Pages

Tuesday, July 13, 2010

തീവ്രവാദികള്‍ക്ക്‌ കടിഞ്ഞാണിടണം


കേരളത്തിണ്റ്റെ പൊതുമനസ്സിലേക്ക്‌ തീവ്രവാദികള്‍ നഖങ്ങളാഴ്ത്തുന്നതിണ്റ്റെ നീറ്റല്‍ ഓരോ ദിവസവും പുതിയ വാര്‍ത്തകളായി നാം അനുഭവിക്കുകയാണ്‌. ഒറ്റപ്പെട്ട സംഭവങ്ങളെന്ന്‌ ആശ്വാസംകൊണ്ടവര്‍ക്കുപോലും ഉല്‍കണ്ഠ പകരുന്ന തരത്തിലാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്‌. മത സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഇടകലര്‍ന്ന സാമൂഹ്യ ജീവിതത്തിനും പുകള്‍പെറ്റ കേരളത്തില്‍നിന്ന്‌, നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. ഇരുട്ടിണ്റ്റെ മറവില്‍ ആയുധക്കൂമ്പാരങ്ങളുമായി നിലയുറപ്പിക്കുന്ന സംഘങ്ങള്‍, മലയാളിയുടെ സ്വാസ്ഥ്യം കെടുത്തുകയാണ്‌. ഇന്ത്യയുടെ പല മേഖലകളിലും കാണുന്ന വര്‍ഗ്ഗീയ വിഭജനത്തിന്‌ ഒരിക്കലും ഇടം നല്‍കാത്ത ഈ മണ്ണിലേക്ക്‌ പകയും വെറുപ്പും ഇറക്കുമതിചെയ്ത്‌ മനുഷ്യമനസ്സില്‍ ഭീതി സൃഷ്ടിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരായ കൂട്ടായ്മയൊരുക്കാന്‍ മനുഷ്യത്വത്തിന്‌ വിലമതിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും വ്യക്തികളും പരിശ്രമിക്കേണ്ടതുണ്ട്‌. ഫാഷിസ്റ്റ്‌ ശക്തികളുടെ കുപ്രചാരണങ്ങള്‍ക്ക്‌ വളംവെക്കാനും അവരുടെ ആരോപണങ്ങള്‍ക്ക്‌ ന്യായീകരണമൊരുക്കാനുമാണ്‌ ഇസ്ളാമിണ്റ്റെ പേരില്‍ ഇറങ്ങിത്തിരിച്ച ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. കണ്ണൂറ്‍ ജില്ലയിലെ എടക്കാട്ടെ മണപ്പുറത്ത്‌ ജുമാമസ്ജിദിനരികില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചത്‌ ആരായാലും, അവര്‍ മുസ്ളിംകളുടെ മിത്രങ്ങളല്ല. മുസ്ളിം സമുദായത്തെ മറ്റ്‌ സമുദായങ്ങള്‍ക്കിടയില്‍ ഭീകരവാദികളായി ചിത്രീകരിക്കാനും അവരുടെ ആരാധനാലയങ്ങള്‍പോലും ആയുധപ്പുരകളാണെന്ന്‌ വരുത്തിതീര്‍ക്കാനുമുള്ള ഗുഢാലോചന ഇതിന്‌ പിന്നിലുണ്ട്‌. ഭീതി വിതച്ച്‌ കലാപം കൊയ്യാനും അതുവഴി തങ്ങളുടെ ശക്തി തെളിയിക്കാനുമുള്ള ഈ കുത്സിതനീക്കം കേരളത്തിലെ പ്രബുദ്ധ മുസ്ളിം ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. സാമ്പത്തിക വ്യാമോഹങ്ങളും അധികാര സ്വപ്നങ്ങളും