Pages

Monday, July 26, 2010

മുഖ്യമന്ത്രിപദത്തിന് നിരക്കാത്ത വാക്കുകള്‍

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ക്രിമിനലുകളെയും തീവ്രവാദികളെയും തീറ്റിപ്പോറ്റുകയും അവര്‍ക്ക് ജയിലില്‍പ്പോലും മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയസമീപനത്തിനുള്ള കനത്ത വിലയാണ് ഇപ്പോള്‍ കേരളം കൊടുക്കുന്നത്


സ്വന്തം പാര്‍ട്ടി പത്രംപോലും പ്രസിദ്ധീകരിക്കാന്‍ ഭയപ്പെട്ട ഒരു പ്രസ്താവന നടത്തിയിരിക്കുന്നു വി.എസ്. അച്യുതാനന്ദന്‍. 'അടുത്ത ഇരുപതുവര്‍ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമം' എന്ന അത്യന്തം പ്രകോപനപരമായ വാക്കുകള്‍ കേവലമൊരു സി.പി.എം നേതാവിന്റേതല്ല, കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലിരിക്കുന്ന വ്യക്തിയുടേതാണ് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമാധാനകാംക്ഷികളായ കേരളത്തിലെ മുസ്‌ലിം സമുദായം പോപ്പുലര്‍ ഫ്രണ്ടിനെ പിറവിയിലേ തള്ളിക്കളഞ്ഞതാണ്. അത്തരമൊരു സംഘടനയെ ചൂണ്ടിക്കാട്ടി സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കൗശലമാണ് മുഖ്യമന്ത്രി പ്രയോഗിച്ചത്.

സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ഇത്രയും വിഷമയമായ വാക്ക് പ്രയോഗിച്ച ഒരു രാഷ്ട്രീയനേതാവും കേരളത്തിലുണ്ടായിട്ടില്ല. നരേന്ദ്രമോഡിയോ തൊഗാഡിയയോ പറയുന്ന വാക്കുകളാണ് അച്യുതാനന്ദനിലൂടെ കേട്ടത്. പ്രവാചകനെ നിന്ദിച്ച് ചോദ്യം തയ്യാറാക്കിയതിനെ ക്രൈസ്തവരും അധ്യാപകന്റെ കൈവെട്ടിയതിനെ മുസ്‌ലിങ്ങളും ഒറ്റക്കെട്ടായി അപലപിച്ചു. നന്മയ്ക്ക് പ്രചോദനം പകരുന്ന ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവസമൂഹങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന മൈത്രിയുടെ മണ്ണാണിത്. ആ പരസ്​പരസ്‌നേഹത്തിന്റെ കൈകള്‍ വെട്ടിമുറിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ വാളോങ്ങിയിരിക്കുന്നത്. പൊതുസമൂഹത്തിന്റെ കൂട്ടായ എതിര്‍പ്പില്‍ തളര്‍ന്നുപോയ പോപ്പുലര്‍ ഫ്രണ്ടിന് ഊര്‍ജം പകരാനും സ്വയം ന്യായീകരിക്കാനുമുള്ള മുന്തിയ മരുന്നാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്.

പോപ്പുലര്‍ ഫ്രണ്ടും പി.ഡി.പി.യും മുസ്‌ലിം സമുദായത്തിനും അച്യുതാനന്ദന്‍ സി.പി.എമ്മിനും ഒരു ബാധ്യതയാണ്. സമുദായസംഘര്‍ഷത്തിലൂടെ ലാഭക്കൊയ്ത്തിനിറങ്ങിയവരാണിവര്‍. തെക്കന്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും പി.ഡി.പി.യെയും ന്യായീകരിച്ചു നടക്കുന്ന ചില മതപണ്ഡിതന്മാരും അച്യുതാനന്ദനെപ്പോലുള്ളവര്‍ക്ക് അവസരമുണ്ടാക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പുരോഗതിക്കുള്ള പരിശ്രമങ്ങളെ എന്നും വര്‍ഗീയ ച്ചുവയോടെ എതിര്‍ത്ത അച്യുതാനന്ദനെന്ന കമ്യൂണിസ്റ്റിനുള്ളില്‍ ഒരു കമ്യൂണലിസ്റ്റുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഇപ്പോഴുള്ള പ്രസ്താവനകള്‍ അധികാരനഷ്ടം മുന്നില്‍ കാണുമ്പോഴുള്ള വെപ്രാളമാണ്. അതിന് ജനങ്ങളെ തമ്മിലടിപ്പിക്കണോ എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയെങ്കിലും ചിന്തിക്കണം.

