Friday, June 4, 2010
ഹൈദരാബാദിലെ പച്ചച്ചെങ്കൊടി പണ്ട് മുസ്ളിം കേന്ദ്രങ്ങളില്‍ ജാഥ നടത്തുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വിളിച്ചിരുന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു: 'പാറട്ടങ്ങനെ പാറട്ടെ, പച്ചച്ചെങ്കൊടി പാറട്ടെ' എന്ന്. പച്ചയെ സ്നേഹിക്കുന്ന സാധു കര്‍ഷകരെ പറ്റിക്കാന്‍ ഒരു സൂത്രം എന്ന 'തമാശക്കഥ'യായി ആ പച്ചച്ചെങ്കൊടി പറന്നുപോയി. പക്ഷേ സാക്ഷാല്‍ ചെങ്കൊടിക്കാര്‍ പച്ചക്കൊടി പിടിച്ച് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യരെ പറ്റിക്കുന്നു എന്ന് വന്നാലോ?അതും ദേശാന്തര പ്രശസ്തമായ ദക്ഷിണേന്ത്യന്‍ നഗരത്തില്‍. ഇന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരെന്നവകാശപ്പെടുന്ന സി.പി.എം ആണ് ഹൈദരാബാദില്‍ ഈ ആള്‍മാറാട്ടം നടത്തുന്നത്. ന്യൂനപക്ഷ ക്ഷേമത്തിന് എന്ന പേരില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി രൂപീകരിച്ച സംഘടനയുടെ പേര് ആവാസ്. ൨൦൦൨ല്‍ ഗുജറാത്ത് കലാപത്തിണ്റ്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വികാരമുണര്‍ത്തി കര്‍ണൂല്‍ കേന്ദ്രീകരിച്ചാണ് സി.പി.എം ആവാസിന് തുടക്കമിട്ടത്. രാഷ്ട്രീയത്തിനതീതമായി സമുദായ സേവനം മാത്രം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനം എന്ന പേരില്‍ മുസ്ളിം യുവാക്കളെ ക്ഷണിച്ചുവരുത്തി നഗരത്തില്‍ അതിഗംഭീരറാലിയും നടത്തിയായിരുന്നു സംഘടനാ പ്രഖ്യാപനം. യൂണിറ്റ്, ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു കഴിഞ്ഞപ്പോള്‍ സംഘടനയുടെ യഥാര്‍ത്ഥമുഖം പ്രത്യക്ഷപ്പെട്ടു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.എ. ഗഫൂറ്‍ പ്രസിഡണ്ടും മുഹമ്മദ് ഖയാസുദ്ദീന്‍ ജനറല്‍ സെക്രട്ടറിയുമായി ആവാസ് സംസ്ഥാന കമ്മിറ്റിയെ സി.പി.എം പ്രഖ്യാപിച്ചു. പച്ചക്കൊടിയിലെ വെള്ള നക്ഷത്രം എന്ന തലക്കെട്ടില്‍ ജൂണ്‍ ൪ലെ 'ദേശാഭിമാനി' ആവേശപൂര്‍വം കൊടുത്തിരിക്കുന്നു ആന്ധ്രാ സി.പി.എമ്മിണ്റ്റെ ന്യൂനപക്ഷ പ്രേമകഥ. "വെള്ളനക്ഷത്രം ആലേഖനം ചെയ്ത പച്ചക്കൊടിയുമായാണ് ആവാസ് പ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതെന്ന് ജനറല്‍ സെക്രട്ടറി ഖയാസുദ്ദീന്‍ ദേശാഭിമാനിയോട് പറഞ്ഞു. മുസ്ളിംകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, മുസ്ളിം സംവരണത്തിനുള്ള പ്രചാരണം, വഖഫ് കയ്യേറ്റം തടയല്‍, റേഷന്‍കാര്‍ഡും മറ്റു രേഖകളും ലഭ്യമാക്കാന്‍ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുന്നു." എന്ന് ഹൈദരാബാദ് ലേഖകന്‍ പേര് വെച്ചെഴുതുന്നു. കേരളത്തിനും ബംഗാളിനും മുമ്പെ സി.പി.എം ഭരിക്കുമെന്നവകാശപ്പെട്ട തെലുങ്കാനയുടെ മണ്ണിലാണ് മുസ്ളിംകള്‍ക്കിടയിലേക്കിറങ്ങാന്‍ സി.പി.