ഇടനിലക്കാരന്‍ കുമാര്‍ ആര്? മുഖ്യമന്ത്രി മറുപടി പറയണം യു.ഡി.എഫ്
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടനിലക്കാരന്‍ കുമാര്‍ ആരാണെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കുന്ന ഇയാളെക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസുമായി കുമാര്‍ എന്ന ആള്‍ക്കുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരണം. സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തുക, ഗൂഢാലോചനക്ക് അവസരമൊരുക്കുക, ക്രിമിനലുകളെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിക്കുക എന്നിങ്ങനെ യു.ഡി.എഫിനെ തകര്‍ക്കാനുള്ള കുറുക്കുവഴികളാണ് സി.പി.എമ്മും അച്യുതാനന്ദനും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യു.ഡി.എഫ്. യോഗത്തിന് ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങള്‍ നിരത്താന്‍ കഴിയാതെ അവസാനത്തെ കച്ചിത്തുരുമ്പായി കണ്ടുപിടിച്ചത് യു.ഡി.എഫ്. നേതാക്കള്‍ക്കെതിരെയുള്ള വ്യക്തിഹത്യയും കുപ്രചാരണങ്ങളുമാണ്. നിയമപരമായും നിയമത്തിനതീതമായും നേതാക്കളെ വേട്ടയാടുന്നു. ബാലകൃഷ്ണപിള്ളയെയും വേട്ടയാടിയത് ഇത്തരത്തിലാണ്. യു.ഡി.എഫ് നേതാക്കളെ ജയിലിലടച്ചിട്ട് കൊലയാളികളെ തുറന്നുവിടുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നവര്‍ പുതുതായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും യു.ഡി.എഫിന് ജനങ്ങളുടെ പിന്തുണയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉണ്ടായ വിജയം ആവര്‍ത്തിക്കുക തന്നെ ചെയ്യും. കേരള മോചന യാത്രയിലെ ജനപങ്കാളിത്തം നല്‍കുന്ന സൂചനയിതാണ്. മുസ്ലിം ലീഗ് അംഗങ്ങള്‍ ഇല്ലാത്ത പാര്‍ലമെന്റാകും വരാന്‍ പോകുന്നതെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിണറായി പറഞ്ഞിരുന്നു. എന്നാല്‍ മുസ്ലിം ലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യു.ഡി.എഫിലെ ഘടകകക്ഷികളെ ക്ഷീണിപ്പിക്കാനാണ് നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങളുന്നയിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ് കോടതി തന്നെ അവസാനിപ്പിച്ചതാണ്. ഇപ്പോള്‍ ആരോ പറഞ്ഞ് അത് കുത്തിപ്പൊക്കിയിരിക്കുന്നു. പാമോലിന്‍ കേസില്‍ താന്‍ പ്രതിയാണെങ്കില്‍ കേസ് എടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് എടുക്കുന്നതിന് ആരെയാണ് പേടിക്കുന്നത്. താന്‍ അഴിമതി കാട്ടിയെങ്കില്‍ തന്റെ പേരില്‍ നടപടിയെടുക്കണം. പാമോലിന്‍ കേസില്‍ പ്രതിരോധത്തിലായിരിക്കുന്നത് യു.ഡി.എഫ് അല്ല എല്‍.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. കിളിരൂര്‍ കേസില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ നിയമയുദ്ധം നടത്തുന്നവരാണ് ധാര്‍മിതകയെക്കുറിച്ച് പറയുന്നത്. എല്ലാ കേസുകളും തേച്ചുമാച്ചുകളയാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
No comments:
Post a Comment