തീവ്രവാദത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറയുമ്പോഴും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമാണ്. കേരളം കാത്തുസൂക്ഷിച്ചുപോന്ന മൈത്രീപാരമ്പര്യത്തിന്റെ നാരായവേരറുക്കാനുള്ള ആസൂത്രിതശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരമൊരു അത്യാഹിതഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ അവശ്യം ചെയ്തിരിക്കേണ്ട നടപടികളും ജാഗ്രതയുമുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ പ്രസ്താവനകളിലും വിമര്‍ശനങ്ങളിലുമാണ് ഇടതുസര്‍ക്കാറിന് താത്പര്യം. തീവ്രവാദത്തിനെതിരായി ആത്മാര്‍ഥവും ഫലപ്രദവുമായ നടപടി കൈക്കൊള്ളുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പ്രതിജ്ഞാബദ്ധത എത്രത്തോളമുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ വരികളില്‍നിന്ന് വ്യക്തമാണ്. സംസ്ഥാനപോലീസിനും എന്‍.ഐ.എ.യ്ക്കുമിടയില്‍ തട്ടിക്കളിക്കുന്ന ഒരു വിഷയം മാത്രമായി ഇടതുസര്‍ക്കാറിന്റെ തീവ്രവാദവിരുദ്ധ പോരാട്ടം ആവിയായിപ്പോവുകയാണ്. എന്‍.ഐ.എ.യുടെ കണ്ണില്‍ കുറ്റവാളികളാണെങ്കില്‍മാത്രമേ സര്‍ക്കാറിന് വല്ലതും ചെയ്യാനാവൂ എന്ന് ധ്വനിപ്പിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനകള്‍.

തീവ്രവാദികളെയും ഫാസിസ്റ്റുകളെയും ഒരേസമയം തള്ളിപ്പറയാനുള്ള ആര്‍ജവം ഭരണകൂടം കാണിക്കുമ്പോഴാണ് നടപടികള്‍ ഫലപ്രദമാവുക. മാറിമാറി ഏതെങ്കിലുമൊന്നിനെ തള്ളുകയും മറ്റൊന്നിനെ കൂട്ടുപിടിക്കുകയും ചെയ്യുന്ന ലാഭക്കച്ചവട സമീപനം ഇരുവിഭാഗത്തിനും ശക്തിപകരലാണ്. ഒന്ന് മറ്റൊന്നിനെ ചൂണ്ടി സ്വയം ന്യായീകരിക്കുന്ന സാഹചര്യം ഇല്ലാതാവണമെങ്കില്‍ എല്ലാ പ്രതിലോമശക്തികളുടെയും അടിവേരറുക്കണം. സംസ്ഥാനഭരണകൂടത്തിന് അതിനുള്ള ആര്‍ജവമുണ്ടോ എന്നതുതന്നെയാണ് പ്രധാനം.താത്കാലികനേട്ടങ്ങള്‍ക്കുവേണ്ടി ക്രിമിനലുകളെയും തീവ്രവാദികളെയും തീറ്റിപ്പോറ്റുകയും അവര്‍ക്ക് ജയിലില്‍പ്പോലും മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്ന രാഷ്ട്രീയസമീപനത്തിനുള്ള കനത്ത വിലയാണ് ഇപ്പോള്‍ കേരളം കൊടുക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഭരണനേതൃത്വമുള്ള സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാവില്ല. 1992-ലെ ബാബറി മസ്ജിദ് സംഭവത്തിനുശേഷമാണ് കേരളത്തില്‍ തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രിയുടെ ലേഖനത്തില്‍ പറയുന്നു. തീവ്രവാദ സംഘടനകളുടെ ആവിര്‍ഭാവഘട്ടത്തെക്കുറിച്ച് ഇപ്പോഴെങ്കിലും സി.പി.എമ്മിന് മനസ്സിലായല്ലോ?

