Pages

Saturday, September 24, 2011

വിഎസിന്റെ മകളുടെ ഗവേഷണങ്ങൾ പ്രയോജനപ്പെടുന്നതല്ലെന്ന്‌ റിപ്പോർട്ട്‌

വിഎസിന്റെ മകളുടെ ഗവേഷണങ്ങൾ പ്രയോജനപ്പെടുന്നതല്ലെന്ന്‌ റിപ്പോർട്ട്‌


വനംവകുപ്പിന്റെ പണം ഉപയോഗിച്ച്‌ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദന്റെ മകൾ വിവി ആശ നടത്തിയ ഗവേഷണങ്ങൾ വകുപ്പിന്‌ പ്രയോജനപ്പെടുന്നതല്ലെന്ന്‌ അന്വേഷണ റിപ്പോർട്ട്‌. പത്തുവർഷത്തിനിടെ അഞ്ചു ഗവേഷണങ്ങളുടെ പേരിൽ വകുപ്പിൽനിന്ന്‌ ആശ നേടിയെടുത്ത്‌ 35ലക്ഷത്തോളം രൂപയാണ്‌. എന്നാൽ ഇതിന്റെയൊന്നും ഒരു രേഖയും ഇപ്പോൾ എവിടെയെന്ന്‌ ആർക്കുമറിയില്ലെന്ന്‌ പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ സർക്കാരിന്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

2001 മുതൽ 2011 വരെയായി വിവിധ വിഷയങ്ങളിൽ അഞ്ച്‌ ഗവേഷണങ്ങളാണ്‌ വിഎസിന്റെ മകൾ വിവി ആശ നടത്തിയത്‌. അഞ്ചും വനംവകുപ്പിന്റെ വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച്‌. വനംവകുപ്പിന്റെ കണക്കിലും ആശ പ്രവർത്തിക്കുന്ന രാജീവ്‌ ഗാന്ധി ബയോ ടെക്നോളജി സെന്ററിന്റെ കണക്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം ഗവേഷണങ്ങൾ മറ്റാരും ഏറ്റെടുത്തിട്ടില്ല. പരമാവധി മൂന്ന്‌ ഗവേഷണമാണ്‌ മറ്റുള്ളവരുടെ കണക്കിൽ. ഇങ്ങനെ തിടുക്കത്തിൽ ഏറ്റെടുത്ത്‌ നടത്തിയ ഇവയൊന്നും വനംവകുപ്പിന്‌ ഒരുവിധത്തിലും പ്രയോജനപ്പെടില്ലെന്നാണ്‌ വനംവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്‌ വിലയിരുത്തുന്നത്‌. ഫലത്തിൽ ഇവക്കായി ചിലവഴിച്ച 35ലക്ഷം രൂപയും വെള്ളത്തിലായെന്നാണ്‌ റിപ്പോർട്ട്‌.

മേലിൽ വനംവകുപ്പിന്‌ ഗുണകരമാകുന്ന വിഷയങ്ങൾ ഉൾക്കൊള്ളിച്ച്‌ പട്ടിക തയ്യാറാക്കണമെന്നും ഗവേഷകർക്ക്‌ ഇതിൽ നിന്ന്‌ തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ വനംമന്ത്രിക്ക്‌ നൽകിയ റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഈ ഗവേഷണങ്ങൾക്കായി വിവി ആശ തുക ചിലവഴിച്ചതിനെക്കുറിച്ചോ ഗവേഷണം പൂർത്തിയായത്‌ സംബന്ധിച്ചോ ഒരു വിവരവും വനംവകുപ്പിനെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഗവേഷണ പ്രബന്ധം വകുപ്പിൽ സമർപ്പിച്ചതായി അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പിൽ ആശ മൊഴി നൽകിയെങ്കിലും ഇത്‌ തെളിയിക്കുന്ന രേഖയൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഇവ വാങ്ങി സൂക്ഷിച്ചതായി ഒരു രേഖയും ഹാജരാക്കാൻ വനംവകുപ്പിനും കഴിഞ്ഞിട്ടില്ലെന്ന്‌ പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു

Thursday, September 1, 2011

അരുണ്‍കുമാര്‍ കേസില്‍ സന്തോഷ്‌ മാധവനെ ചോദ്യം ചെയ്യും

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ സ്വാമി സന്തോഷ്‌ മാധവനെ വിജിലന്‍സ്‌ ഉന്നതതല സംഘം ചോദ്യം ചെയ്യും
. മുന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍ 80 ലക്ഷം തട്ടിയെന്ന പരാതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുവേണ്ടിയാണിത്‌. 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ്‌ അരുണ്‍കുമാറും മുന്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ ദീപ്‌തി പ്രസേനനും ചേര്‍ന്ന്‌ 80 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്നാണ്‌ സന്തോഷ്‌ മാധവന്റെ പരാതി. കഴിഞ്ഞ ജൂലൈ ആറിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ സന്തോഷ്‌ മാധവന്‍ ജയിലില്‍ നിന്ന്‌ കത്തയച്ചാണ്‌ പരാതി അറിയിച്ചത്‌. ഇത്‌ മുഖ്യമന്ത്രി വിജിലന്‍സിന്‌ കൈമാറിയിരുന്നു. പരാതി ശരിയാണെന്ന്‌ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ്‌ പരാതിക്കാരനില്‍ നിന്നു മൊഴിയെടുക്കാന്‍ തീരുമാനിച്ചത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുന്നതിനു മുന്നോടിയാണിത്‌. രണ്ടു ദിവസത്തിനകം വിജിലന്‍സ്‌ സംഘം ജയിലിലെത്തി ചോദ്യം ചെയ്യും.
2006ല്‍ വൈക്കത്തിനടുത്ത്‌ വടയാറില്‍ 120 ഏക്കര്‍ പാടശേഖരം വില്‍ക്കാനുണ്ടെന്ന്‌ തന്റെ മാനേജര്‍ ശങ്കര്‍ മേനോനാണു പറഞ്ഞതെന്നും തുടര്‍ന്ന്‌ അഡ്വ. ദീപ്‌തി പ്രസേനന്‍, സിപിഎം പ്രാദേശിക നേതാക്കളായ അജീഷ്‌ , സുരേഷ്‌ പൈ, റെജി എന്നിവര്‍ തന്നെ വന്നു കണ്ട്‌ ഇക്കാര്യം സംസാരിച്ചെന്നും സന്തോഷ്‌ മാധവന്റെ പരാതിയില്‍ പറഞ്ഞിരുന്നു. പാടം നികത്താനുള്ള അനുമതി ലഭിക്കുന്നത്‌ എളുപ്പമല്ലെങ്കിലും തങ്ങള്‍ അനുമതി വാങ്ങിത്തരാമെന്ന്‌ ഇവര്‍ ഉറപ്പു നല്‍കി. അരുണ്‍മുഖേന അനുമതിക്ക്‌ ശ്രമിക്കാമെന്നാണു പറഞ്ഞത്‌. ഇതിനു ശേഷമാണ്‌ അരുണ്‍കുമാറിന്റെ രംഗപ്രവേശം. ദീപ്‌തിയാണ്‌ അരുണ്‍കുമാറിനെ പരിചയപ്പെടുത്തിയത്‌. വസ്‌തു നികത്തുന്നതുമായി ബന്ധപ്പെട്ട്‌ പല ഉദ്യോഗസ്ഥരെയും വേണ്ടരീതിയില്‍ കാണണമെന്നും അതിനു നല്ല ചിലവു വരുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. അരുണ്‍കുമാറും ദീപ്‌തിയും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്‌തു. ആധാരവും മുന്നാധാരവുമെല്ലാം പരിശോധിച്ച്‌ നിയമോപദേശം നല്‍കിയത്‌ അഡ്വ.ദീപ്‌തിയാണ്‌.
