Pages

Wednesday, July 21, 2010

ഉത്തരം തേടുന്ന ആശങ്കകള്‍
ടി.പി. എം ബഷീര്‍


കേരളത്തില്‍ ഈയിടെയായി ഭീകരതയുടെ ഭാവംപൂണ്ട തീവ്രവാദത്തിണ്റ്റെ പിതൃത്വവും രക്ഷാകര്‍തൃത്വവും കെട്ടിയേല്‍പിക്കാന്‍ പ്രതിയോഗികളെ തിരയുന്ന തിരക്കിലാണ്‌ സി.പി.എം. തീവ്രവാദം മുസ്ളിം പ്രതലത്തില്‍ നിന്നായതിനാല്‍ മുസ്ളിംലീഗിനെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയാണവര്‍. ചാനല്‍ ചര്‍ച്ചകളില്‍ വാര്‍ത്താവതാരകരുടെ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി മറുപടിപറയാനാവാതെ നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും മറുചോദ്യങ്ങള്‍ ചോദിച്ചു സാമര്‍ത്ഥ്യം കാണിക്കുകയാണവര്‍. ഈ വിചാരണയില്‍ വാദി പ്രതിയാവുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും പ്രതികളുടെ രക്ഷാകര്‍ത്താക്കള്‍ വിധികര്‍ത്താക്കളാവുകയുമാണ്‌. കേരളത്തിണ്റ്റെ സാംസ്കാരിക പ്രബുദ്ധതക്ക്‌ നിരക്കാത്ത ചോദ്യമാണ്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അദ്ധ്യാപകന്‍ ടി.ജെ. ജോസഫ്‌ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയാറാക്കിയത്‌. പി.ടി. കുഞ്ഞിമുഹമ്മദിണ്റ്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍' എന്ന ലേഖനത്തിലെ ഒരുഭാഗം ഗവേഷണത്തിലൂടെ കണ്ടെത്തി ചോദ്യമാക്കി പരിവര്‍ത്തിപ്പിക്കാനും അതിലെ ഭ്രാന്തന്‍ കഥാപാത്രത്തിന്‌ 'മുഹമ്മദ്‌' എന്നുതന്നെ പേരുനല്‍കാനും കാണിച്ച മിടുക്ക്‌, അദ്ദേഹത്തിണ്റ്റെ നിഷ്കളങ്കതയെ ചോദ്യംചെയ്യുന്നുണ്ട്‌. ദൈവത്തെ 'പടച്ചോനെ' എന്നു വിളിക്കുന്നത്‌ മുസ്ളിംകളായതിനാല്‍ ഭ്രാന്തന്‌ മുഹമ്മദ്‌ എന്ന്‌ പേര്‌ നല്‍കിയതാണെന്നും അതില്‍ പ്രവാചകനിന്ദ നിനച്ചിരുന്നില്ലെന്നും ജോസഫ്‌ ഇപ്പോള്‍ വാദിക്കുന്നു. (മാതൃഭൂമി ൧൧.൭.൨൦൧൦). തണ്റ്റെ ലേഖനത്തില്‍ ഈ ഭാഗമില്ലെന്നും പ്രസംഗത്തില്‍ ഉള്‍പ്പെട്ട ഭാഗം എടുത്തുചേര്‍ത്തതാകാമെന്നും കഥയിലെ 'ഭ്രാന്തന്‍' മുസ്ളിം കഥാപാത്രമല്ലെന്നും പി.ടി. കുഞ്ഞിമുഹമ്മദും 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട പി.ടി. കുഞ്ഞിമുഹമ്മദിണ്റ്റെ ലേഖനത്തില്‍ ഇത്തരമൊരു കഥാതന്തു ഉള്‍പ്പെട്ടിട്ടില്ലെന്നും തണ്റ്റെ അറിവോടെയല്ല ഇത്‌ ഉള്‍പ്പെടുത്തിയതെന്നും പ്രസ്തുത പുസ്തകം സമാഹരിക്കുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്ത പി.എം. ബിനുകുമാറും പറയുന്നു. (മാധ്യമം. ൧൨.൭.