വിഎസിന്റെ മകളുടെ ഗവേഷണങ്ങൾ പ്രയോജനപ്പെടുന്നതല്ലെന്ന് റിപ്പോർട്ട്
വനംവകുപ്പിന്റെ പണം ഉപയോഗിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ മകൾ വിവി ആശ നടത്തിയ ഗവേഷണങ്ങൾ വകുപ്പിന് പ്രയോജനപ്പെടുന്നതല്ലെന്ന് അന്വേഷണ റിപ്പോർട്ട്. പത്തുവർഷത്തിനിടെ അഞ്ചു ഗവേഷണങ്ങളുടെ പേരിൽ വകുപ്പിൽനിന്ന് ആശ നേടിയെടുത്ത് 35ലക്ഷത്തോളം രൂപയാണ്. എന്നാൽ ഇതിന്റെയൊന്നും ഒരു രേഖയും ഇപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2001 മുതൽ 2011 വരെയായി വിവിധ വിഷയങ്ങളിൽ അഞ്ച് ഗവേഷണങ്ങളാണ് വിഎസിന്റെ മകൾ വിവി ആശ നടത്തിയത്. അഞ്ചും വനംവകുപ്പിന്റെ വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച്. വനംവകുപ്പിന്റെ കണക്കിലും ആശ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിന്റെ കണക്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം ഗവേഷണങ്ങൾ മറ്റാരും ഏറ്റെടുത്തിട്ടില്ല. പരമാവധി മൂന്ന് ഗവേഷണമാണ് മറ്റുള്ളവരുടെ കണക്കിൽ. ഇങ്ങനെ തിടുക്കത്തിൽ ഏറ്റെടുത്ത് നടത്തിയ ഇവയൊന്നും വനംവകുപ്പിന് ഒരുവിധത്തിലും പ്രയോജനപ്പെടില്ലെന്നാണ് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വിലയിരുത്തുന്നത്. ഫലത്തിൽ ഇവക്കായി ചിലവഴിച്ച 35ലക്ഷം രൂപയും വെള്ളത്തിലായെന്നാണ് റിപ്പോർട്ട്.
മേലിൽ വനംവകുപ്പിന് ഗുണകരമാകുന്ന വിഷയങ്ങൾ ഉൾക്കൊള്ളിച്ച് പട്ടിക തയ്യാറാക്കണമെന്നും ഗവേഷകർക്ക് ഇതിൽ നിന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ വനംമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഈ ഗവേഷണങ്ങൾക്കായി വിവി ആശ തുക ചിലവഴിച്ചതിനെക്കുറിച്ചോ ഗവേഷണം പൂർത്തിയായത് സംബന്ധിച്ചോ ഒരു വിവരവും വനംവകുപ്പിനെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഗവേഷണ പ്രബന്ധം വകുപ്പിൽ സമർപ്പിച്ചതായി അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പിൽ ആശ മൊഴി നൽകിയെങ്കിലും ഇത് തെളിയിക്കുന്ന രേഖയൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഇവ വാങ്ങി സൂക്ഷിച്ചതായി ഒരു രേഖയും ഹാജരാക്കാൻ വനംവകുപ്പിനും കഴിഞ്ഞിട്ടില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment