Pages

Thursday, May 6, 2010

ആഗോളഗ്രാമത്തില്‍ ആശയവിനിമയത്തിനും സാംസ്ക്കാരിക കൈമാറ്റങ്ങള്‍ക്കുമുള്ള സാധ്യതകള്‍ അനന്തമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ പരസ്പരം മനസ്സിലാക്കുക എന്നത്‌ വ്യക്തികള്‍ക്കും സമൂഹത്തിന്‌ തന്നെയും ഏറെ പ്രയാസമുള്ള കാര്യമായി മാറിയിരിക്കുന്നു. ഭിന്ന വിശ്വാസങ്ങളെ മനസ്സിലാക്കാനോ വിരുദ്ധാഭിപ്രായങ്ങളെ പൊറുപ്പിക്കാനോ കഴിയാതെ ഇടുങ്ങിപ്പോവുന്ന കാഴ്ചപ്പാട്‌ സ്റ്റീരിയോടൈപ്പ്‌ മാതൃകകളില്‍ ചുരുങ്ങി നില്‍ക്കുകയാണ്‌. ലാപ്ടോപ്പും ഐ-ഫോണും തുറന്നിട്ട ചക്രവാളങ്ങളുടെ മുമ്പില്‍ സന്തോഷരഹിതമായി പെട്ടെന്ന്‌ തീര്‍ന്നുപോവുന്ന ജീവിതങ്ങളോട്‌ ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിവരുന്നു:. ഭൌതിക വിജയത്തിണ്റ്റെ കൂറ്റന്‍ കോട്ടകളില്‍പോലും തണ്റ്റെ നരക സിംഹാസനത്തിലിരുന്ന്‌ ഭീതിയുടെ ഭരണം നടത്തുന്ന അവസ്ഥ എങ്ങനെയുണ്ടായി ? ശാസ്ത്രവും ജീവിതാവശ്യങ്ങളും പല മതങ്ങളെയും വംശങ്ങളെയും ഒരുമിച്ച്‌ കൊണ്ടുവന്നപ്പോള്‍ ഇതര മതങ്ങളോടെങ്ങനെ പെരുമാറണമെന്നറിയാതെ, വിജ്ഞാനസമ്പത്തിണ്റ്റെ അധിപരായ പാശ്ചാത്യ ലോകംപോലുമെന്തേ പകച്ചുനില്‍ക്കുന്നു? അയല്‍വാസിയെ സംശയത്തോടും ഭീതിയോടും നോക്കുന്നവനായി എങ്ങനെ സാര്‍വ്വലൌകിക നാഗരികന്‍ മാറി?ബഹുസ്വരസമൂഹം ഒരു ജീവിത യാഥാര്‍ത്ഥ്യമായി മാറിയിട്ട്‌ ദശകങ്ങളായെങ്കിലും രാഷ്ട്രനേതാക്കളും നയകാര്യശില്‍പികളും ഇക്കാര്യത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ തുടങ്ങിയത്‌ സമീപകാലത്താണ്‌. അമേരിക്ക ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടേയും ജൂതന്‍മാരുടേയും ഹിന്ദുക്കളുടേയും അവിശ്വാസികളുടേയും രാജ്യമാണെന്ന്‌ അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്ക്‌ ഹുസൈന്‍ ഒബാമ പ്രഖ്യാപിക്കുന്നത്‌ ൨൦൦൯-ല്‍ മാത്രമാണ്‌. ഇന്ത്യന്‍ യൂണിയന്‍ രൂപീകരണത്തിണ്റ്റെ തന്നെ അടിസ്ഥാന പ്രമാണമായ വിശ്വാസതുല്യതയും സാംസ്ക്കാരിക വൈവിധ്യവും അമേരിക്ക നയമെന്ന നിലയ്ക്ക്‌ പ്രഖ്യാപിക്കുന്നത്‌ അരനൂറ്റാണ്ടിനുശേഷമാണ്‌ എന്നര്‍ത്ഥം. വിവിധ ദേശക്കാരും മതക്കാരും അലിഞ്ഞുചേര്‍ന്ന്‌ അമേരിക്കക്കാരായി മാറുന്ന വറചട്ടി (ങലഹശ്ഴ ുീി) എന്ന പദമായിരുന്നു അമേരിക്കയെ സൂചിപ്പിക്കാന്‍ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നത്‌, എല്ലാ സംസ്കൃതികളും അവയുടെ വ്യക്തിത്വം സൂക്ഷിച്ച്‌ നിലനില്‍ക്കുന്നതിനെ സൂചിപ്പിക്കുന്ന (ടമഹമറ ആീംഹ) എന്നാക്കിയിട്ടുണ്ടെന്നത്‌ ശ്രദ്ധേയമായ മാറ്റമാണ്‌. മതങ്ങളും വംശങ്ങളും ഭൂമിശാസ്ത്രപരമായ അതിരുകള്‍ അപ്രസക്തമാക്കിക്കഴിഞ്ഞു എന്നവര്‍ തിരിച്ചറിയുന്നു. അപ്പോഴും വ്യത്യസ്ത മതക്കാരോട്‌ എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ വലിയ അമ്പരപ്പ്‌ പടിഞ്ഞാറന്‍ ആധുനികസമൂഹം കാണിച്ചുവരുന്നുണ്ട്‌. ഇന്നത്തെ ദേശാടന സംസ്ക്കാരത്തില്‍ സ്വന്തം മണ്ണിലെത്തി വളര്‍ന്നു പുലര്‍ന്നുപോരുന്ന ഏഷ്യന്‍ ജനതയോടോ ഇസ്ളാമിക വിശ്വാസത്തോടോ എങ്ങനെയാണ്‌ പെരുമാറേണ്ടതെന്നറിയാതെ അവര്‍ പകച്ചുനില്‍ക്കുന്ന ചിത്രം പല പ്രാവശ്യം നാം കണ്ടുകഴിഞ്ഞതാണ്‌. യൂറോപ്പിലെ വംശീയതയെയും മറ്റു ദേശക്കാരോടുള്ള വെറുപ്പിനേയും മനസ്സിലാക്കാനും നിയന്ത്രിക്കാനും വേണ്ടി ൧൯൯൭ല്‍ സ്ഥാപിച്ച യൂറോപ്യന്‍ മോണിട്ടറിംഗ്‌ സെണ്റ്റര്‍ ഓണ്‍ റാസിസം & സെനോഫോബിയ, തികച്ചും അടിസ്ഥാനരഹിതമായ കണക്കുകളിലൂടെയും (ജൃീഃ്യ റമമേ) ദൃഷ്ടാന്തകഥ (മിലര റമമേ) കളിലൂടെയും യൂറോപ്യന്‍ മണ്ണില്‍ മറ്റ്‌ വംശക്കാര്‍ നാടിനോട്‌ ഒട്ടും ഇഴുകിച്ചേരാതെ നിലനില്‍ക്കുന്നു എന്നും ഇത്തരക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്‌ എന്നുമുള്ള ഭീതി പടരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്‌. വിസ നിയമങ്ങള്‍ കാരണം, ചേക്കേറാന്‍ ഏറ്റവും എളുപ്പമായിരുന്ന ആസ്ത്രേലിയയില്‍പോലും വംശീയതയുടെ അപകടകരമായ മുഖം ഈയിടെ നടന്ന ഇന്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. ഒരു നാട്ടിലേക്ക്‌ സാമ്പത്തികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ എന്താവശ്യത്തിന്‌ മാറിത്താമസിക്കുകയാണെങ്കിലും അവിടത്തെ മുഖ്യധാരയുടെഭാഗമാവാന്‍ മതവിശ്വാസത്തിണ്റ്റെ സാംസ്ക്കാരിക സാമൂഹികമുഖം മാറ്റിവെക്കണമെന്ന വിചിത്രമായ പരിഹാരമാണ്‌ ചില പാശ്ചാത്യചിന്തകര്‍ നല്‍കുന്നത്‌. പാശ്ചാത്യമായ പേരുകള്‍, ആഹാരരീതി, വേഷവിധാനം എന്നിവ സ്വീകരിച്ച്‌ മുഖ്യധാരയുടെ ഭാഗമായാല്‍ മാത്രമേ മറ്റ്‌ നാടുകളില്‍ നിന്നുള്ളവര്‍ക്ക്‌ തദ്ദേശീയതയോളം അവകാശബോധം ഉണ്ടാവൂ എന്നവര്‍ വാദിക്കുന്നു. ഇത്തരം നിഷ്കര്‍ഷകള്‍ അവരുടെ മേധാവിത്വബോധത്തില്‍ നിന്നല്ല, പേടിയില്‍ നിന്നാണ്‌ ഉണ്ടാവുന്നത്‌. ഐക്യത്തിന്‌ പകരം ഏകസ്വരത കൊണ്ടുവരുന്നതും തങ്ങളുടെ ജീവിതരീതിയാണ്‌ മാതൃക എന്നതുകൊണ്ട്‌ മറ്റുള്ളവര്‍ അത്‌ പകര്‍ത്തിയേ തീരൂ എന്നവര്‍ പറയുന്നതും മറ്റ്‌ മതവിഭാഗങ്ങളുമായും ജീവിതരീതികളുമായും അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ആശങ്കകൊണ്ടാണ്‌. ഈ ആശങ്ക പ്രവാസികളെയും തദ്ദേശീയരെയും ഒരു കൂട്ടു ജീവിതത്തിണ്റ്റെ അനിവാര്യതയില്‍ അനാരോഗ്യകരമായ അന്തരീക്ഷത്തിലേക്ക്‌ തള്ളിവിടുന്നു. അഹങ്കാരത്തിണ്റ്റെയും ക്ഷമാപണത്തിണ്റ്റെയും ശ്വാസംമുട്ടിക്കുന്ന വര്‍ത്തമാനമാണ്‌ ഇന്നത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും തൊഴില്‍പരമായ ആവശ്യങ്ങളും അവര്‍ക്കു ബാക്കിയാക്കുന്നത്‌. പിന്നെപ്പിന്നെ സങ്കരമായിക്കൊണ്ടിരിക്കുന്ന നാടുകളില്‍ വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ എങ്ങനെ ആത്മവിശ്വാസത്തോടെ ജീവിക്കാം ? എങ്ങനെ നാടിണ്റ്റെ ഉടമകളും മക്കളുമായി മുന്നേറാം ? ഒരുത്തരവും ഒരു മാതൃകയുമുണ്ട്‌ നമുക്ക്‌ മുന്നില്‍ : നൂറ്റാണ്ടുകളിലൂടെ കേരളത്തിണ്റ്റെ മുന്‍തലമുറകള്‍ കാണിച്ചുതന്ന മതേതര പൈതൃകത്തിണ്റ്റെയൂം പാരമ്പര്യത്തിണ്റ്റെയും ജീവിതാനുഭവം. ആപല്‍ഘട്ടങ്ങളില്‍ അവര്‍ സ്വീകരിച്ച പക്വതയും ആത്മവിശ്വാസവും നിറഞ്ഞ സ്നേഹധാര. ഇന്ത്യയില്‍ കേരളത്തിണ്റ്റെ തീരത്താണല്ലോ മൂന്നുലോകമതങ്ങളും ആദ്യം വന്നെത്തിയത്‌. കടല്‍യാത്രയുടെയും കച്ചവടത്തിണ്റ്റെയും ആ അതിഥികളെ ഈ മണ്ണ്‌ ഊഷ്മളമായി സ്വീകരിച്ചു. നൂറ്റാണ്ടുകളുടെ സമ്പര്‍ക്കത്തിണ്റ്റെയും ജൈവിക വളര്‍ച്ചയുടെയും സ്വച്ഛന്ദത കേരളീയ സംസ്ക്കാരത്തിനു മുതല്‍ക്കൂട്ടായി. പിന്നീട്‌ വടക്കന്‍ കേരളത്തില്‍ അധിനിവേശം പടക്കപ്പലുകളുടെ രൂപത്തില്‍ വന്നെത്തിയപ്പോള്‍ ജനതയൊന്നാകെ എതിരിട്ട്‌ നിന്നു. കോഴിക്കോടിനെ സംബന്ധിച്ച്‌ ഞങ്ങള്‍ ഒരൊറ്റ ജനതയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ആത്മാഭിമാനത്തിനുവേണ്ടി പോരാടിയ നായന്‍മാരുടെയും മാപ്പിളമാരുടെയും പ്രതിരോധത്തിണ്റ്റെ വീരകഥകള്‍ നമ്മുടെ വായുവില്‍ ബാക്കിയായി. സാമൂതിരിയുടെ സഹമതബഹുമാനവും മുസ്ളിംകളോടുള്ള സ്നേഹവും അറബ്നാടുകളില്‍ പ്രചരിക്കട്ടെയെന്ന ഉദ്ദേശ്യത്തോടെ ഖാസി മുഹമ്മദ്ബ്നു അബ്ദില്‍ അസീസ്‌ അറബിയിലെഴുതിയ ഫഥുല്‍മുബീന്‍എന്ന അറബി കാവ്യഗ്രന്ഥം ഇത്തരമൊരു കാലഘട്ടത്തിണ്റ്റെ സുഖസ്മരണകളുണര്‍ത്തുന്നു. ജാതിചൂഷണത്തിണ്റ്റെ നാടായിരുന്ന കേരളത്തെ സാമൂഹിക വിമോചനത്തിലേക്ക്‌ നയിച്ച നവോത്ഥാന നായകരും പാരസ്പര്യത്തിണ്റ്റെ ഭാഷയാണ്‌ ഉപയോഗിച്ചത്‌. ഇന്ന്‌ കാണുന്ന ഇന്ത്യന്‍ മതേതരത്വത്തിണ്റ്റെ ഏറ്റവും പഴക്കമുള്ളതും സ്വച്ഛന്ദവുമായ ജീവിത മാതൃക കേരളത്തിലേതുതന്നെയാണ്‌. അന്യമത വിദ്വേഷത്തിന്‌ യാതൊരു സ്ഥാനവും നല്‍കാതെ വൈജാത്യങ്ങളെ ക്രിയാത്മകമായി കാണുവാന്‍ അവര്‍ക്ക്‌ സാധിച്ചു. ഇന്ത്യയില്‍ മറ്റ്‌ പലയിടത്തും ഉണ്ടായപോലെ ഹിന്ദുക്കളും മുസ്ളിംകളും അവരവരുടെ തെരുവുകളില്‍ ഒതുങ്ങിക്കൂടുന്ന സ്ഥിതി കേരളത്തില്‍ ഒരിക്കലും ഉണ്ടായില്ല. ഇന്ത്യാവിഭജനം ലോകചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന്‌ കാരണമായിത്തീര്‍ന്നുകൊണ്ട്‌ രക്തപുഴകള്‍ തീര്‍ത്തപ്പോള്‍ കേരളം സാമാന്യമായി അതിണ്റ്റെ കൊടൂംക്രൂരതകളില്‍ നിന്നകന്ന്‌ നിന്നു. സിഖ്‌ വിരുദ്ധ കലാപം പോലെ ഒരു പ്രത്യേക മതവിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഒരു നീക്കവും പത്രവായനയിലൂടെയല്ലാതെ, നമുക്ക്‌ പരിചയമുള്ളതല്ല. ഇന്ത്യന്‍ മതേതരത്വത്തെയും അതിണ്റ്റെ പാവനമായ ഭരണഘടനയെയും അപമാനിച്ച്‌ ൧൯൯൨ല്‍ ഹിന്ദുത്വഫാസിസ്റ്റുകള്‍ ബാബ്‌രി മസ്ജിദ്‌ തകര്‍ത്തപ്പോള്‍ നടന്ന കലാപങ്ങളില്‍ കേരളത്തിലെ ഒരു ജീവന്‍പോലും നഷ്ടപ്പെട്ടില്ല. കുടിവെള്ളത്തിനുപോലും ഹിന്ദുപാനി, മുസ്ളിം പാനി തുടങ്ങി പേരിടുന്ന ഹിന്ദുക്കള്‍ക്കും മുസ്ളിംകള്‍ക്കും ജീവിക്കാന്‍ വ്യത്യസ്ത റോഡുകളും കോളനികളും ഉള്ള ഗുജറാത്തില്‍ രണ്ടു ദശാബ്ദത്തിലധികം ഹിന്ദുക്കളും മുസ്ളിംകളും ഒരിക്കലും കാണാതെ പേടിച്ചും സംശയിച്ചും കഴിഞ്ഞുവന്ന അന്തരീക്ഷം ൨൦൦൨ല്‍ മുസ്ളിം വിരുദ്ധ വംശഹത്യയായി പൊട്ടിത്തെറിച്ചപ്പോഴും മലയാളി അപരിചിതമായ കുറെ ജീവിതാവസ്ഥകള്‍ കാണുകയായിരുന്നു. കാരണം ഭാഷയുടെയും ദേശത്തിണ്റ്റെയും ഏകത മലയാളിയെ സംബന്ധിച്ച്‌ പാരമ്പര്യ സിദ്ധമായിരുന്നു. ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളില്‍ ഞങ്ങള്‍ ഇതാ ഇങ്ങനെ ജീവിക്കുകയായിരുന്നു എന്ന ഒരു മാതൃക അങ്ങനെ കേരളം അവതരിപ്പിച്ചിട്ടുണ്ട്‌.ഏത്‌ ദുരന്തവും ഒരു പാഠമാണെന്നും ദുരന്തങ്ങളുടെ ആവര്‍ത്തനത്തിനുള്ള ന്യായീകരണമാവരുത്‌ അതെന്നുമുള്ള ഉള്‍ക്കാഴ്ച, കേരളീയ ജനത ബഹുസ്വരസമൂഹം എന്ന നിലയില്‍ കാണിച്ചിട്ടുണ്ട്‌ എന്ന്‌ സാരം. എന്നാല്‍ പൈതൃകത്തെ സംബന്ധിച്ച ഈ ധാരണ ഊറ്റമായോ വാചാടോപമായോ മാറുന്നുവോ എന്ന കാവല്‍ നമ്മെ സംബന്ധിച്ച്‌ അനിവാര്യമാവുന്ന സ്ഥിതി വന്നുചേര്‍ന്നിട്ടുണ്ട്‌. ഇവിടെ വര്‍ഗീയത കലാപങ്ങളിലൂടെയോ മതത്തിണ്റ്റെ പേരില്‍ വേര്‍തിരിക്കപ്പെട്ട പ്രദേശങ്ങളിലൂടെയോ കരാളരൂപംപൂണ്ടുകഴിഞ്ഞിട്ടില്ല, എങ്കിലും പരമഭീതിയുടെയും സംശയത്തിണ്റ്റെയും പുക നമ്മുടെ അന്തരീക്ഷത്തിലും പടര്‍ന്നുതുടങ്ങിയിട്ടുണ്ട്‌. ഹിന്ദുക്കളോ മുസ്ളിംകളോ മാത്രം കൂടിയിരിക്കുന്ന സ്വകാര്യ സദസ്സുകളില്‍ കാവി വല്‍ക്കരണത്തെയും താലിബാന്‍ വല്‍ക്കരണത്തേയും പറ്റിയുള്ള അതിശയോക്തി നിറഞ്ഞ കഥകള്‍ പതുക്കെയാണെങ്കിലും പ്രചരിച്ചുവരുന്നു. കേരളത്തില്‍ വലിയ തോതില്‍ വര്‍ഗീയധ്രുവീകരണം നടക്കുന്ന സാമൂഹികസ്ഥിതിയില്ല എന്ന്‌ വിചാരിച്ച്‌ നമുക്ക്‌ സ്വസ്ഥരായിരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആഗോളവര്‍ത്തമാനങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തെ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ന്യായീകരിക്കാന്‍ ആവില്ല; ന്യായീകരിക്കുന്നുമില്ല. നിശിതമായ വിമര്‍ശനം അര്‍ഹിക്കുന്ന ഇത്തരം കാര്യങ്ങളെ പക്ഷെ ചൂണ്ടിക്കാണിച്ച്‌, വളരെ വ്യത്യസ്തമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുള്ള കേരളത്തില്‍ അരക്ഷിതാവസ്ഥ വിതയ്ക്കുന്നത്‌ ജീവിതം ദുഃസ്സഹമാക്കുകയാണ്‌ ചെയ്യുക. ഇത്‌ മതവിശ്വാസവും രാഷ്ട്രീയവും, ഭൌതിക ജീവിതവും ആത്മീയ പ്രകാശനവും, ആഗോള പ്രവണതകളും നാടന്‍ ജീവിതാവസ്ഥയും തമ്മിലുള്ള വ്യത്യാസങ്ങളെ ലളിതവല്‍ക്കരിക്കുകയും മിഥ്യാധാരണകളിലേക്ക്‌ ആളുകളെ തള്ളിവിടുകയും ചെയ്യുന്നു. ഗോധ്രയും ഗുജറാത്തിലെ വംശഹത്യയും ൨൬/൧൧ ആക്രമണവും ബാബ്‌രി മസ്ജിദും ബോംബെ കലാപവും നിര്‍ഭാഗ്യവശാല്‍ ഉപയോഗിക്കപ്പെടുന്നത്‌ നമ്മുടെ മനസ്സുകളെ വിദ്വേഷത്തിണ്റ്റെ തടവറയും നന്‍മയുടെ ശവപ്പറമ്പുമാക്കാനാണ്‌. അയല്‍വാസിയെ പേടിക്കാനും നുറ്റാണ്ടുകളിലൂടെ ജൈവികമായി വളര്‍ന്നുവന്ന ബന്ധങ്ങളെ നിഷേധാത്മകമായി കാണാനും അത്‌ പ്രേരിപ്പിക്കുന്നു. സാമ്രാജ്യ സ്ഥാപനത്തിണ്റ്റെയും വംശശുദ്ധിയുടെയും മതരാഷ്ട്രത്തിണ്റ്റെയും അപകടകരങ്ങളായ സിദ്ധാന്തങ്ങള്‍ നമ്മെ ഇരുട്ടിലാഴ്ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ മുന്‍ഗാമികളെടുത്ത നിലപാടിണ്റ്റെ, പ്രസരിപ്പിച്ച ആത്മവിശ്വാസത്തിണ്റ്റെ ഔചിത്യവും നന്‍മയും തിരിച്ചറിഞ്ഞ്‌ അവയെ എത്തിപ്പിടിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌. കാരണം ഈ ഇരുളടഞ്ഞ വഴിയില്‍ അതാണ്‌ നമുക്ക്‌ കൈവിളക്കാവുക

No comments:

Post a Comment