൧൦). ലേഖകനും എഡിറ്ററും അറിയാത്ത കാര്യങ്ങള്‍ എങ്ങനെ പുസ്തകത്തില്‍ ഉള്‍പ്പെട്ടുവെന്ന്‌ വ്യക്തമാക്കേണ്ടത്‌ പ്രസാധകരായ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌. ഇതാണ്‌ യാഥാര്‍ത്ഥ്യമെങ്കില്‍ ചോദ്യനിര്‍മ്മിതിയുടെ ലക്ഷ്യവും അതിന്‌ തേടുന്ന ഉത്തരത്തിണ്റ്റെ സാംഗത്യവും തീര്‍ച്ചയായും സംശയിക്കപ്പെടുന്നുണ്ട്‌. ഇത്തരം ചോദ്യ നിര്‍മ്മിതികള്‍ സമൂഹം വിചാരണ ചെയ്യേണ്ടതുണ്ട്‌. പക്ഷേ, അത്തരം വിചാരണകള്‍പോലും ജനാധിപത്യപരമാവണം; നിയമപരവുമാവണം. പ്രവാചകനിന്ദയുടെ പേരില്‍ ഒരു വ്യക്തിയുടെ കൈപ്പത്തി വെട്ടിമാറ്റുന്നത്‌ തീര്‍ച്ചയായും പ്രവാചക സ്നേഹമാവുന്നില്ല. അധ്യാപകന്‍ ചെയ്തതുപോലെ വലിയ തെറ്റാണിത്‌. കാരണം പ്രവാചകണ്റ്റെ മാര്‍ഗത്തിന്‌ വിരുദ്ധമാണത്‌. മാത്രമല്ല, ഒട്ടേറെ സ്വത്വ ബഹുത്വങ്ങള്‍ക്കിടയില്‍ ഈ ശൈലി സത്യത്തിനും യുക്തിക്കും നിയമത്തിനും നീതിക്കും നിരക്കാത്തതാണ്‌. അദ്ധ്യാപകണ്റ്റെ കൈവെട്ടി മാറ്റിയ കിരാതത്വത്തില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ട്‌, എന്‍.ഡി.എഫിണ്റ്റെ ദേശീയ രൂപമാണ്‌. എസ്‌.ഡി.പി.ഐ. അവരുടെ രാഷ്ട്രീയ വേദിയുമാണ്‌. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും നിസ്സാര പ്രശ്നങ്ങളില്‍പ്പോലും അതി വൈകാരികത വളര്‍ത്തി മുതലെടുത്തുമാണ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തിക്കുന്നത്‌. ബാബ്‌രി മസ്ജിദ്‌ തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ മുസ്ളിം സമുദായത്തില്‍ രൂപപ്പെട്ട വൈകാരിക വിക്ഷോഭങ്ങളെ മുതലെടുത്താണ്‌ എന്‍.ഡി.എഫ്‌. രൂപപ്പെടുന്നത്‌. സിമിയുടെ പുതിയ രൂപമെന്നുതന്നെ എന്‍.ഡി.എഫിനെ വിളിക്കാം. കാരണം സിമിയുടെ നേതാക്കള്‍ തന്നെയാണ്‌ എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും എസ്‌.ഡി.പി.ഐ.ക്കും നേതൃത്വം നല്‍കുന്നത്‌. അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ഐ.എസ്‌.എസ്‌., ബാബ്‌രി മസ്ജിദ്‌ ദുരന്താനന്തര കാലത്തെ ആദ്യത്തെ തീവ്രവാദ സംഘമാണ്‌. ഐ.എസ്‌.എസ്‌. വികാരങ്ങളാല്‍ വിജൃംഭിതരായ ഒരാള്‍ക്കൂട്ടമായിരുന്നു. മഅ്ദനിയുടെ തീപ്പൊരി പ്രസംഗം മാത്രമായിരുന്നു അതിണ്റ്റെ തിണ്ണബലം. ഐ.എസ്‌.എസ്‌. പിരിച്ചുവിട്ട്‌ പി.ഡി.പി.യായി വേഷപ്പകര്‍ച്ച സംഭവിച്ചപ്പോള്‍ നിരാശരും നിരാശ്രയരുമായ ആള്‍ക്കൂട്ടത്തെ സംഘടനാ രൂപത്തില്‍ ക്രമപ്പെടുത്തുകയായിരുന്നു എന്‍.ഡി.എഫ്‌. സംഘപരിവാറില്‍നിന്ന്‌ സമുദായത്തെ പ്രതിരോധിക്കാന്‍ എന്ന ന്യായവാദത്തോടെയാണ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തിച്ചുതുടങ്ങുന്നത്‌. എന്‍.ഡി.എഫിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ തീവ്രവാദ ലക്ഷണങ്ങള്‍ പ്രകടമായ ആദ്യഘട്ടത്തില്‍തന്നെ മുസ്ളിം സംഘടനകള്‍ ശക്തമായ നിലപാടെടുത്തു. ഇതിനെതിരായാണ്‌ 'പ്രതിരോധം അപരാധമല്ല' എന്ന ലഘുലേഖ എന്‍.ഡി.എഫ്‌. പ്രസിദ്ധീകരിക്കുന്നത്‌. ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാര്‍ഗത്തില്‍ രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കിയ കേരളത്തിലെ മുസ്ളിംകള്‍ക്ക്‌ തീവ്രവാദപരവും അരാഷ്ട്രീയവും സാമുദായിക ധ്രുവീകരണത്തിന്‌ ഹേതുവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സ്വാഭാവികമായും മുസ്ളിംകള്‍ ഇതിനെതിരെ നിലപാടെടുത്തു. ഐ.എസ്‌.എസ്‌., പി.ഡി.പി., എന്‍.ഡി.എഫ്‌. തുടങ്ങിയ സംഘടനകളെല്ലാം ബാബ്‌രി മസ്ജിദ്‌ ദുരന്തത്തെ തങ്ങളുടെ നിലനില്‍പിണ്റ്റെ അടിത്തറയാക്കി. അതിവൈകാരികതയുടെ മാര്‍ഗം സ്വീകരിച്ചപ്പോള്‍, ജമാഅത്തെ ഇസ്ളാമി ഈ പ്രവണതയെ പ്രോത്സാഹിപ്പിച്ചു. ഈ കക്ഷികളെല്ലാം മുസ്ളിംലീഗിനെതിരാണെന്ന്‌ തിരിച്ചറിഞ്ഞ സി.പി.എം., ഈ കക്ഷികളെ പിന്തുണക്കാനും കൂടെ നിര്‍ത്തി വോട്ടാക്കി മാറ്റാനുമുള്ള തന്ത്രങ്ങള്‍ തയാറാക്കി. മുസ്ളിംലീഗ്‌ വളര്‍ത്തിയെടുത്ത രാഷ്ട്രീയ ശാക്തീകരണത്തെ ശിഥിലമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പി.ഡി.പി.യെയും നാഷണല്‍ ലീഗിനേയും മുന്‍നിര്‍ത്തി ഇ.എം.എസ്‌. പറഞ്ഞു. 'മുസ്ളിംലീഗ്‌ മൂന്നായി.' മുസ്ളിംലീഗ്‌ എന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ശിഥിലമായി എന്ന ചിന്തയില്‍നിന്നുയര്‍ന്ന ആഹ്ളാദമായിരുന്നു അത്‌. തുടര്‍ന്ന്‌ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ ശക്തികളെല്ലാം ഒന്നിക്കുന്നതും അവരും ഇടതുപക്ഷവും പരസ്പരം സന്ധിക്കുന്നതും നാം കണ്ടു. പിന്നീട്‌ നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഇത്തരം ലീഗ്‌ വിരുദ്ധ തീവ്രവാദ ശക്തികളെ കൂടെ നിര്‍ത്താന്‍വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി, ജനകീയ മുന്നണി, വികസന മുന്നണി, പുരോഗമന മുന്നണി, മതേതര മുന്നണി എന്നിങ്ങനെ പല പഞ്ചായത്തുകളില്‍ വേഷംമാറി. അരിവാള്‍ ചുറ്റിക നക്ഷത്രം ഉള്‍പ്പെടെയുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ക്ക്‌ പകരം കണ്ണടയും സൈക്കിളും വിമാനവും തുലാസും തോണിയുമൊക്കെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നമായി മാറി. സി.പി.എമ്മിണ്റ്റെ അവസരവാദത്തിണ്റ്റെ മികച്ച ഉദാഹരണമായിരുന്നു അത്‌. പ്രസ്തുത തെരഞ്ഞെടുപ്പില്‍ മുസ്ളിംലീഗിന്‌ മലപ്പുറം മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ ഒട്ടേറെ പഞ്ചായത്തുകളുടെ ഭരണം നഷ്ടമായി. ഇ.എം.എസ്‌. വീണ്ടും ആഹ്ളാദം പങ്കുവെച്ചു. 