മുസ്‌ലിംലീഗിന് തീവ്രത പോര എന്ന് പറഞ്ഞായിരുന്നു സമുദായത്തിനിടയില്‍നിന്ന് ചില ഛിദ്രശക്തികള്‍ അന്നു തലപൊക്കിയത്. മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ തെരുവില്‍ പ്രതിഷേധത്തിന്റെ തീക്കാറ്റുയര്‍ത്തുന്നതിനു പകരം ജനാധിപത്യമാര്‍ഗം അവലംബിക്കാനും ആത്മസംയമനം പാലിക്കാനുമാണ് മുസ്‌ലിംലീഗും അതിന്റെ നായകന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ആഹ്വാനംചെയ്തത്. അന്ന് കേരളം ശാന്തമായി നിന്നു. അതിന്റെ ഫലമായി ഇന്ത്യയില്‍ കേരള നിയമസഭമാത്രം ഐകകണേ്ഠ്യന ആവശ്യപ്പെട്ടു ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന്. ഇതായിരുന്നു മുസ്‌ലിംലീഗിന്റെ ശാന്തിമാര്‍ഗം. എന്നാല്‍ വിശ്വാസികളുടെ ഹൃദയം മുറിപ്പെട്ടുനില്‍ക്കുന്ന ആ സന്ദര്‍ഭത്തെ മുതലെടുക്കാനാണ് സി.പി.എം. ശ്രമിച്ചത്. മുസ്‌ലിംലീഗിന്റെ സമാധാനനയങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനവുമായി സി.പി.എം. രംഗത്തെത്തി. അതില്‍ ആവേശഭരിതനായി അബ്ദുന്നാസര്‍ മഅദനി നാടുനീളെ വികാരതീവ്രമായ പ്രസംഗം ആളിക്കത്തിച്ചു. 'ആത്മസംയമനത്തിന്റെ താരാട്ടുപാട്ടല്ല സമുദായത്തിനാവശ്യം' എന്ന മഅദനിയുടെ പ്രസംഗം പ്രോത്സാഹിപ്പിക്കപ്പെട്ടു. മുസ്‌ലിംസമുദായത്തിന്റെ പേരില്‍ കേരളത്തില്‍ രൂപവത്കരിച്ച ആദ്യത്തെ തീവ്രവാദ പ്രസ്ഥാനത്തിന് അങ്ങനെ പൊതുവേദിയില്‍ ഇടംകിട്ടി. മഅദനിക്ക് ആളും അര്‍ഥവും നല്‍കിയ സി.പി.എം. ഇതേ വിഷയത്തില്‍ മുസ്‌ലിംലീഗില്‍ ഭിന്നത സൃഷ്ടിച്ച് പുതിയൊരു പ്രസ്ഥാനത്തിനുകൂടി നിലമൊരുക്കി ക്കൊടുത്തു. നക്‌സലും സിമിയുമായെല്ലാം നടന്ന് അരാജകവാദികളായിക്കഴിഞ്ഞിരുന്നവര്‍ ഇത്തരം സംഘടനകളിലേക്ക് ചേക്കേറി. ഐ.എസ്.എസ്. എന്ന സംഘടനയ്ക്ക് സി.പി.എം. മുഖപത്രം പരമാവധി സ്ഥലം അനുവദിച്ചു. അത്യന്തം വര്‍ഗീയവും പ്രക്ഷുബ്ധവുമായ പ്രസംഗപരമ്പരയായിരുന്നു മഅദനിയുടേത്. കേരളത്തില്‍ മതതീവ്രവാദത്തിന് വിത്തിട്ട മഅദനിയെ 1993ലെ ഒറ്റപ്പാലം തിരഞ്ഞെടുപ്പുവേദിയില്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉപമിച്ചത് മഹാത്മാഗാന്ധിയോടാണ്. 1994-ല്‍ ഗുരുവായൂരില്‍ അബ്ദുസ്സമദ് സമദാനിയും 1995-ല്‍ തിരൂരങ്ങാടിയില്‍ എ.കെ. ആന്റണിയും മത്സരിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം. മഅദനിക്കായി കുടുബസദസ്സുകളൊരുക്കി. ആര്‍.എസ്.എസ്സും ഐ.എസ്.എസ്സും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നിയമസഭയില്‍ പറഞ്ഞതിന് ഈ ലേഖകനുനേരെ വധശ്രമമുണ്ടായി. ആലപ്പുഴ ലജ്‌നത്ത് നഗറിലെ നബിദിനറാലിയില്‍ പങ്കെടുക്കാനെത്തുമ്പോഴാണ് ഐ.എസ്.എസ്സുകാര്‍ ആക്രമിച്ചത്. അന്നുതൊട്ട് മഅദനിക്ക് സി.പി.എം. നല്‍കിയ നിര്‍ലോഭമായ പ്രോത്സാഹനത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്ന എല്ലാ തീവ്രവാദപ്രസ്ഥാനങ്ങളും. തീവ്രവാദാശയങ്ങളുടെ പേരില്‍ ഇന്ന് അന്വേഷണം നേരിടുന്ന എല്ലാ സംഘടനകളുമായും പ്രത്യക്ഷമായും പരോക്ഷമായും സി.പി.എം. കൂട്ടുകെട്ടുണ്ടാക്കിയതാണ്. താത്കാലികലാഭത്തിനുള്ള ആ പിടിവിട്ട കളിയാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാക്കിയത്. കശ്മീരും പാകിസ്താനും അഫ്ഗാനും പറഞ്ഞ് മലയാളി ചെറുപ്പക്കാരെ ആവേശംകൊള്ളിച്ച മഅദനിമാര്‍ഗത്തിലൂടെയാണ് തടിയന്റവിട നസീര്‍മാരും കശ്മീര്‍ റിക്രൂട്ട്‌മെന്റുകളുമെല്ലാമുണ്ടായത്.

