Pages

Thursday, July 8, 2010

മാര്‍ക്സിസ്റ്റുകളും ജമാഅത്തെ ഇസ്ളാമിയും


നാസര്‍ഫൈസി കൂടത്തായിമുസ്ളിംലീഗ്‌ ജമാഅത്തെ ഇസ്ളാമിയുമായി നടത്തിയ ചര്‍ച്ചയെ ടി.കെ. ഹംസ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നു. മുസ്ളിംലീഗ്‌ പോലത്തെ ഒരു പാര്‍ട്ടി ജമാഅത്തെ ഇസ്ളാമിയെന്ന ഭീകരസംഘടനയുമായി ഒരു ചര്‍ച്ചപോലും നടത്തിപോകരുതായിരുന്നു എന്നാണ്‌ ഹംസയുടെ കുണ്ഠിതം - ലീഗ്‌ എന്താണ്‌ എന്നും സഖാവ്‌ വ്യക്തമാക്കുന്നുണ്ട്‌: 'മതാധിഷ്ഠിത ദൈവിക ഭരണം സ്ഥാപിക്കുക എന്നതോ ഇസ്ളാമിക നിയമങ്ങള്‍ മാത്രം പുലര്‍ത്തുന്ന ഇസ്ളാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതോ ലീഗിണ്റ്റെ പരിപാടിയല്ല. 'ജമാഅത്തെ ഇസ്ളാമി അങ്ങനെയല്ല; അതൊരു ഭീകര സംഘടനയാണെന്നാണ്‌ പാര്‍ട്ടി പത്രത്തിലൂടെ എന്തുകൊണ്ട്‌ 'ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പരയില്‍ സഖാക്കള്‍ എഴുതിവിടുന്നത്‌. സഖാവ്‌ ടി.കെ. ഹംസ എഴുതുന്നു: 'ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി നിലകൊള്ളുന്നത്‌ ഇന്ത്യയെ ഇസ്ളാമീകരിച്ച്‌ ഇവിടെ ഒരു ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കാന്‍തന്നെ എന്ന്‌ കാണാവുന്നതാണ്‌. അല്ലാഹുവിണ്റ്റെ ഭൂമിയില്‍ അല്ലാഹുവിണ്റ്റെ ഭരണം. വിധിക്കാനുള്ള അധികാരം അല്ലാഹുവിന്‌ മാത്രം. ചുരുക്കത്തില്‍ ഹുകൂമത്തെ ഇലാഹി (അല്ലാഹുവിണ്റ്റെ ഭരണം) സ്ഥാപിക്കുക എന്നതാണ്‌ പൊരുള്‍. അല്ലാഹുവിണ്റ്റെ ഭരണം എന്നാല്‍ അല്ലാഹുവിണ്റ്റെ ഭരണം സ്ഥാപിക്കുന്നവരുടെ ഭരണം. സ്ഥാപിക്കുന്നത്‌ ജമാഅത്തെ ഇസ്ളാമി, അപ്പോള്‍ അവരുടെ ഭരണംതന്നെ. അടിസ്ഥാനപരമായി ലോകത്തുള്ള ഭീകര സംഘടനകളുടെ എല്ലാം ആശയസ്രോതസ്സും വികാരാവേശവും ഹസനുല്‍ബന്ന, സയ്യിദ്‌ ഖുതുബ്‌, അബുല്‍ അഅ്ലാ മൌദൂദി എന്നിവരും അവരുടെ പ്രസ്ഥാനങ്ങള്‍ ബ്രദര്‍ഹുഡ്ഡും (ഇഖ്‌വാനുല്‍ മുസ്ളിമീന്‍) ജമാഅത്തെ ഇസ്ളാമിയുമാണെന്ന്‌ ചരിത്രം വ്യക്തമാക്കുന്നു. സയ്യിദ്‌ ഖുതുബിണ്റ്റെ ആധികാരികഗ്രന്ഥമായ 'മെയില്‍ സ്റ്റോണ്‍സ്‌' മലയാളത്തിലേക്ക്‌ 'വഴിയടയാളങ്ങള്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത്‌ ജമാഅത്ത്‌ ഇസ്ളാമിയാണ്‌. അതില്‍ ഇസ്ളാമിക ഭരണത്തിനുവേണ്ടി സായുധ പോരാട്ടം നടത്താന്‍ ആഹ്വാനം ചെയ്യുന്നു. 'ഭീകരവാദത്തിണ്റ്റെ പ്രഭവകേന്ദ്രം ജമാഅത്തെ ഇസ്ളാമിയാണ്‌' ഉദ്ധരണികള്‍ ടി.കെ. ഹംസയുടെ ദേശാഭിമാനി ലേഖനത്തില്‍നിന്ന്‌ (ജു. ൨൩). ഇത്രയും വലിയൊരു ഭീകര പ്രസ്ഥാനവുമായി കൂട്ടുപിടിക്കാനുള്ള ആഗ്രഹം മുസ്ളിംലീഗിനുണ്ടായത്‌ അത്ഭുതമെന്നാണ്‌ ഹംസ എഴുതിയത്‌. ഈ ഉദ്ധരണികളില്‍നിന്ന്‌ ഒരു സംഗ്രഹത്തിലെത്താം. ജമാഅത്തെ ഇസ്ളാമി ഭീകരസംഘടന. അവരുമായി ചങ്ങാത്തം അരുത്‌. അവരെ സഹായിക്കുകയോ അവരോട്‌ സഹായം സ്വീകരിക്കുകയോ അരുത്‌. അവരുമായി ചര്‍ച്ച നടത്തുന്നതുപോലും പാപം. മുസ്ളിംലീഗ്‌ മതാധിഷ്ഠിത ഭരണം ലക്ഷ്യമാക്കുന്നില്ല. അത്തരം ഒരു പാര്‍ട്ടി ജമാഅത്തുമായി ചര്‍ച്ച നടത്തിയത്‌ അത്ഭുതമാണ്‌. സി.പി.എമ്മിന്‌ എപ്പോള്‍ മുതലാണ്‌ ജമാഅത്തെ ഇസ്ളാമി ഭീകര സംഘടനയായത്‌? അതും ഹംസതന്നെ ലേഖനത്തിണ്റ്റെ അവസാന ഭാഗത്ത്‌ വ്യക്തമാക്കുന്നുണ്ട്‌. സോളിഡാരിറ്റി സി.പി.എമ്മിണ്റ്റെ വികസന (?) പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത്‌ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങി, ഇടതുപക്ഷ തീവ്രവാദ (?) സംഘടനകളുമായി കൈകോര്‍ത്തു, കിനാലൂരില്‍ പോലീസിനുനേരെ ചാണകവെള്ളം ഒഴിച്ചു. ഇതൊക്കെ ജമാഅത്ത്‌ സ്വീകരിച്ചപ്പോള്‍ മാത്രമാണ്‌ സാമ്രാജ്യത്വ - കോള വിരുദ്ധ, ഇടതുപക്ഷ സഹയാത്രിക പ്രസ്ഥാനമെന്നെല്ലാം മാര്‍ക്സിസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ ഭീകരവാദികളാകുന്നത്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ഇനിയുമുണ്ട്‌ ജമാഅത്തിനെക്കുറിച്ച്‌ പറയാന്‍. ജമാഅത്ത്‌ വിരുദ്ധതയാല്‍ സി.പി.എമ്മിന്‌ നൂറ്‌ നാക്കാണ്‌. 'മുസ്ളിം ബഹുജനങ്ങളില്‍ വളരെയേറെ ഒറ്റപ്പെട്ട സംഘടനയാണ്‌ ചെറിയ ന്യൂനപക്ഷമായ ജമഅത്തെ ഇസ്ളാമി. സാധാരണ മുസ്ളിംകള്‍ ശക്തമായി എതിര്‍ക്കുന്ന വിഭാഗമാണവര്‍. ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നവരല്ല. ഇസ്ളാമിക - ദൈവ രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നവരാണവര്‍. (പിണറായി വിജയന്‍ - മാധ്യമം. മെയ്‌ ൨൧). 'രാജ്യത്തിണ്റ്റെ സുരക്ഷയോ, അസ്തിത്വമോ മുഖവിലക്കെടുക്കാതെ സാര്‍വദേശീയ ഫണ്ടും ബന്ധവും ഉപയോഗിച്ച്‌ വര്‍ഗ്ഗീയത വളര്‍ത്താന്‍മാത്രം ശ്രമിക്കുന്ന പ്രസ്ഥാനമെന്നതിലുപരി യാതൊരു പ്രതിബദ്ധതയും രാജ്യത്തോട്‌ ജമാഅത്തെ ഇസ്ളാമിക്കില്ല...... പേരുകൊണ്ട്‌ കാണാന്‍ കഴിയില്ലെങ്കിലും സോളിഡാരിറ്റിയും മാധ്യമം പത്രവും വര്‍ഗീയ പ്രീണനവും അവസരവാദപരമായ നീക്കങ്ങളുമാണ്‌ നടത്തുന്നത്‌. ' (തോമസ്‌ ഐസക്‌ - ചന്ദ്രിക, മെയ്‌-൨൬)ഈ 'ഭീകര, തീവ്രവാദ, വര്‍ഗീയ, മതരാഷ്ട്രവാദ, രാജ്യദ്രോഹ, സമുദായത്തില്‍ ഒറ്റപ്പെട്ട' ഒരു സംഘടനയെ സി.പി.എം. കിനാലൂറ്‍ സംഭവംവരെ സംരക്ഷിക്കുകയും ആനുകൂല്യങ്ങള്‍ നല്‍കി കൂടെ നിര്‍ത്തുകയുമായിരുന്നു. ന്യൂനപക്ഷ ഉന്നതിക്കുവേണ്ടി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കേരളത്തില്‍ കൊണ്ടുവരുന്നു എന്ന്‌ പറയപ്പെടുന്ന പ്രവര്‍ത്തന കമ്മിറ്റിയായ പാലോളി കമ്മിറ്റിയും പൂര്‍ണ നിയന്ത്രണം സര്‍ക്കാര്‍ ഏല്‍പിച്ചത്‌ ഈ 'ഭീകര' പ്രസ്ഥാനത്തിണ്റ്റെ ആളുകളെയായിരുന്നു. വഖഫ്‌ ബോര്‍ഡിലും ഹജ്ജ്‌ കമ്മിറ്റിയിലും സര്‍ക്കാര്‍ നോമിനികളായി എത്തിയത്‌ ജമാഅത്തെ ഇസ്ളാമിക്കാരാണ്‌. സമുദായത്തിണ്റ്റെ വന്‍ഭൂരിപക്ഷ വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സമസ്തയേയും മുജാഹിദിനേയും മാറ്റിവെച്ചുകൊണ്ടാണ്‌ 'ഒറ്റപ്പെട്ട' സംഘടനക്ക്‌ സര്‍ക്കാര്‍ അവസരം നല്‍കിയത്‌. ഹജ്ജ്‌ കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം എ.പി. സുന്നി വിഭാഗത്തിന്‌ നല്‍കിയപ്പോള്‍ അതില്‍ ഏറെ കോപിച്ചത്‌ ജമാഅത്തെ ഇസ്ളാമി ആയതിനാല്‍ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍സ്ഥാനം ജമാഅത്തിനെ പ്രീതിപ്പെടുത്താനാണ്‌ കാന്തപുരം വിഭാഗത്തിനുപോലും അത്‌ നിഷേധിച്ചത്‌. എന്നിട്ട്‌ നല്‍കിയതോ മതവിരോധിക്കും. മകന്‍ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീരുകണ്ട സംതൃപ്തിയില്‍ ജമാഅത്ത്‌ നേതൃത്വവും. എന്നാല്‍ ജമാഅത്തെ ഇസ്ളാമിയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ജമാഅത്ത്‌ ദൃഷ്ടിയില്‍ സി.പി.എമ്മിനില്ലാത്ത അയോഗ്യത ഇല്ല. ജമാഅത്ത്‌ നേതൃത്വം പ്രതികരിച്ചു. 'ഇപ്പോഴും സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കുന്ന സി.പി.എം. ജനാധിപത്യത്തെക്കുറിച്ച്‌ ജമാഅത്തിനെ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായിട്ടാണ്‌ മാര്‍ക്സിസ്റ്റുകാര്‍ വീക്ഷിക്കുന്നത്‌. (ടി. ആരിഫലി, മാധ്യമം, മെയ്‌-൨൨). 'അമേരിക്കന്‍ ചാരന്‍ എന്ന്‌ ആരോപിക്കപ്പെടുന്ന റിച്ചാര്‍ഡ്‌ ഫ്രാങ്കിയുമായി അടുത്തബന്ധം തുടരുന്ന ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്‌ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിദേശബന്ധം ആരോപിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന്‌ ജമാഅത്തെ ഇസ്ളാമി കേരള അസി. അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌. യഥാര്‍ത്ഥത്തില്‍ പൊയ്മുഖമണിഞ്ഞിരിക്കുന്നത്‌ മതങ്ങളെ നശിപ്പിക്കുക അജണ്ടയായുള്ള കമ്മ്യൂണിസ്റ്റുകളാണ്‌. കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെണ്റ്റുകളുടെയും ഭൂമാഫിയയുടെയും താല്‍പര്യം സംരക്ഷിക്കുന്നതും പൊയ്മുഖമാണ്‌. വോട്ട്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍പോലും ജമാഅത്ത്‌ ഓഫീസില്‍ വന്ന ടി.കെ. ഹംസക്ക്‌ എന്നാണ്‌ ജമാഅത്ത്‌ വര്‍ഗ്ഗീയതയായതെന്ന്‌ ശൈഖ്‌ മുഹമ്മദ്‌ ചോദിച്ചു. (മാധ്യം, മെയ്‌-൨൭). ജമാഅത്തെ ഇസ്ളാമിയെ സംബന്ധിച്ച്‌ സി.പി.എമ്മും ദേശാഭിമാനിയും (ജൂണ്‍ ൨൨ മുതല്‍ ദേശാഭിമാനിയില്‍ 'എന്തുകൊണ്ട്‌ ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം' എന്ന ലേഖന പരമ്പര ആരംഭിച്ചിരിക്കയാണ്‌. സ്വത്വവാദികളെകൊണ്ടുപോലും ലേഖനങ്ങളെഴുതിച്ചു). തുറന്നടിക്കാന്‍ തീരുമാനിച്ചതിണ്റ്റെ ചേതോവികാരമെന്തെന്ന്‌ ആര്‍ക്കുമറിയാം. ജമാഅത്തെ ഇസ്ളാമിയെക്കുറിച്ച്‌ 'ദളിത്‌ - ആദിവാസി സ്നേഹത്തിണ്റ്റെയും പരിസ്ഥിതി പ്രണയത്തിണ്റ്റെയും മനുഷ്യാവകാശ മമതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും കടുത്ത ചായക്കൂട്ടുകള്‍ മുഖത്തുതേച്ച്‌, ഇടതുപക്ഷ പദാവലികളുടെ ഒരു അതിഭാഷ സൃഷ്ടിച്ച്‌, തങ്ങള്‍ മഹാ മതേതര - ജനാധിപത്യ വാദികള്‍ ആണെന്ന്‌ പുരപ്പുറത്ത്‌ കയറി പ്രസംഗിക്കുന്നവര്‍ - വാദ്യഘോഷവുമായി അകമ്പടി സേവിക്കാന്‍ മുന്‍ നക്സലൈറ്റുകളെയും മുന്‍ റോയിസ്റ്റുകളെയും വ്യാജ ഇടതന്‍മാരെയും ചൊല്ലും ചെലവും കൊടുത്ത്‌ അവര്‍ നിര്‍ത്തിയിട്ടുമുണ്ട്‌' എന്ന്‌ ദേശാഭിമാനി കണ്ടെത്തിയത്‌ കിനാലൂറ്‍ പ്രശ്നത്തെ തുടര്‍ന്ന്‌ മാത്രമാണ്‌. ൨൦൦൬-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ൨൦൦൭-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത്‌ ഇടതിന്‌ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നു. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീര്‍ എക്സ്പ്രസ്‌ ഹൈവേ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ തൊണ്ടകീറി സോളിഡാരിറ്റി ഒച്ചവെച്ചപ്പോള്‍ 'പരിസ്ഥിതി പ്രണയം' കണ്ട്‌ ഡി.വൈ.എഫ്‌.ഐ.യേക്കാള്‍ സി.പി.എം. സ്നേഹിച്ചത്‌ സോളിഡാരിറ്റിയെ ആയിരുന്നു. മുത്തങ്ങ സംഭവത്തിലും ജമാഅത്തിണ്റ്റെ 'ആദിവാസി സ്നേഹംകണ്ട്‌ ഇടതുപക്ഷം കലവറയില്ലാതെ കെട്ടിപ്പുണര്‍ന്നു. അന്നൊക്കെ ജമാഅത്തിണ്റ്റെ മതരാഷ്ട്രവാദം, തീവ്രവാദം, ഭീകരവാദം, വര്‍ഗീയത, ജനാധിപത്യ - മതേതരത്വ വിരുദ്ധം എന്നിവയൊന്നും സി.പി.എം. ഉരിയാടിയില്ല. ജമാഅത്തെ ഇസ്ളാമിയാകട്ടെ ഇപ്പോള്‍ സി.പി.എമ്മിനെക്കുറിച്ച്‌ പറയുന്ന വൈകല്യങ്ങളൊക്കെ നേരത്തെ അവര്‍ക്കുണ്ടായിരുന്നതുമാണ്‌. സ്റ്റാലിണ്റ്റെ പടംവെച്ച്‌ പൂജിക്കല്‍, ഇന്ത്യന്‍ ജനാധിപത്യം ബൂര്‍ഷ്വാ ജനാധിപത്യമാണെന്ന മാര്‍ക്സിസ്റ്റ്‌ വാദം, സാമ്രാജ്യത്വവുമായി സഹവര്‍ത്തിത്വം, മതങ്ങളെ നശിപ്പിക്കുക എന്ന അജണ്ട. എല്ലാം സി.പി.എമ്മില്‍ ജമാഅത്ത്‌ കണ്ടെത്തിയത്‌ സി.പി.എം. ജമാഅത്തിനെ കിനാലൂറ്‍ പ്രശ്നത്തില്‍ എതിര്‍ത്തതോടുകൂടിയാണ്‌. സി.പി.എമ്മിനെ ജമാഅത്ത്‌ കണ്ടെത്തിയതും ജമാഅത്തിനെ സി.പി.എം. കണ്ടെത്തിയതും നേരത്തെ ജനാധിപത്യ കേരളം കണ്ടെത്തിയിരുന്നു. വിവേകം വൈകി ഉദിച്ചതില്‍ അല്ലെങ്കില്‍ വൈകി സത്യം പറഞ്ഞതില്‍ സി.പി.എമ്മിനും ജമാഅത്തിനും അഭിനന്ദനം.

No comments:

Post a Comment