എം ചെങ്കൊടി ഉപേക്ഷിച്ച് പച്ചക്കൊടി പിടിക്കുന്നത്. വ്യാജപ്പേരുകള്‍ സ്വീകരിക്കുന്നത്. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവരുടെ മാത്രമായ സംഘടനക്കേ കഴിയൂ എന്ന് സി.പി.എം സ്വയം സമ്മതിക്കുന്നു ഇവിടെ. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പച്ചക്കൊടിക്ക് പുണ്യമുണ്ടെന്നും വിളിച്ചുപറയുന്നു സഖാക്കള്‍. 'ജാതിയെയോ മതത്തെയോ അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയാല്‍ സ്വത്വവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല' എന്ന് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പ്രസംഗിച്ച വാര്‍ത്ത വന്ന പത്രത്തില്‍തന്നെയാണ് ന്യൂനപക്ഷങ്ങളെ സി.പി.എം മറ്റൊരു പെട്ടിയിലടക്കുന്ന കഥയും. മുസ്ളിം പ്രശ്നങ്ങള്‍ സി.പി.എമ്മിന് വിഷയമല്ല. അതൊരു മുഖ്യധാരാ ചര്‍ച്ചപോലുമല്ല. അതിനൊക്കെ ന്യൂനപക്ഷങ്ങള്‍ വേണമെങ്കില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യട്ടെ എന്ന ഓര്‍മപ്പെടുത്തല്‍. ഇങ്ങനെയൊന്ന് സ്വന്തമായി ഉള്ളതുകൊണ്ടാകുമോ പച്ചക്കൊടിയില്‍ ചന്ദ്രക്കലയുള്ള ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലടുപ്പിക്കാതിരിക്കാന്‍ സി.പി.എം അത്യധ്വാനം ചെയ്തത്. ഈ പാര്‍ട്ടിയെക്കുറിച്ച് പി.കെ. പോക്കര്‍ക്കും കെ.ഇ.എന്‍. കുഞ്ഞഹമ്മദിനും ഒരു ചുക്കുമറിയില്ല എന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ?നാട്ടുനടപ്പനുസരിച്ച് കാലത്തും പ്രായത്തിലും കല്യാണം കഴിച്ച് സന്തതികളായിരുന്നെങ്കില്‍ ഗുജറാത്ത് മുഖ്യന്‍ നരേന്ദ്രമോഡിയോളം പോന്നൊരു മകനുണ്ടാകുമായിരുന്നു സഖാവ് അച്യുതാനന്ദന്. മോഡിയുടെ വെളുത്ത താടിയും തലയും നോക്കിയിട്ട് കാര്യമില്ല. എണ്‍പത്തേഴുകാരനായ വി.എസ്സിനേക്കാള്‍ ഇരുപത്തേഴു കുറയും നരേന്ദ്രന്. പക്ഷേ അങ്ങനെയൊരു മകനുണ്ടായില്ലല്ലോ എന്ന സങ്കടം ഇനി വേണ്ട. പരമത വിദ്വേഷത്തില്‍ ആ മകണ്റ്റെ മുത്തച്ഛനാവാന്‍ പോന്ന മരുന്നുണ്ട് തണ്റ്റെ കൈവശമെന്ന് അച്യുതാനന്ദന്‍ മലയാളിയെ ഒന്നടങ്കം ബോധ്യപ്പെടുത്തിക്കഴിഞ്ഞു. 'കേരളത്തില്‍ മുസ്ളിം വര്‍ഗീയതയും ക്രൈസ്തവ വര്‍ഗീയതയും ശക്തമായിരിക്കുന്നു' എന്ന പ്രഖ്യാപനം ഏതെങ്കിലും പൊതുയോഗത്തില്‍ ആവേശംകൊണ്ട് ഇരിക്കാന്‍ വയ്യാഞ്ഞിട്ട് നടത്തിയ വികാര പ്രസംഗമല്ല. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റില്‍ മുഖ്യമന്ത്രിക്കായൊരുക്കിയ മുഖാമുഖം പരിപാടിയില്‍ ആലോചിച്ചുറപ്പിച്ച് നീട്ടിക്കുറുക്കിയെടുത്തതാണ്. മതമൈത്രിയില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ ഈ പുതിയ പാഠം പുറത്തു വന്നത് പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം തന്നെയാണെന്നത് യാദൃച്ഛികം. പറയുന്നത് സംസ്ഥാനത്തിണ്റ്റെ മുഖ്യമന്ത്രിയായതിനാല്‍ ലോകം വിശ്വസിക്കും. ഒരു ഔദ്യോഗിക പ്രസ്താവനയുടെ സ്വഭാവവുമുണ്ടാവും. താന്‍ ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കാനുള്ള ബുദ്ധി അച്യുതാനന്ദനില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്ന് ലഘൂകരിക്കുന്നത് അദ്ദേഹത്തെ ചെറുതാക്കലാവും. കുങ്കുമം ചുമക്കുന്ന കഴുത എന്നൊക്കെ ഇ.