മുസ്‌ലിംലീഗിന്റെ തകര്‍ച്ചയായിരുന്നു സി.പി.എമ്മിന്റെ ആത്യന്തികലക്ഷ്യം. അതിന് ബദലുണ്ടാക്കിയ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് മാന്യത കല്‍പ്പിക്കേണ്ടതും അവ മുസ്‌ലിംലീഗിനോട് കിടപിടിക്കുന്ന രാഷ്ട്രീയശക്തിയാണെന്ന് സ്ഥാപിക്കേണ്ടതും അനിവാര്യമായിരുന്നു. അതിനാലാണ് 1994-ല്‍ ഇ.എം.എസ്. പറഞ്ഞത്: 'ഇപ്പോള്‍ മുസ്‌ലിംലീഗ് മൂന്നായിരിക്കുന്നു. മഅദനിയുടെ പാര്‍ട്ടിയും സേട്ടുവിന്റെ പാര്‍ട്ടിയും പാണക്കാട് തങ്ങളുടെ ലീഗും' എന്ന്. കോയമ്പത്തൂര്‍ ജയില്‍വാസം കഴിഞ്ഞുവന്ന മഅദനിക്ക് സി.പി.എമ്മിന്റെ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു വരവേല്‍പ്പ്. ഏറ്റവുമൊടുവില്‍ പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഅദനിയുമായി വേദി പങ്കിടാനുള്ള ആവേശത്തില്‍ രണ്ടു മണിക്കൂറോളമാണ് സി.പി.എം. സെക്രട്ടറി കാത്തിരുന്നത്. അബ്ദുന്നാസര്‍ മഅദനിയുടെ ഭൂതവും വര്‍ത്തമാനവുമറിയുന്ന മലയാളികള്‍ക്കു മുന്നിലാണ് ഈ ദൃശ്യങ്ങള്‍.

ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഐ.എസ്.എസും പി.ഡി.പി.യും കെട്ടടങ്ങിയപ്പോള്‍ പുതിയ തുറുപ്പുചീട്ട് ഇറക്കുകയാണ്. മുസ്‌ലിം സമുദായത്തില്‍ സ്വാധീനംചെലുത്താന്‍ കഴിവുള്ള പാര്‍ട്ടി എന്ന ഭാവത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ സി.പി.എം. അവതരിപ്പിക്കുന്നത്. മുമ്പ് പി.ഡി.പി.ക്ക് നല്‍കിയ അതേ പ്രാധാന്യം. പ്രത്യക്ഷത്തില്‍ ശത്രുഭാവം. സ്വകാര്യത്തില്‍ ആത്മമിത്രം. നാട്ടുകാര്‍ കാണ്‍കേ കേസും ബഹളവും ആട്ടിപ്പിടിത്തവും. രഹസ്യമായി സംരക്ഷണവും. ഇതെല്ലാം മഅദനിക്കാര്യത്തിലുമുണ്ടായതാണ്.