സഫലമാക്കാന്‍ ഇറങ്ങിത്തിരിച്ച തെമ്മാടിക്കൂട്ടങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന മനുഷ്യരുടെ സ്വൈര ജീവിതത്തിലേക്ക്‌ ഇടിച്ചുകയറുമ്പോള്‍, അവരോട്‌ മിതമായി പറയാനുള്ളത്‌, ഇസ്ളാമിണ്റ്റെ ചെലവില്‍ ഇത്‌ അനുവദിച്ചു തരാന്‍ പറ്റില്ലെന്ന്‌ തന്നെയാണ്‌. കേരളത്തില്‍ പെരുകിവരുന്ന ക്വട്ടേഷന്‍ സംഘങ്ങളില്‍നിന്ന്‌ ഒട്ടും ഭിന്നമല്ല കൊടിപിടിച്ചിറങ്ങിയ ഈ പുത്തന്‍ കൂറുകാര്‍. മുസ്ളിം സമുദായത്തിണ്റ്റെ ആരാധനാലയങ്ങള്‍പോലും മറയാക്കി ആയുധപ്പന്തയം നടത്തുന്നവര്‍ യുദ്ധപ്രഖ്യാപനം നടത്തുന്നത്‌ ഫാസിസ്റ്റുകള്‍ക്കോ ഹിന്ദുത്വ ശക്തികള്‍ക്കോ എതിരായല്ല; മുസ്ളിം സമുദായത്തിനു തന്നെ എതിരെയാണ്‌. അതുകൊണ്ടുതന്നെ ഇവരെ പ്രതിരോധിക്കാനുള്ള ശക്തമായ നീക്കത്തിന്‌ മുസ്ളിം സമുദായം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്‌. കേരളത്തിലെ മുസ്ളിം ജനത ആര്‍ജ്ജിച്ചെടുത്ത അഭിമാനകരമായ ജീവിത സാഹചര്യം, തീവ്രവാദത്തിണ്റ്റെ കോടാലികൊണ്ട്‌ വെട്ടിമാറ്റാനാണ്‌ എന്‍.ഡി.എഫ്‌ ഉള്‍പ്പെടെയുള്ള സമുദായവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്‌. കേവല സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇവരൊരുക്കുന്ന ചതിക്കുഴികള്‍ വരാനിരിക്കുന്ന കാലത്തെകൂടി മലിനമാക്കുമെന്നുറപ്പാണ്‌. ഇവര്‍ പുറംതള്ളുന്ന വിചാരമാലിന്യങ്ങള്‍ സമുദായത്തിണ്റ്റെ പരിസരങ്ങളില്‍ ചീഞ്ഞുനാറുംമുമ്പ്‌ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌ നല്‍കാന്‍ തയാറായ കേരളത്തിലെ മതസംഘടനാ നേതൃത്വം, രാഷ്ട്രീയ നേതൃത്വത്തെപോലെതന്നെ അഭിനന്ദനമര്‍ഹിക്കുന്നു. സ്വാതന്ത്യ്രാനന്തരം ആശയറ്റുപോയ ഒരു ജനതയെ നെഞ്ചില്‍ ചേര്‍ത്തുനിര്‍ത്തി രാഷ്ട്രീയ ശാക്തീകരണത്തിലൂടെ പൊതുസമൂഹത്തിണ്റ്റെ വിശ്വാസ്യത ആര്‍ജിച്ചെടുത്തതാണ്‌ മുസ്ളിംലീഗ്‌ കൈവരിച്ച നേട്ടം. ഇതിണ്റ്റെ തണലില്‍ വളര്‍ന്നു പന്തലിച്ച സമുദായം അപകര്‍ഷബോധം ഊരിയെറിഞ്ഞ്‌ നടത്തിയ മുന്നേറ്റമാണ്‌ ഇന്ന്‌ കാണുന്ന നേട്ടങ്ങള്‍ക്കെല്ലാം പിറകിലുള്ളത്‌. ഇതൊരിക്കലും തീവ്രവാദികളുടെ വാള്‍ത്തലകൊണ്ടോ ഭീഷണികൊണ്ടോ നേടിയതല്ല. മലയാളി മുസ്ളിം ഒരിക്കലും ഇത്തരക്കാരുടെ സുരക്ഷാ പുതപ്പുകള്‍ ആഗ്രഹിക്കുന്നുമില്ല. ഇന്നാട്ടിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമിണ്റ്റെ അര്‍ദ്ധസഹോദരങ്ങളാണ്‌. തീവ്രവാദികളൊരുക്കുന്ന കെണിയില്‍ കേരളത്തിലെ മുസ്ളിം വീണുപോവില്ലെന്ന ബോധ്യം അവര്‍ക്കുണ്ട്‌. ന്യൂമാന്‍സ്‌ കോളജിലെ അധ്യാപകണ്റ്റെ കൈ വെട്ടിമാറ്റുമ്പോള്‍ ആ ചോരത്തുള്ളികള്‍ തെറിച്ചുവീണത്‌ നമ്മുടെ മതേതര സങ്കല്‍പ്പത്തിണ്റ്റെ നെഞ്ചിലേക്കാണ്‌. അല്ലാഹുവിണ്റ്റെ മുമ്പില്‍ ശിരസ്സ്‌ കുനിച്ചു നില്‍ക്കുമ്പോള്‍ ചീഞ്ഞളിഞ്ഞ കുടല്‍മാല ചാര്‍ത്തിയ ശത്രുവിനെ പുഞ്ചിരികൊണ്ട്‌ തോല്‍പിച്ച പ്രവാചകനെയാണ്‌ ഈ ശത്രുക്കള്‍ നിന്ദിച്ചിരിക്കുന്നത്‌. വര്‍ഗീയതയാണ്‌ ഏറ്റവും കൊടിയ വിഷമെന്ന്‌ ഇസ്ളാമിക അധ്യാപനത്തിലൂടെ തിരിച്ചറിഞ്ഞ ഒരു ജനതയാണ്‌ കേരളത്തിലുള്ളത്‌. അവരെ അപായപ്പെടുത്തുന്ന ഏതു ക്വട്ടേഷന്‍ സംഘത്തെയും ഒറ്റപ്പെടുത്തുക എന്നത്‌ കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്‌. ചെറുപ്പക്കാരുടെ മനസില്‍ വിഷം കുത്തിനിറച്ച്‌ അവരെ പകയുടെ യന്ത്രത്തോക്കുകളാക്കുന്ന ഇരുട്ടിണ്റ്റെ ശക്തികളെ താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി തോളിലേറ്റി നടന്നവര്‍ പശ്ചാതപിക്കേണ്ട സമയമാണിത്‌. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും തീവ്രവാദത്തോട്‌ സന്ധിചെയ്യില്ലെന്ന്‌ പ്രഖ്യാപിച്ച മുസ്ളിംലീഗിണ്റ്റെ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായിരുന്നുവെന്ന്‌ ഇപ്പോഴെങ്കിലും ഈ കക്ഷികള്‍ തിരിച്ചറിഞ്ഞത്‌ ആശ്വാസകരമാണ്‌. മുസ്ളിംലീഗിണ്റ്റെ ഒരു റാത്തല്‍ ഇറച്ചിക്കുവേണ്ടി തെമ്മാടിക്കൂട്ടങ്ങളെയും ക്വട്ടേഷന്‍ സംഘങ്ങളേയും പാലൂട്ടി വളര്‍ത്തുമ്പോഴും അവര്‍ ഇത്രവലിയ കരിമൂര്‍ഖന്‍മാരാകുമെന്ന്‌ സി.പി.എം. കരുതിയിട്ടുണ്ടാവില്ല. ഇനിയെങ്കിലും ചെയ്ത തെറ്റിന്‌ മാപ്പ്‌ പറഞ്ഞ്‌ സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ അവര്‍ തയാറാവണം. അല്ലാതെ ഇതിലും രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ ഗണിച്ച്‌ ഗിമ്മിക്ക്‌ കളിച്ചാല്‍ അതിണ്റ്റെ പ്രത്യാഘാതം അതിദയനീയമായിരിക്കും

No comments:

Post a Comment