പി. ജയരാജനു പറയാം. ആശിച്ചതു നേടാന്‍ ഏതു വഴിയൊക്കെ പോവണമെന്ന് കൃത്യമായി അറിയുന്ന അച്യുതാനന്ദന് പറഞ്ഞിടത്തോളം ഒരു നാക്കു പിഴയുടെയും തകരാറില്ല. തണ്റ്റെ രാഷ്ട്രീയ ജീവിതകാലമത്രയും ഉള്ളില്‍ കൊണ്ടുനടക്കുന്ന വിഷം ഇടക്കൊക്കെ ആ ഇറുകിയ ജുബ്ബ പൊളിച്ച് പുറത്തുചാടുന്നു എന്ന് മാത്രം. സി.പി.എം പ്രത്യക്ഷ മുസ്ളിംവേട്ടയിലേര്‍പ്പെട്ട നാദാപുരം കൂട്ടക്കൊലയുടെ കാലത്തെ തീ പടര്‍ത്തുന്ന അച്യുതാനന്ദവചനങ്ങള്‍ കേരളം മറന്നിട്ടില്ല. തുടര്‍ന്ന് അധികാരത്തില്‍വന്ന യു.ഡി.എഫ് സര്‍ക്കാര്‍, സംസ്ഥാനത്തെ പിന്നോക്ക പ്രദേശങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഏതാനും സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ അതിലും വര്‍ഗീയതകണ്ടു വി.എസ്. മുസ്ളിം സമുദായത്തിന് വിദ്യാലയങ്ങള്‍ വാരിക്കോരിക്കൊടുക്കുകയാണ് ഇ.ടി. മുഹമ്മദ് ബഷീറെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചു. അധ്യാപകരും രക്ഷിതാക്കളും തദ്ദേശ ഭരണവും ജില്ലാ പഞ്ചായത്തിണ്റ്റെ വിജയഭേരിയുമെല്ലാം ചേര്‍ന്ന് ആഞ്ഞുപിടിച്ചപ്പോള്‍ മലപ്പുറത്തെ എസ്.എസ്.എല്‍.സി വിജയശതമാനം വന്‍തോതിലുയര്‍ന്നു. അത് സഹിക്കാനാവാതെ അച്യുതാനന്ദന്‍ വീണ്ടും വിഷം തുപ്പി. 'മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പാസ്സാവുന്നത്. അതിന് മുസ്ളിംലീഗിണ്റ്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ സൌകര്യം ചെയ്തുകൊടുക്കുന്നുവെന്ന്. എന്‍ട്രന്‍സ് പരീക്ഷയില്‍ അതേവരെ പിന്നോക്കമായിരുന്ന സമുദായത്തിലെ കുട്ടികള്‍ ഉന്നത വിജയം നേടിത്തുടങ്ങിയപ്പോള്‍ വീണ്ടും വന്നു വി.എസ്. ചോദ്യപേപ്പര്‍ ചോര്‍ത്തിയും പരീക്ഷാസംവിധാനങ്ങള്‍ അട്ടിമറിച്ചുമാണ് അവര്‍ മുന്നില്‍ വരുന്നതെന്ന്. മുസ്ളിം വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ കൃത്രിമമാണെന്നും സ്വമേധയാ അവര്‍ യോഗ്യരല്ലെന്നും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സാധാരണക്കാരായ ഗള്‍ഫ് മലയാളികള്‍ ഏറ്റവുമേറെ പ്രയോജനപ്പെടുത്തുന്ന കരിപ്പൂറ്‍ വിമാനത്താവളം, മാഫിയ കേന്ദ്രമാണെന്ന് പ്രഖ്യാപിക്കുമ്പോഴും അച്യുതാനന്ദണ്റ്റെ മനസ്സില്‍ ഒരു പ്രത്യേക സമുദായമായിരുന്നു ഉന്നം. മുസ്ളിംകളുടെ സാമ്പത്തിക പുരോഗതി മാഫിയാ ഇടപെടലിലൂടെയാണെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത. ഇതൊക്കെ പറയുന്ന കാലത്ത് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവിണ്റ്റെ കാറിലാണ്. അടിസ്ഥാനമില്ലാത്ത സര്‍ക്കാര്‍ വിമര്‍ശനം എന്നു കരുതി ചിലരെങ്കിലും അത് തള്ളിക്കളയും. ഇപ്പോഴതല്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു കസേരയുണ്ടദ്ദേഹത്തിന്. മുഖ്യമന്ത്രിമാര്‍ക്കായി പണിതത്. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ മേഞ്ഞുനടക്കുന്ന ഈ കാലത്ത് അച്യുതാനന്ദന്‍ വേട്ട പഠിക്കുന്നതും ഗുജറാത്തില്‍നിന്ന്. മുപ്പതു ശതമാനം മാത്രം മാര്‍ക്കുള്ള ദലിത് വിദ്യാര്‍ത്ഥികള്‍ക്ക്, സംവരണത്തിണ്റ്റെ പേരില്‍ എം.ബി.ബി.എസ് അഡ്മിഷന്‍ കിട്ടിയാല്‍, അവര്‍ നാളെ മനുഷ്യനെ കൊല്ലുന്ന ചികിത്സയല്ലേ നടത്തുക എന്നായിരുന്നു ൧൯൮൫ല്‍ നരേന്ദ്രമോഡി വരേണ്യരോട് ചോദിച്ചത്. അതാണ് സംവരണവിരുദ്ധ പ്രക്ഷോഭമായി ആളിക്കത്തിയത്. ജാതിവൈരത്തിണ്റ്റെ ആ തീക്കാറ്റാണ് ബി.ജെ.പിയുടെ ഹിന്ദുത്വ കാര്‍ഡിന് ഗുജറാത്തില്‍ മാര്‍ക്കറ്റുണ്ടാക്കിയത്. നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയാക്കിയത്. അടുത്തത് 'ശുദ്ധീകരണയജ്ഞമായിരുന്നു. ന്യൂനപക്ഷവേട്ട, മുസ്ളിംവിരുദ്ധ പ്രചാരവേലകള്‍, ക്രൈസ്തവര്‍ക്കെതിരെ അക്രമണങ്ങള്‍. കിരാതമായ മുസ്ളിം വംശഹത്യ. അതിന് അരങ്ങൊരുക്കാന്‍ മുഖ്യമന്ത്രി പദത്തിലിരുന്ന് നരേന്ദ്ര ദാമോദര്‍ദാസ് മോഡി ആദ്യം പറഞ്ഞത്, 'ഗുജറാത്തില്‍ മുസ്ളിം വര്‍ഗീയത ശക്തിപ്പെട്ടിരിക്കുന്നു' എന്നു തന്നെയായിരുന്നു. ആ വാക്കുകള്‍ സമുദായങ്ങളെ വിവിധ ഗല്ലികളിലേക്ക് വകഞ്ഞുമാറ്റി. പിന്നെ എല്ലാം എളുപ്പമായിരുന്നു. കേരളത്തില്‍ ഇനിയൊരു സി.പി.എം ഭരണം സങ്കല്‍പങ്ങള്‍ക്കുമപ്പുറത്താണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുക എന്നത് വീണ്ടും സംഭവിക്കാന്‍ ഇടയില്ലാത്തതും. അത്തരമൊരു കേരളം പരമ്പരാഗത ശാന്തിയുമായി കഴിയരുത്. ജാതിമത ചിന്തകളുടെ പോര്‍വിളിയുയരണം. ആ കളിയില്‍ ചിലപ്പോള്‍ നേടിയാലോ? ഇക്കാര്യത്തില്‍ രണ്ടുദ്ദേശ്യത്തിലാണെങ്കിലും പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒരേ മാര്‍ഗം സ്വീകരിക്കുന്നു. ഈ പിടിവിട്ട കളിയുടെ വാള്‍ത്തലയില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന ചായം തേക്കല്‍ അനിവാര്യമാണ്. അതാണ് പതിനാലു വര്‍ഷത്തെ ഇടതുബന്ധം വിട്ട് പുറത്തുകടന്ന ഐ.എന്‍.എല്‍ സംസ്ഥാന കൌണ്‍സിലിണ്റ്റെ തീരുമാനത്തില്‍ തെളിയുന്നത്. 'ഇടതുമുന്നണിയില്‍ അംഗമാകാന്‍ ഏഴു വര്‍ഷം മുമ്പ് നല്‍കിയ അപേക്ഷ ചര്‍ച്ചക്കെടുക്കുകപോലും ചെയ്യാതെ, ഇന്നലെ വന്നവരെ സ്വീകരിക്കാനുള്ള സി.പി.എം നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു (മാധ്യമം ൨൦൧൦ ജൂണ്‍ ൪). സി.പി.ഐ പോലും ഐ.എന്‍.