എന്‍.ഡി.എഫ്. പിറവിയെടുത്തപ്പോള്‍തൊട്ട് എതിര്‍ത്തുപോന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. അതിന്റെ ആപത്തിനെക്കുറിച്ച് സമുദായത്തിന് മുന്നറിയിപ്പുനല്‍കി. തീവ്രവാദത്തിനും ഫാസിസത്തിനുമെതിരെ ഇരുപതു വര്‍ഷംമുമ്പ് കാമ്പയിന്‍ സംഘടിപ്പിച്ച പാര്‍ട്ടിയാണ് ലീഗ്.

1991-ല്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊരമ്പയില്‍ അഹമ്മദ്ഹാജി അയച്ച പാര്‍ട്ടി സര്‍ക്കുലര്‍ പത്രങ്ങളില്‍ വന്നതാണ്. സമുദായവികാരത്തിന്റെ പേരു പറഞ്ഞ് എന്‍.ഡി.എഫുമായി ഏതെങ്കിലും പ്രവര്‍ത്തകന്‍ സഹകരിച്ചാല്‍ സംഘടനയ്ക്കു പുറത്തായിരിക്കും സ്ഥാനമെന്ന്. ഇങ്ങനെ പറയാന്‍ സി.പി.എമ്മിന് ധൈര്യമുണ്ടായിട്ടില്ല.

അതുകൊണ്ടാണ് ആര്‍.എസ്.എസിലേക്കും എന്‍.ഡി.എഫിലേക്കും സി.പി.എമ്മില്‍നിന്ന് വമ്പിച്ച കൊഴിഞ്ഞുപോക്കുണ്ടായത്. പി.ഡി.പി.യുടെ പ്രഭാവം അവസാനിച്ചുവെന്ന് തോന്നിയപ്പോള്‍ 2006-ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംവോട്ടുകളെ സ്വാധീനിക്കാന്‍ സി.പി.എം. ഉപയോഗിച്ച ആയുധം എന്‍.ഡി.എഫ്. ആയിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലടക്കം എന്‍.ഡി.എഫ് . നടത്തിയ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും നല്‍കി.

നക്‌സലൈറ്റുകളുടെ പുല്‍പ്പള്ളി സ്റ്റേഷനാക്രമണശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പോലീസ് സ്റ്റേഷനാക്രമണമാണ് എന്‍.ഡി.എഫുകാര്‍ കോട്ടയ്ക്കലില്‍ നടത്തിയതെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പിന്നീട് മൗനം പാലിച്ചു. ആ കേസ് ദുര്‍ബലമായി. പ്രതികളുടെ എണ്ണം മുന്നൂറുള്ളത് മുപ്പതായി ചുരുങ്ങി. എല്ലാവര്‍ക്കും അതിവേഗം ജാമ്യംകിട്ടുന്ന വകുപ്പുകളായി. സംസ്ഥാനത്തെ പല ആക്രമണക്കേസുകളിലും ഈ ഉദാരമനസ്‌കത എന്‍.ഡി.എഫിനോട് സി.പി.എം. കാണിച്ചു.

എന്‍.ഡി.എഫിന്റെ സുപ്രീംകൗണ്‍സില്‍ അംഗം (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും സുപ്രീംകൗണ്‍സില്‍ അംഗം) മലപ്പുറം ജില്ലയിലെ എടരിക്കോട്ട് സി.പി.എമ്മിന്റെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ മുസ്‌ലിംലീഗിനെ തോല്‍പ്പിക്കാനാണ് സി.പി.എം. എന്‍.ഡി.എഫിനെ കൂട്ടുപിടിച്ചത്. തലശ്ശേരി നഗരസഭയില്‍ സി.പി.എം. മുന്നണിയുടെ കൗണ്‍സിലര്‍മാരായി എന്‍.ഡി.എഫിന്റെ ജില്ലാ നേതാവും കൂട്ടാളികളും തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മില്‍നിന്ന് പഠിച്ച ഇറച്ചിവെട്ടുകാരാണ് പോപ്പുലര്‍ ഫ്രണ്ടിലും ആര്‍.എസ്.എസ്സിലുമുള്ളവര്‍ പലരും.

90 ശതമാനം എന്‍.ഡി.എഫുകാരും പി.ഡി.പി.ക്കാരും സി.പി.എമ്മിലുണ്ടായിരുന്ന മുസ്‌ലിംയുവാക്കളാണ്. ന്യൂനപക്ഷങ്ങളില്‍ ഒരുവിഭാഗം സി.പി.എമ്മില്‍ അണിനിരന്ന മധ്യതിരുവിതാംകൂറിലും കണ്ണൂരിലെ ചില സി.പി.എം. കേന്ദ്രങ്ങളിലുമാണ് പോപ്പുലര്‍ഫ്രണ്ട് ശക്തിപ്പെട്ടതെന്ന് പരിശോധിച്ചാലറിയാം.

മഅദനി, പോപ്പുലര്‍ ഫ്രണ്ട് കേസുകളിലെ പ്രതികളില്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായിട്ടും മലപ്പുറം ജില്ലയില്‍ നിന്നുള്ള പേരുകള്‍ ദുര്‍ലഭമാണെന്ന യാഥാര്‍ഥ്യംകൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. മുസ്‌ലിം സമുദായത്തിനകത്ത് സ്വാധീനശക്തിയാവാന്‍ ഒരുകാലത്തും ഈ ഛിദ്രശക്തികള്‍ക്ക് കഴിയില്ല.

അക്രമികളെ വെറുതെവിട്ട്, നിരപരാധികളെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണം. പള്ളികളിലും മദ്രസ്സകളിലും കയറി റെയ്ഡ് നടത്തുകയും അത് ചാനലുകള്‍ ആഘോഷിക്കുകയും ചെയ്യുന്നു. കേരളം തീവ്രവാദത്തിന്റെ ആസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കുംവിധം അധികൃതര്‍ പത്രസമ്മേളനങ്ങള്‍ നടത്തുന്നു. ഒരു മതന്യൂനപക്ഷത്തെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. സി.പി.എമ്മിന്റെ പാരമ്പര്യമാണ് കൈവെട്ടുപണി. കേരളത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മത സംഘടനകളിലോ മുസ്‌ലിംലീഗിലോ കോണ്‍ഗ്രസിലോ ഉള്ളവരും ഒരു സംഘടനയിലുമുള്‍പ്പെടാത്തവരുമായ യഥാര്‍ഥ മുസ്‌ലിങ്ങള്‍ ഈ അക്രമികളെ വെറുക്കുന്നു.

എന്‍.ഡി.എഫുകാരുടെ അക്രമങ്ങള്‍ക്കിരയായി ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുണ്ടായത് തീവ്രവാദത്തിനെതിരായി എടുത്ത ശക്തമായ നിലപാട് കാരണമാണ്. ഏത് തിരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിനെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. മുസ്‌ലിംലീഗിന്റെ അഭാവത്തില്‍മാത്രമേ സമുദായ ശരീരത്തിലേക്ക് തീവ്രവാദത്തിന്റെ വിഷാണുക്കളെ കടത്തിവിടാനാവൂ എന്ന് പ്രതിലോമശക്തികള്‍ക്കറിയാം. ലീഗ് വിരോധം തലയ്ക്കുപിടിച്ച ഒരു ന്യൂനപക്ഷം സമുദായത്തിലുണ്ട്. അവര്‍ ചിലപ്പോള്‍ പി.ഡി.പി.യിലേക്കൊഴുകും. അല്ലെങ്കില്‍ എന്‍.ഡി.എഫിലേക്കൊഴുകും. കഥയറിയാതെ ആട്ടം കാണുന്ന ചില മാധ്യമങ്ങള്‍ മുസ്‌ലിംലീഗിനെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. കേരളത്തില്‍ തീവ്രവാദം വേരൂന്നാത്തത് മുസ്‌ലിംലീഗിന്റെ സാന്നിധ്യംകൊണ്ടാണെന്ന യാഥാര്‍ഥ്യം ആര്‍ക്കും മറച്ചുപിടിക്കാനാവില്ല. മുസ്‌ലിംലീഗ് ന്യൂനപക്ഷ, പിന്നാക്കവിഭാഗങ്ങളുടെ അവകാശസംരക്ഷണം മാത്രമല്ല രാജ്യത്തിന്റെ മതമൈത്രിയും ലക്ഷ്യമിടുന്ന പ്രസ്ഥാനമാണ്. എല്ലാ സമുദായത്തില്‍പ്പെട്ടവരും മുസ്‌ലിംലീഗിലുണ്ട്. കേരളത്തിലെ ഏത് പാര്‍ട്ടിയെടുത്താലും ഏതെങ്കിലുമൊരു സമുദായത്തിന് ഭൂരിപക്ഷമുള്ളതായി കാണാം. അതൊരു കുറ്റമല്ല. ചരിത്രപരമായ കാരണങ്ങളാലാണ്. സി.പി.എമ്മും ലീഗും കേരളകോണ്‍ഗ്രസുമെല്ലാം ഇങ്ങനെത്തന്നെ. എല്ലാ സമുദായങ്ങളും അല്‍പ്പമെങ്കിലും തുല്യമായി നില്‍ക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലാണ്. പാര്‍ട്ടികളിലെ ജാതി, മതഭൂരിപക്ഷമല്ല, ജനാധിപത്യ, മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതിലെ ആത്മാര്‍ഥതയാണ് പ്രധാനം. ഒരു കാര്യം ഉറപ്പാണ്, ആരുടെ തണലുണ്ടായാലും മതതീവ്രവാദവും ഫാസിസവും കേരള ജനത വെച്ചുപൊറുപ്പിക്കില്ല. അതു രണ്ടിനും മലയാളികളില്‍ സ്വാധീനംചെലുത്താനുമാവില്ല.

2 comments:

  1. അന്ധമായ ലീഗ് വിശ്വാസം കൊണ്ട് മറ്റു പലതിനെയും കണ്ടില്ലെന്നു നടിയ്ക്കുന്നുവെന്നു വിളിച്ചുപറയുന്നു ഈ പോസ്റ്റ്. യഥാര്‍ത്ഥ തീവ്രവാദം ഉണ്ടാകുന്നവഴി ഇനിയങ്കിലും ആലോചിയ്ക്കുന്നതു നല്ലതാണ്. നിര്‍ഭാഗ്യ വശാല്‍ അതൊക്കെ വിളിച്ചുപറയാന്‍ ലീഗുകാരനു കഴിയുന്നില്ല. ഇവിടെ ചെറിയൊരു സൂചന കൊടുത്തിട്ടുണ്ട്. വിരോധമില്ലെങ്കില്‍ ഒന്നു നോക്കാം..

    ReplyDelete
  2. ഹാ കഷ്ടം..!!
    ഇതിനെ വായിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്.
    കഴിഞ്ഞതിന് മുമ്പുള്ള നിയമസഭ തിരഞ്ഞെടുപ്പാണ്. ആ സമയത്ത് തിരൂരങ്ങാടി നിയമസഭ മണ്ഡലത്തിലെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമായിരുന്ന പി ഡി പി മുഖങ്ങളെയാണ്. മണ്ടലത്തിലുടനീളം അവര്‍ യു ഡി എഫ് പ്രവത്തകര്‍ക്കൊപ്പം ഒന്നിച്ചു വോട്ട തെണ്ടിയതിനെയാണ്., മറ്റൊന്ന്, ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോകസഭ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് വേണ്ടി സംഘടനയുടെ എല്ലാ സംവിധാനങ്ങളെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് സജീവമായ എന്‍ ഡി എഫ്നെയാണ്. ചുരുക്കത്തില്‍ ഈ രണ്ടു കാഴ്ചകളെയും അനുഭവിച്ച എന്‍റെ കണ്ണുകളെ എനിക്ക് അവിശ്വാസമില്ലാത്തിടത്തോളം കാലം ഈ എഴുത്തിനെ കളവായെ എനിക്ക് കാണാന്‍ ഒക്കൂ...
    ഇതിനെ, ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ച ഒരു ഘടകം മതേതരക്ലബ്ബില്‍ കടന്ന് കൂടണമെങ്കില്‍ മ‌അദനിയെ പൊതുജനമദ്ധ്യത്തില്‍ ഇട്ടൊന്ന് അലക്കണമെന്നാണല്ലോ പ്രമാണം. അതിന് മ‌അദനിയെ തീവ്രവാദിയായി പ്രഖ്യാപിക്കണം. ഒട്ടും അമാന്തിക്കേണ്ട നേതാവേ... താങ്കളിലെ രാഷ്ട്രീയക്കാരന് അത് നിര്‍ബന്ധവുമാണ്.
    നടക്കട്ടെ, ഈ കണ്ണ് കെട്ടിക്കളി..!!!

    ReplyDelete