അരുണ്‍കുമാറിന്‌ 70 ലക്ഷവും തനിക്ക്‌ പത്തു ലക്ഷവും തരണമെന്ന്‌ ദീപ്‌തി അറിയിച്ചതനുസരിച്ച്‌ 2006 ഒക്ടോബര്‍ ആറിന്‌ ഫെഡറല്‍ ബാങ്കിന്റെ എറണാകുളം എംജി റോഡ്‌ ബ്രാഞ്ചില്‍ നിന്ന്‌ 80 ലക്ഷം രൂപ താന്‍ പിന്‍വലിച്ചു. പിറ്റേന്ന്‌ തലയോലപ്പറമ്പിലെ ലോഡ്‌ജില്‍വച്ചാണ്‌ ഇരുവര്‍ക്കും ഈ തുക കൈമാറിയത്‌. അരുണ്‍കുമാറിന്‌ കറുത്ത ബാഗിലും ദീപ്‌തിക്ക്‌ ബിഗ്‌ ഷോപ്പറിലുമാണ്‌ പണം നല്‍കിയത്‌. ദീപ്‌തിയുടെ കാറില്‍ ഇവര്‍ വന്നുപോകുന്നത്‌ ലോഡ്‌ജിലെ ജീവനക്കാരും മറ്റും കണ്ടതുമാണ്‌.
എന്നാല്‍ പിന്നീട്‌ ഇവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും പാടം നികത്താനുള്ള അനുമതി വാങ്ങിത്തന്നില്ലെന്ന്‌ പരാതിയില്‍ വിശദീകരിക്കുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന്‌ മനസിലായപ്പോള്‍, വാങ്ങിയ വസ്‌തുവിന്റെ കുറേ ഭാഗം കുറഞ്ഞ വിലയ്‌ക്ക്‌ വിറ്റു. മാത്രമല്ല, തന്നോട്‌ വാങ്ങിയ പണം തിരിച്ചു തരണമെന്ന്‌ അരുണ്‍കുമാറിനെ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെടുകയും ചെയ്‌തു. 2008 ജനുവരിയില്‍ പണം തിരിച്ചു തരാമെന്നു പറഞ്ഞെങ്കിലും പിന്നീട്‌ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതായി. ദീപ്‌തിയോട്‌ ഇക്കാര്യം പറയുകയും പണം തിരിച്ചു വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഭീഷണിയാണുണ്ടായത്‌.
തന്റെ ഫ്‌ളാറ്റില്‍ നിന്ന്‌ പുലിത്തോലും കഞ്ചാവും കണ്ടെടുത്ത്‌ കള്ളക്കേസുണ്ടാക്കിയതും തന്റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം ട്രസ്‌റ്റിന്റെ കീഴിലുള്ള ഹൗസ്‌ ഒഫ്‌ കിഡ്‌സിലെ അന്തേവാസികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ കേസുണ്ടാക്കിയതും മറ്റും അരുണ്‍കുമാറിന്റെയും ദീപ്‌തിയുടെയും സ്വാധീനഫലമായാണെന്ന്‌ സന്തോഷ്‌ മാധവന്‍ ആരോപിക്കുന്നു. ഒന്നിനു പിറകെ ഒന്നായി കേസുകള്‍ ചുമത്തി, തന്നെ പുറത്തുവിടാതെ ജയിലിലാക്കി. അച്‌ഛന്‌ അസുഖം വന്നപ്പോള്‍ പോലും അടിയന്തരപരോള്‍ കിട്ടാതിരിക്കാന്‍ ഇവര്‍ കരുനീക്കി. പുറത്തുവന്നാല്‍ ഇവര്‍ക്കെതിരേ പരാതി കൊടുക്കുമെന്ന ഭയം മൂലമാണ്‌ ഇങ്ങനെ ഉപദ്രവിക്കുന്നത്‌. ഭരണം നിയന്ത്രിക്കുന്ന പിതാവിന്റെ മകനായതിനാലാണ്‌ ഇത്രയുംകാലം പരാതി പുറത്തുപറയാതിരുന്നത്‌. ഇനിയെങ്കിലും തനിക്കു നീതി കിട്ടുമെന്നു പ്രതീക്ഷിച്ചാണ്‌ പരാതി അയയ്‌ക്കുന്നത്‌. അതുകൊണ്ട്‌ വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷിപ്പിച്ചാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞാണ്‌ ഉമ്മന്‍ ചാണ്ടിക്കുള്ള കത്ത്‌ സന്തോഷ്‌ മാധവന്‍ അവസാനിപ്പിക്കുന്നത്‌.
ഇതൊരു പരാതിയായിത്തന്നെ പരിഗണിച്ച്‌ പ്രാഥമികാന്വേഷണം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌, വിശദമായ അന്വേഷണം ആവശ്യമായ കേസാണിതെന്ന്‌ വിജിലന്‍സിനു ബോധ്യമായത്‌