എല്‍ പ്രവേശത്തെ പിന്തുണച്ചിട്ടും ഇടത് മുന്നണിയുടെ മുതലാളിയായ സി.പി.എം സമ്മതിച്ചില്ല. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയത് തന്നെയായിരുന്നു ഇക്കാര്യത്തില്‍ സി.പി.എമ്മിണ്റ്റെ സ്വഭാവം. ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക. ജമാഅത്തെ ഇസ്ളാമിയെ മുപ്പത്തി മൂന്നു വര്‍ഷമാണ് ഇങ്ങനെ ഉപയോഗിച്ചത്. മതിലിനപ്പുറത്ത് മറ്റൊരു മിന്നാട്ടം കണ്ടപ്പോള്‍ ജമാഅത്തിനെ പെരുവഴിയിലുപേക്ഷിച്ച് പുതിയതിനു പിറകെ പാഞ്ഞു. കേരളത്തിലെ ഇടതുമുന്നണിക്ക് ദേശീയ സ്വഭാവം പകരുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം.പി വീരേന്ദ്രകുമാറിണ്റ്റെ നേതൃത്വത്തിലുള്ള ജനതാദളിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. സ്വന്തം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ തന്നെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്തെറിഞ്ഞ് വെറുമൊരു അടുക്കളപ്പൂച്ചയാക്കി മാറ്റിയ സി.പി.എം സംസ്ഥാന നേതൃത്വത്തിന് ചെറുകക്ഷികളെ വെട്ടിമുറിക്കലും തട്ടിക്കളയലും വളരെ ലഘുവായ ഒരു കണ്ണൂറ്‍ മോഡല്‍ കലാപരിപാടി മാത്രം. പേരില്‍ മതത്തിണ്റ്റെ സൂചനപോലുമില്ലാതിരുന്നിട്ടും ഐ.എന്‍.എല്‍ വര്‍ഗീയ കക്ഷിയാണെന്നു പറഞ്ഞ് പുറന്തള്ളിയ സി.പി.എമ്മിന് പക്ഷേ പി.സി. തോമസിണ്റ്റെ മതേതരത്വത്തില്‍ അശേഷമുണ്ടായില്ല സംശയം. ൨൦൦൪ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതു കൊടുങ്കാറ്റ് വീശിയിട്ടും മുവാറ്റുപുഴയില്‍നിന്ന് ബി.ജെ.പി പിന്തുണയോടെ പാര്‍ലമെണ്റ്റിലെത്തിയ പൂമാനാണ് തോമസ്. സാക്ഷാല്‍ സംഘ്പരിവാരമൂര്‍ത്തി. കേരളത്തില്‍ ഇത്തരമൊരു റിക്കാര്‍ഡുള്ള ഏക വ്യക്തി. ബി.ജെ.പി സര്‍ക്കാര്‍ കനിഞ്ഞനുഗ്രഹിച്ച് നേരത്തെ കേന്ദ്രമന്ത്രിയുമാക്കി. മതം ദുരുപയോഗപ്പെടുത്തി വോട്ട്പിടിച്ചതിന് സി.പി.എം സ്ഥാനാര്‍ത്ഥി പി.എം. ഇസ്മായില്‍ കൊടുത്ത കേസില്‍ ആറു വര്‍ഷത്തിനു ശേഷം സുപ്രീംകോടതിയും ഇലക്ഷന്‍ കമ്മീഷനും ശിക്ഷിച്ചതും വിധി രാഷ്ട്രപതി അംഗീകരിച്ചതും ഈ തോമസിണ്റ്റെ കാര്യത്തില്‍ തന്നെ. മുരത്ത വര്‍ഗീയ പ്രചാരണത്തിലൂടെ ജയിച്ചവനെന്ന കുപ്രസിദ്ധിയുടെ വിധി വന്ന് വാരമൊന്ന് തികയുംമുമ്പെ മാര്‍ക്സിസ്റ്റ് മുന്നണിയുടെ വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തിരിക്കുന്നു പി.സി. തോമസിന്. കാരണം പി.സി. തോമസിലൂടെ വേണം സി.പി.എമ്മിന് പുതിയ പാലംകെട്ടാന്‍. സംഘ്പരിവാരത്തിണ്റ്റെ തോളില്‍ കയ്യിട്ടു നടക്കുന്ന ഒരു നല്ല നാളേക്കു വേണ്ടി. അതാണ് സി.പി.എമ്മിണ്റ്റെ ശരിയും. 'അധികാരം നേടണമാദ്യം. അതിനു മേലാവട്ടെ പൊന്നാര്യന്‍' എന്ന കവിവചനമുരുവിട്ട് നടക്കുന്നവര്‍ അതും അതിലപ്പുറവും ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment