Pages

Monday, March 14, 2011

വി‌എസ് വിരുതനെന്ന് ചിന്താ സര്‍ക്കുലേഷന്‍ മാനേജര്‍!



വി‌എസ് വിരുതനെന്ന് ചിന്താ സര്‍ക്കുലേഷന്‍ മാനേജര്‍!
വി‌എസ് അച്യുതാനന്ദനെതിരെയും മകന്‍ വി‌എ അരുണ്‍‌കുമാറിനെതിരെയും ഉയരുന്ന ആരോപണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഒരു തലയ്ക്കല്‍ നിന്ന് പ്രതിപക്ഷം ആരോപണങ്ങള്‍ കത്തിക്കുമ്പോള്‍ മറുതലയ്ക്കല്‍ നിന്ന് അതിലും വലിയ ആരോപണങ്ങള്‍ കത്തിച്ചുകൊണ്ട് സി‌പി‌എം ഔദ്യോഗികപക്ഷവും വി‌എസിനെ വെട്ടിലാക്കുന്നു. വി‌എസിനെതിരെ ഉയര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വിക പ്രസിദ്ധീകരണമായ ചിന്ത വാരികയുടെ മുന്‍ സര്‍‌ക്കുലേഷന്‍ മാനേജര്‍, ആലപ്പുഴ കുന്നംകരി സ്വദേശി എംആര്‍ ഷാജിയാണ്. കൈക്കൂലിക്കേസില്‍ പ്രതികളായ രണ്ട് ഡോക്‌ടര്‍മാരെ രക്ഷിക്കാന്‍ തന്നെക്കൊണ്ട് വി‌എസ് മൊഴിമാറ്റി പറയിച്ചു എന്നും ഒരു അബ്‌കാരി കരാറുകാരനില്‍ നിന്ന് വി‌എസ് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നുമാണ് പുതിയ ആരോപണം.ചിന്ത വാരികയുടെ സര്‍ക്കുലേഷന്‍ മാനേജരായിരിക്കെ, എകെജി സെന്ററില്‍ ഇഎംഎസ്‌, ഇ കെ നായനാര്‍, എംഎം ലോറന്‍സ്‌ തുടങ്ങിയവരുടെ സംഭാഷണങ്ങള്‍ രസഹ്യമായി ചോര്‍ത്താന്‍ വി‌എസ് തന്നെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിരുന്നു എന്ന് എംആര്‍ ഷാജി മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ ഷാജി കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില ബാഹ്യശക്തികള്‍ക്ക് വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനാണ് വി‌എസ് ശ്രമിക്കുന്നത് എന്നും കത്തില്‍ ഷാജി പറയുന്നു.“മൂലക്കുരു ശസ്ത്രക്രിയക്കു വേണ്ടി എന്നോട്‌ 2000 രൂപ കൈക്കൂലി ചോദിച്ച കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സിനെ ഉപയോഗിച്ചു പിടികൂടിയ സംഭവവും എന്റെഭാര്യയുടെ ഗര്‍ഭാശയ സംബന്ധമായ രോഗത്തിന്‌ ചികില്‍സ നല്‍കാന്‍ കൈക്കൂലി വാങ്ങിയ വനിതാ ഡോക്ടറെ വിജിലന്‍സ്‌ പിടികൂടിയ സംഭവവും ഒതുക്കി തീര്‍ക്കാനാണു വിഎസ്‌ ഇടപ്പെട്ടത്‌. 2001-ലാണ് ഇത് നടന്നത്. ഈ രണ്ടു കേസുകളിലും വിജിലന്‍സിനു മുന്നിലും കോടതിയിലും ഡോക്ടര്‍മാര്‍ക്ക്‌ അനുകൂലമായി വിഎസ്‌ എന്നെക്കൊണ്ട്‌ മൊഴി മാറ്റി പറയിക്കുകയായിരുന്നു.”“ഒരു അബ്കാരി കരാറുകാരനായ എന്‍ കെ നാരായണനില്‍ നിന്ന് വി‌എസ് അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്. 1991-ലാണ് ഇത് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. ഞാനാണ് പണം വാങ്ങിയത്. തുടര്‍ന്ന് ഈ തുക വി എസിന്റെ പറവൂരിലെ വീട്ടില്‍ വച്ചാണ്‌ അദേഹത്തിന്‌ ഞാന്‍ കൈമാറുകയും ചെയ്തു. വി‌എസ് പണം വാങ്ങിയ വിവരം സംസ്ഥാന കമ്മിറ്റിയില്‍ കെഎം സുധാകരന്‍ ഉന്നയിച്ചിരുന്നു. അന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്സ്‌ പരിശോധിച്ചാല്‍ വിവരം കാണാനാകും.”“വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. അച്ഛന്റെ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച്‌ മകന്‍ നടത്തിയ ഇടപാടുകളും മറ്റും പാര്‍ട്ടി അന്വേഷിക്കാന്‍ തയ്യാറാവണം‌. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ബാഹ്യശക്തികളുടെ പ്രേരണയില്‍ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ വി എസ്‌ പാര്‍ട്ടിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ യാഥാര്‍ഥ്യം കേന്ദ്രകമ്മിറ്റി തിരിച്ചറിയാനാണ്‌ ഞാന്‍ ഈ കത്ത് അയയ്ക്കുന്നത്” - കത്തില്‍ ഷാജി പറയുന്നു.പുലിമുഖത്ത്‌ ഉപ്പായി (ഗ്രിഗറി) എന്ന ഭൂവുടമയെ കൊന്ന കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച സഖാവ്‌ എംഎന്‍ രാഘവന്റെ മകനാണ്‌ ഷാജി. ഷാജിയുടെ ഈ കത്തിനോട് കേന്ദ്രനേതൃത്വം എങ്ങിനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

No comments:

Post a Comment