കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് നിയമസഭാസമിതി അന്വേഷിക്കും. പി സി വിഷ്ണുനാഥ് എം എല്‍ എ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം വരുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം തന്റെ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് വി എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കൂ എന്നും വി എസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ വിഷ്ണുനാഥ് മാപ്പ് പറയണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
--------------------------------------------
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതു പോലെ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ തെളിവുകള്‍ നല്കാന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി സി വിഷ്ണുനാഥ് എം എല്‍ എ. തെളിവുകള്‍ നല്കിയാല്‍ മകനെതിരെ നടപടിയെടുക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
അരുണ്‍കുമാറിനെ ഐ എച്ച് ആര്‍ ഡി അഡീഷണല്‍ ഡയറക്‌ടറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിയമനം നല്‍കിയ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ഇതിനെക്കുറിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മകനായ അരുണ്‍ കുമാറിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മകനെതിരെ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ നടപടി എടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം കോട്ടയത്ത് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ബന്ധുവാണോ മകനാണോ എന്നൊന്നും നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തെളിവുകള്‍ നല്കാന്‍ തയ്യാറാണെന്ന് വിഷ്ണുനാഥ് വ്യക്തമാക്കിയിരിക്കുന്നത്-------------------------------------------------------------