'തങ്ങന്‍മാരുടെയും മുസ്ള്യാന്‍മാരുടെയും കാലം കഴിഞ്ഞു. ആറ്‌ പതിറ്റാണ്ടിണ്റ്റെ പാരമ്പര്യമുള്ള ജനാധിപത്യ - മതേതര വ്യവസ്ഥകള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനപഥത്തിണ്റ്റെ മുഖ്യധാരാ പ്രവേശനത്തിന്‌ വേദിയൊരുക്കിയ മുസ്ളിംലീഗിനെ ദുര്‍ബലപ്പെടുത്തി, ഇത്തരം സംഘടനകളെ വളര്‍ത്തുന്നത്‌ അപകടകരമാണെന്ന്‌ പലരും മുന്നറിയിപ്പ്‌ നല്‍കിയതാണ്‌. എന്നാല്‍ സി.പി.എം. ഈ ബാന്ധവം തുടരുകയാണുണ്ടായത്‌. ൨൦൦൪-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ വിജയവും ൨൦൦൬-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ചില നിയോജക മണ്ഡലങ്ങളിലുണ്ടായ വിജയവും ഈ കൂട്ടുകച്ചവടത്തില്‍ സി.പി.എമ്മിനുകിട്ടിയ ലാഭമായിരുന്നു. ഇതിണ്റ്റെ തുടര്‍ച്ചയായിരുന്നു ൨൦൦൯-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ മഅ്ദനിയുമായി വേദി പങ്കിട്ടതുപോലെയുള്ള നാടകങ്ങള്‍. പൊന്നാനിയിലെ കച്ചവടത്തില്‍ നഷ്ടം വന്നപ്പോഴാണ്‌ മഅ്ദനി കറിവേപ്പിലയായത്‌! ന്യൂനപക്ഷങ്ങളെ വൈകാരികമായി പ്രകോപിപ്പിച്ച്‌ വോട്ടാക്കി മാറ്റാനുള്ള സാമര്‍ത്ഥ്യം ഇനി പ്രകടിപ്പിക്കാനാവില്ലെന്ന്‌ വന്നപ്പോഴാണ്‌ അടുത്ത തെരഞ്ഞെടുപ്പിന്‌ പുതിയ പാര്‍ട്ട്ണര്‍മാരെ സി.പി.എം. തേടുന്നത്‌. അത്‌ സംഘപരിവാരത്തുനിന്നായാല്‍ ഇരട്ടി ലാഭവുമാണ്‌. എന്‍.ഡി.എഫിണ്റ്റെയും അതിണ്റ്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെയും പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്ന്‌ സി.പി.എമ്മിനും മറ്റു ചിലര്‍ക്കും ഇപ്പോള്‍ മാത്രമാണ്‌ ബോധ്യപ്പെടുന്നത്‌! ഇത്തരം ദുരൂഹതകള്‍ തുടക്കത്തില്‍ തിരിച്ചറിഞ്ഞതും പ്രതികരിച്ചതും മുസ്ളിം സംഘടനകള്‍ തന്നെയാണ്‌. മുസ്ളിംലീഗ്‌ പ്രവര്‍ത്തകര്‍ എന്‍.ഡി.എഫില്‍ അംഗത്വമെടുക്കരുതെന്ന്‌ മര്‍ഹൂം കൊരമ്പയില്‍ അഹമ്മധാജി പാര്‍ട്ടി സെക്രട്ടറിയായിരിക്കെ സര്‍ക്കുലറിലൂടെ വിലക്കിയിരുന്നു. നിരവധി തവണ തീവ്രവാദവിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നോട്ടുവന്നവരെ കായികമായി നേരിടുകയായിരുന്നു എന്‍.ഡി.എഫ്‌. സംഘപരിവാരത്തിനെതിരെ സമുദായത്തെ രക്ഷിക്കാന്‍ വന്നവര്‍ സമുദായത്തില്‍പെട്ടവരെതന്നെ ആക്രമിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായി. ഒരു പ്രത്യേക ഘട്ടത്തില്‍, ആവശ്യത്തിന്‌ ഊര്‍ജ്ജം ലഭിച്ചുകഴിഞ്ഞപ്പോഴാണ്‌ എന്‍.ഡി.എഫ്‌. സി.പി.