റ്‌ ഏറ്റെടുത്തവര്‍ ഇടപെട്ട്‌ ഇല്ലാതാക്കി തീര്‍ക്കുന്നുവെന്നതാണ്‌ വിരോധാഭാസം. ഇവ്വിധം നിയമ പാലക സംവിധാനത്തെ തങ്ങളുടെ "ബി- ടീമാക്കി" മാറ്റിയവരില്‍നിന്ന്‌ മറ്റൊന്ന്‌ പ്രതീക്ഷിക്കുന്നതാണ്‌ തെറ്റ്‌. പോലീസ്‌ മാന്വല്‍ പ്രകാരം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ വിലക്കേര്‍പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നിരിക്കേ കോട്ടയം പാര്‍ട്ടി ഓഫീസില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ക്ളാസില്‍ പങ്കെടുത്തവരാണ്‌ പോലീസുകാര്‍. ഇത്‌ സംബന്ധമായി ൨൦൦൮ നവംബര്‍ ൧-ന്‌ ഐ.ജി. വിന്‍സ്റ്റണ്‍പോള്‍ കുറ്റക്കാരനായി കണ്ടെത്തി റിപ്പോര്‍ട്ട്‌ നല്‍കിയവര്‍ക്കെതിരെയും നടപടിയെടുത്തതായി വ്യക്തമല്ല. ലോക്സഭാ തെരഞ്ഞെടുപ്പ്‌ തോല്‍വിയില്‍നിന്നും ശ്രദ്ധയകറ്റാന്‍ സി.പി.എമ്മും പോലീസും ഒത്തുചേര്‍ന്ന വിഭാവിത പദ്ധതിയുടെ ക്ളൈമാക്സായിരുന്നു ആറോളം മുസ്ളിം യുവാക്കള്‍ വെടിയേറ്റുമരിച്ച ബീമാപള്ളി സംഭവം. ഇതിനെ വര്‍ഗ്ഗീയതയുമായി കൂട്ടിക്കെട്ടാന്‍ പോലീസ്‌ നടത്തിയ ശ്രമം തദ്ദേശീയര്‍തന്നെ തള്ളിക്കളഞ്ഞപ്പോള്‍ സ്വയം രക്ഷക്കുവേണ്ടി വെടിവെച്ചുകൊന്നുവെന്ന പരിഹാസ്യ വാദവുമായി പിടിച്ചുനില്‍ക്കുകയായിരുന്നു പോലീസ്‌. ബലാല്‍സംഗമടക്കം സംഭവിച്ച നന്ദിഗ്രാം പോലീസ്‌ ട്രാജഡിയും സ്വയം രക്ഷക്കുവേണ്ടിയാണെന്ന്‌ ന്യായീകരിച്ച ഗവണ്‍മെണ്റ്റ്‌, ബീമാപള്ളി വിഷയത്തിലും താല്‍ക്കാലികമായി നാല്‌ പോലീസ്‌ ഓഫീസര്‍മാരെ സസ്പെണ്റ്റ്‌ ചെയ്ത്‌ മുഖം രക്ഷിക്കുകയാണുണ്ടായത്‌. സസ്പെന്‍ഷന്‍ കാലാവധി തീരുംമുമ്പുതന്നെ ക്രൈംബ്രാഞ്ചിലും സ്പെഷ്യല്‍ ബ്രാഞ്ചിലുമൊക്കെയായി ഉന്നത തസ്തികകളില്‍ വീണ്ടും നിയമിതരായി. സമാനതയുള്ള മറ്റൊരു തിരക്കഥയുടെ അവതരണമാണ്‌ എസ്‌.പി. രാംദാസ്‌ പോത്തണ്റ്റെ റിവോള്‍വറില്‍നിന്ന്‌ കാസര്‍ക്കോട്ടും മുഴങ്ങിക്കേട്ടത്‌. അവസാനം തിരൂരിലെ ഉണ്യാലിലും വിഭാഗീയത കത്തിക്കാന്‍ സി.പി.എമ്മും പോലീസും ഇന്ധനവുമന്വേഷിച്ച്‌ നടന്നു. പക്ഷേ മതസംഘടനകള്‍ കാണിച്ച അത്യപൂര്‍വ്വമായ സൌഹാര്‍ദ്ദത്തില്‍ തട്ടി അത്‌ തകരുകയാണുണ്ടായത്‌. ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെ ഗാര്‍ഡിയന്‍മാരായി മന്ത്രിപുത്രന്‍മാര്‍തന്നെ മുന്നില്‍ വരുമ്പോള്‍ കണ്ണടച്ചുപിടിക്കണമെന്ന പാര്‍ട്ടി ആഹ്വാനം തിരസ്കരിക്കാന്‍ കഴിയില്ലല്ലോ അനുസരണയുള്ള ഡിപ്പാര്‍ട്ട്മെണ്റ്റ്‌ പുലികള്‍ക്ക്‌. സ്വപുത്രനെയും ടോട്ടല്‍ ഫോര്‍ യൂ (ഫെയിം) ശ്രീമതി പുത്രനെയുമൊക്കെ ഉറുമ്പരിക്കാതെ കാക്കാന്‍ പോലീസ്‌ സംവിധാനംതന്നെ ഉടച്ചുവാര്‍ത്ത വാത്സല്യ പിതാവാണ്‌ ആഭ്യന്തരമന്ത്രി. ൨൦൦൯-ല്‍ നടന്ന മുത്തൂറ്റ്‌ പോള്‍ വധം വഴിത്തിരിവിലെത്തിക്കാന്‍ കേരള പോലീസിന്‌ കഴിയാതെ പോയി. ഒരു ഉപതെരഞ്ഞെടുപ്പ്‌, നീതിയുക്തമായി നടക്കണമെങ്കില്‍വരെ കേന്ദ്രസേന വരേണ്ട സ്ഥിതിവിശേഷം സംസ്ഥാന പോലീസ്‌ ഫോഴ്സിണ്റ്റെ ദുര്‍ബലതക്കുദാഹരണമാണ്‌. ഇത്തരം ദൌര്‍ബല്യങ്ങളുടെ നിഴലിലാണ്‌ തീവ്രചിന്തകളും കൊഴുത്തു തടിച്ചത്‌. തീവ്രവാദികള്‍ക്ക്‌ സംസ്ഥാനമൊട്ടുക്കും വ്യാപരിക്കാന്‍ ഭരണ പോലീസ്‌ അനാസ്ഥമൂലം സാദ്ധ്യമായി. ൯൯ ഏപ്രിലില്‍ നടന്ന നായനാര്‍ വധശ്രമമടക്കം കേസ്സുകള്‍ നിഗൂഢവല്‍ക്കരിക്കപ്പെടുകയും കുറ്റപത്രം നല്‍കാന്‍ കാലവിളംബമെടുക്കുകവഴി രണ്ടാംപ്രതി നസീറിന്‌ ജാമ്യം തരപ്പെടുത്തുകയും ചെയ്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടും ജാമ്യം റദ്ദാക്കാനോ അറസ്റ്റ്‌ ചെയ്യാനോ സര്‍ക്കാര്‍ അന്നും തയ്യാറായില്ല. തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌. കേസ്സ്‌ ക്രൈംബ്രാഞ്ചിന്‌ വിടുകയും ൨൦൦൫-ല്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കുകയും ചെയ്തു. ൨൦൦൬-ല്‍ വീണ്ടും എല്‍.ഡി.ഫ്‌. ഗവണ്‍മെണ്റ്റ്‌ ആണ്റ്റ്‌ ടെററിസ്റ്റ്‌ സ്ക്വാഡിന്‌ അന്വേഷണമേല്‍പ്പിക്കാനെന്ന വ്യാജേന കുറ്റപത്രം കോടതിയില്‍നിന്നും തിരികെ വാങ്ങുകയും യാതൊരന്വേഷണത്തിനും തയ്യാറാവാതെ ൨൦൦൮-ല്‍ അതേ കുറ്റപത്രം കോടതിക്ക്‌ മടക്കി നല്‍കുകയും ചെയ്തു. ഇതുമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങളത്രയും വ്യക്തമാക്കപ്പെടാതെ പോവുകയാണുണ്ടായത്‌. ലഷ്കറെ ത്വയ്ബക്ക്‌ രാജ്യത്തെമ്പാടുമായി പത്തോളം കേന്ദ്രങ്ങളുണ്ടെന്നാണ്‌ തടിയണ്റ്റവിട നസീറിണ്റ്റേതായി ഒടുവില്‍വന്ന വെളിപ്പെടുത്തല്‍. ഒരുപക്ഷേ ബംഗ്ളാദേശ്‌ റൈഫിള്‍സിണ്റ്റെ വലയില്‍ നസീര്‍ കുരുങ്ങിയില്ലായിരുന്നുവെങ്കില്‍ ആഭ്യന്തര വകുപ്പിണ്റ്റെയും പോലീസിണ്റ്റെയും അനുഗ്രഹാശിസ്സുകളോടെ അത്രയും കേന്ദ്രങ്ങള്‍ ലഷ്കറിന്‌ കേരളത്തില്‍ മാത്രമുണ്ടാകുമായിരുന്നു. മൃദുമനോഭാവം, ഉറച്ച പ്രവര്‍ത്തനം എന്ന സ്ഥാപിത പ്രമാണത്തിലേക്ക്‌ കേരള പോലീസിനെ മടങ്ങാനനുവദിക്കാത്ത അധികാര വാക്യങ്ങളുള്ളിടത്തോളം കാലം സൌഹാര്‍ദ്ദ സദസ്സുകളടക്കമുള്ള പരിഷ്കരണങ്ങളത്രയും പ്രഹസനങ്ങളായേ ഭവിക്കൂ.

No comments:

Post a Comment