Pages

Saturday, August 6, 2011

വി.എസിന്‍റെ മകനെതിരേ CBI

വി.എസിന്‍റെ മകനെതിരേ CBI


ലോട്ടറിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍ കുമാറിന്‍റെ പങ്ക് കൂടി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിവാദ സ്വാമി സന്തോഷ് മാധവന്‍റെ പരാതിയില്‍ വി.എ. അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണവും തുടങ്ങി. വിജിലന്‍സ് എഡിജിപി ശങ്കര്‍ റെഡ്ഡി നേരിട്ടാണ് ഈ അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ്.



വൈക്കം വടയാറില്‍ ഭൂമി നികത്താന്‍ അനുമതി വാങ്ങുന്നതിന് അരുണ്‍ കുമാറും മുന്‍ ഗവണ്‍മെന്‍റ് പ്ലീഡറും ചേര്‍ന്ന് 80 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സന്തോഷ് മാധവന്‍ ജയിലില്‍ നിന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. 120 ഏക്കര്‍ പാടം നികത്തുന്നതിന് അനുമതി വാങ്ങി നല്‍കുന്നതിന് അരുണ്‍ കുമാറിന് 70 ലക്ഷം രൂപയും ഗവണ്‍മെന്‍റ് പ്ലീഡര്‍ക്കു 10 ലക്ഷം രൂപയും നല്‍കിയെന്നാണ് ആരോപണം.



പാടം നികത്തുന്നതിന് അനുമതി വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നു പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്നെ കേസില്‍ കുടുക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സാധാരണ ഇത്തരം പരാതികള്‍ ഏതെങ്കിലും ജില്ലാ യൂണിറ്റാണ് അന്വേഷിക്കുന്നത്. ഈ പരാതി എഡിജിപി നേരിട്ട് അന്വേഷിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് ഈ നിര്‍ദേശം നല്‍കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍.



ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റ് പ്രകാരമാണു ലോട്ടറിക്കേസിലെ പുതിയ വിജ്ഞാപനം. നേരത്തേ, സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിരുന്ന 32 കേസുകള്‍ വിജ്ഞാപനം ചെയ്ത് സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇതിനെതിരേ പരാതികള്‍ ഉയര്‍ന്നു.



അതിന്‍റെ അടിസ്ഥാനത്തില്‍ വി.എസ്. അച്യുതാനന്ദന്‍, വി.ഡി. സതീശന്‍ എംഎല്‍എ എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഇതു പരിശോധിച്ചാണു തുടര്‍ വിജ്ഞാപനം. 15 വിഷയങ്ങള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.



വി.എ. അരുണ്‍ കുമാറിനു ചെറിയ എന്‍റര്‍പ്രൈസസും ലോട്ടറി മാഫിയയുമായി ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധം, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ലോട്ടറി മാഫിയക്കു ള്ള അവിശുദ്ധ ബന്ധം, ഭൂട്ടാ നും സിക്കിമും മോണിക്ക ലോട്ടറീസും മെഗാ ഡിസ്ട്രിബ്യൂട്ടേഴ്സുമായി ഉണ്ടാക്കിയ കരാറിന്‍റെ നിയമ സാധുത, 1998ലെ ലോട്ടറീസ് റഗുലേഷന്‍ ആക്റ്റിലെ നാലാം വകുപ്പ് ലംഘിച്ചു സ്വകാര്യ പ്രസില്‍ നടത്തിയ ഒറ്റ, ഇരട്ട, മൂന്നക്ക ലോട്ടറി നറുക്കെടുപ്പും സ മ്മാന വിതരണവും, വിറ്റ ലോട്ടറി ടിക്കറ്റുകളുടെ പരിശോധന തുടങ്ങിയ വിഷയങ്ങള്‍ വിജ്ഞാപനത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച തുക സംസ്ഥാന സര്‍ക്കാരിന്‍റെ പ



ബ്ലിക് ലെഡ്ജര്‍ അക്കൗണ്ടി ലാണോ കണ്‍സോളിഡേറ്റഡ് ഫണ്ടിലാണോ നിക്ഷേപിച്ചത് അല്ലെങ്കില്‍ അത് എവിടെയാണ്, സമ്മാനത്തുക പബ്ലിക് ലെഡ്ജര്‍ അക്കൗണ്ടിലാണോ കണ്‍സോളിഡേറ്റഡ് ഫണ്ടിലാണോ നിക്ഷേപിച്ചത്, സമ്മാനം ലഭിച്ചത് യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവര്‍ക്കാണോ, സമ്മാനത്തുക കൃത്യമായി വിതരണം ചെയ്തിട്ടുണ്ടോ, 5000 രൂപയ്ക്കു മുകളിലുള്ള സമ്മാനത്തുകയ്ക്ക് 30% വരുമാന നികുതി അടച്ചിട്ടുണ്ടോ, ലോട്ടറി നിയമത്തിനു വിരുദ്ധമായി ജഡ്ജിങ് കമ്മിറ്റിയുടെ അസാന്നിധ്യത്തില്‍ രഹസ്യ സ്ഥലങ്ങളില്‍ നറുക്കെടുപ്പു നട ത്തിയോ എന്നീ വിഷയങ്ങളും വിജ്ഞാപനത്തിലുണ്ട്.



ദേശാഭിമാനി പത്രത്തിനു സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നു രണ്ടു കോടി രൂപ ലഭിച്ചതായ ആക്ഷേപം, രഹസ്യ കേന്ദ്രത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറി നറുക്കെടുപ്പിന്‍റെ സജീവ സംപ്രേഷണം കൈരളി, കൈരളി പീപ്പിള്‍, എസ്എസ് മ്യൂസിക് എന്നീ ചാനലുകളില്‍ വരാനുണ്ടായ കാരണവും സാഹചര്യവും, ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ അത് എന്നിവയും അന്വേഷണത്തിനു വിഷയമാവും.



2002-03, 2003-04 സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതി വകുപ്പും സര്‍ക്കാര്‍ പ്ലീഡര്‍മാരുമൊക്കെ ചേര്‍ന്നു നടത്തിയ 5,750 കോടി രൂപയുടെ നികുതി വെട്ടിപ്പിനെക്കുറിച്ചു സമഗ്രമായ അന്വേഷണവും വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.



അന്യ സംസ്ഥാന ലോട്ടറി കേസുകള്‍ സംബന്ധിച്ചു 2004 മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ നിവേദനങ്ങളിലെയും 2006 മുതല്‍ ഇടതു സര്‍ക്കാര്‍ നല്‍കിയ നിവേദനങ്ങളിലെയും ആവശ്യങ്ങള്‍ പുതിയ വിജ്ഞാപന ത്തില്‍ ഉള്‍പ്പെടുത്തി.

1 comment:

  1. വി എസ്സിനെ ഇപ്പോൾ പാർട്ടിക്ക് വല്ലാത്തൊരു തല വേദനയായിരിക്കുകയാണു, പിണറായി പറയുന്നു വി എസ്സ് പാർട്ടിയെ തകർക്കാനാണു ശ്രമിക്കുന്നതെന്നാണു,

    ReplyDelete