എമ്മിനെതിരെ ചിലയിടങ്ങളില്‍ കൊമ്പുകോര്‍ത്തത്‌. അങ്ങനെയുണ്ടായ സംഘട്ടനത്തില്‍ ഇരുവിഭാഗങ്ങളിലും പെട്ടവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. ൧൯ പേരുടെ കണക്ക്‌ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ രാജേഷ്‌ പറയുമ്പോള്‍, തലശ്ശേരിയിലെ ഫസല്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം എന്‍.ഡി.എഫും പറയുന്നു. ഇത്‌ എന്‍.ഡി.എഫിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിണ്റ്റെ ഭാഗമായിരുന്നില്ല. മറിച്ച്‌, ഇരുകൂട്ടരും തമ്മിലുളള ബന്ധം വഷളായതിണ്റ്റെ ബാക്കിപത്രമായിരുന്നു. മുസ്ളിം സമുദായത്തെ നിലപാടുതറയാക്കി മതേതര പേര്‌ സ്വീകരിച്ച്‌ പൊതുസമൂഹത്തെ കബളിപ്പിക്കുകയാണിവര്‍. ബാബ്‌രി മസ്ജിദ്‌ ദുരന്താനന്തരം മുസ്ളിംകള്‍ക്കിടയില്‍ രൂപപ്പെട്ട എല്ലാ സംഘടനകളിലും ജമാഅത്തെ ഇസ്ളാമിയുടെ സോളിഡാരിറ്റി ഉള്‍പ്പെടെ, ഈ കബളിപ്പിക്കല്‍ സമീപനം കാണാം. പൊതു സമൂഹത്തിന്‌ മുമ്പില്‍ മതേതര വേഷമണിയുകയും എന്നാല്‍ സമുദായത്തെ വൈകാരികമായി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ഈ ശൈലി സമുദായവും പൊതു സമൂഹവും തിരിച്ചറിയണം. കൈവെട്ട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫീസുകളില്‍ നടത്തുന്ന റെയ്ഡ്‌ സമുദായ പീഡനമായി ചിത്രീകരിക്കുന്നതും 'മഹല്ല്‌ കമ്മിറ്റി, മുസ്ളിം ഐക്യവേദി' എന്നീ ബാനറുകളില്‍ പ്രതിഷേധവുമായി രംഗത്തുവരുന്നതും ഈ കബളിപ്പിക്കലിണ്റ്റെ തുടര്‍ച്ചയാണ്‌. ജോസഫ്‌ എന്ന അധ്യാപകന്‍ ചെയ്ത തെറ്റിന്‌ ആധുനിക സമൂഹത്തില്‍ നല്‍കാവുന്ന നിയമപരമായ ശിക്ഷയാണ്‌ നല്‍കേണ്ടത്‌. അതിന്‌ പകരം പ്രാകൃതമായ ശിക്ഷാമുറകള്‍ നടപ്പാക്കിയ രീതിക്ക്‌ യാതൊരു ന്യായീകരണവുമില്ല. സഭ മാപ്പുചോദിച്ചത്‌ അംഗീകരിക്കുകയായിരുന്നു മാന്യത. എന്നാല്‍ അതൊരു ഒറ്റപ്പെട്ടതും പ്രാദേശികവുമായ സംഭവമാണെന്ന്‌ പറയുന്ന പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍, ഫലത്തില്‍ ഈ കിരാതത്വത്തെ ന്യായീകരിക്കുകയാണ്‌. ഈ ദാരുണാവസ്ഥയുടെ പശ്ചാത്തലത്തിലെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം ഛിദ്രശക്തികള്‍ക്കെതിരെ സത്യസന്ധമായ നിലപാട്‌ സ്വീകരിക്കുകയാണ്‌ വേണ്ടത്‌. തെറ്റുതിരുത്തല്‍ രേഖയില്‍, ലീഗിനെ തകര്‍ക്കാന്‍, തീവ്രവാദ സംഘടനകളുമായി സങ്കുചിത രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉണ്ടാക്കിയ ബാന്ധവംകൂടി ഉള്‍പ്പെടുത്തിയാല്‍ സി.പി.എമ്മിന്‌ തങ്ങളുടെ നിലപാടില്‍ അല്‍പമെങ്കിലും സത്യസന്ധത പുലര്‍ത്താനാവും. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരമൊരു തിരിച്ചറിവുണ്ടായാല്‍ മാത്രമേ കേരളത്തെ ഈ പ്രതിസന്ധിയില്‍നിന്ന്‌ രക്ഷിക്കാനാവുകയുള്ളൂ.

No comments:

Post a Comment