Pages

Wednesday, February 23, 2011

. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറും നന്ദകുമാറും തമ്മില്‍ സുപ്രീം കോടതിക്ക് മുന്നിലും കേരള ഹൗസിലും കൂടിക്കാഴ്ച നടത്തുന്നതിന് താന്‍ സാക്ഷിയാണെന്ന്



കൊച്ചി: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ എന്ന് ആരോപിക്കപ്പെടുന്ന ടി.ജി. നന്ദകുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറും നന്ദകുമാറും തമ്മില്‍ സുപ്രീം കോടതിക്ക് മുന്നിലും കേരള ഹൗസിലും കൂടിക്കാഴ്ച നടത്തുന്നതിന് താന്‍ സാക്ഷിയാണെന്ന് പ്രമുഖ അഭിഭാഷകനായ രാംകുമാര്‍ ഒരു ചാനലിനോട് പറഞ്ഞു.

നന്ദകുമാര്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും തട്ടിപ്പിനും അന്വേഷണം നേരിട്ടിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാറിന് 40 കോടിയുടെ സ്വത്തുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹിയിലും എറണാകുളം ജില്ലയിലെ വെണ്ണലയിലും ഇയാള്‍ക്ക് ആഢംബര വീടുണ്ടത്രെ. ബെന്‍സ്, സ്കോര്‍പിയോ തുടങ്ങിയ ആഡംബര കാറുകളും സ്വന്തമായുണ്ട്. കുമാര്‍ ആരുടെയോ ബിനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ജഡ്ജിമാരെ സ്വാധീനിച്ച് അനുകൂല വിധി സമ്പാദിച്ച് കോടികള്‍ വരുമാനമുണ്ടാക്കിയതായി ജോമോന്‍ പുത്തന്‍പുരക്കല്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

അത്യുന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ വ്യാജ പരാതി അയച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് സി.കെ. അബ്ദുല്‍ അസീസിനെതിരെയാണ് ജോമോന്‍ പുത്തന്‍പുരക്കലിന്റെ പേരില്‍ ഇയാള്‍ പരാതി അയച്ചതത്രെ. ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ കേസെടുക്കുകയും എഫ്ഐആര്‍ കോടതിയില്‍ നല്‍കുകയും ചെയ്തെങ്കിലും നടപടികള്‍ മുന്നോട്ടു നീങ്ങിയില്ല. എപ്പോഴും കേസുകളുമായി ബന്ധപ്പെട്ട് പലതരം രേഖകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ എടുക്കുമായിരുന്ന ഫോട്ടോസ്റ്റാറ്റ് കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍ എറണാകുളം പ്രസ് ക്ലബ്ബ് റോഡിന്റെ ഇടനാഴികളില്‍ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്നു. വ്യവഹാരി എന്നനിലയില്‍ കേസുകളില്‍ ഇടപെടുകയും കോടതികള്‍ കയറിയിറങ്ങുകയും ചെയ്തിരുന്ന ഇയാള്‍ കംപ്ലെയിന്റ് കുമാര്‍ എന്നും അറിയപ്പെടുന്നു.

പ്രാദേശിക സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ നേരത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നു. അന്ന് ഇയാളുടെ അടുത്ത സുഹൃത്തായിരുന്ന ഒരു സിപിഎം നേതാവ് ഇപ്പോള്‍ പിണറായി പക്ഷത്താണ്.

കൊച്ചിയിലെ ചില അഭിഭാഷകരുമായുള്ള അടുപ്പമാണ് കുമാറിനെ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചതത്രെ. മുണ്ടും ഷര്‍ട്ടും ധരിച്ച് വെപ്രാളപ്പെട്ട് നടക്കുന്ന നീണ്ടുമെലിഞ്ഞ പഴയ കുമാര്‍ 40 കോടിയോളം സമ്പാദ്യവും സുപ്രീം കോടതി ജഡ്ജിമാരെ വരെ സ്വാധീനിക്കാന്‍ ശേഷിയുള്ള വന്‍ തോക്കായി മാറിയെന്ന് വിശ്വസിക്കാന്‍ പഴയ പരിചയക്കാര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പുത്രന്‍ അരുണ്‍കുമാര്‍ ചന്ദനവ്യാപാരികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയതിന്റെ രേഖകള്‍ ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടു. പരിസ്ഥിതി സ്നേഹത്തിന്റെയും പ്രകൃതിയെ നശിപ്പിക്കുന്നവരോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധത്തിന്റെയും പേരില്‍ 'മിശിഹ'യായി മാറിയ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാപട്യമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചന്ദനവ്യാപാരികള്‍ക്കുനേരെ ശക്തമായ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പ്രതിപക്ഷനേതാവിനെയാണ് 2003ന്റെ കാലയളവില്‍ കണ്ടത്. പോരാട്ടം രൂക്ഷമായ ഈ ഘട്ടത്തില്‍ തന്നെ വിലപേശല്‍ ശക്തിയായി അരുണ്‍കുമാര്‍ രംഗത്ത് വന്നു. മൊറയൂര്‍ ചന്ദനഫാക്ടറിയിലും മറ്റും സന്ദര്‍ശനം നടത്തി വി.എസ്, ചന്ദനവ്യാപാരികളെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ഈ സമയത്ത്. മതികെട്ടാന്‍മലയിലും മറ്റും കയറിയിറങ്ങുന്ന സമയം. അഴിമതിയും ക്രമക്കേടും നടത്താന്‍ ആരേയും സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായാണ് വി.എസ് നടന്നിരുന്നത്. എന്നാല്‍, ചന്ദനക്കച്ചവടക്കാരുമായി മകന്‍ അരുണ്‍കുമാര്‍ കരാര്‍ ഉറപ്പിച്ചതോടെ വി.എസ് നിശബ്ദനായി. പിന്നീട് ചന്ദനമാഫിയക്കെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായില്ല.

2003 ജുലൈയിലാണ് ഇടപാട് നടക്കുന്നത്. പത്ത് ലക്ഷം രൂപയാണ് അരുണ്‍കുമാര്‍ ചന്ദന വ്യാപാരികളോട് ആവശ്യപ്പെട്ടത്. ഏഴ് ലക്ഷം നല്‍കാമെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഇത്രയും സംഖ്യ അരുണ്‍കുമാര്‍ കൈപറ്റിയെന്നാണ് ചാനല്‍ പുറത്തുവിട്ട രേഖയില്‍ പറയുന്നത്.

പണം നല്‍കിയ കാസര്‍കോട് ജില്ലയിലെ ഖാദര്‍ എന്ന വ്യാപാരി ഇക്കാര്യം ചാനലില്‍ സ്ഥിരീകരിച്ചു. പണം കിട്ടിയതോടെ വി.എസ് ചന്ദനമാഫിയയെപറ്റി ഒന്നും മിണ്ടാതെയായി. പാലക്കാട് ജില്ലയിലെ ആറ് വ്യാപാരികളും കാസര്‍കോട് ജില്ലയിലെ അഞ്ചു വ്യാപാരികളും ചേര്‍ന്നാണ് അരുണ്‍കുമാറിനുള്ള തുക സ്വരൂപിച്ചു നല്‍കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അല്ലാതെയുള്ള ചന്ദന ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ച വി.എസ്, പിന്നീട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

2003 ജൂലൈ ഏഴിന് നിയമസഭയില്‍ വി.എസ് പറഞ്ഞത്, പൊതുമേഖലയില്‍ ചന്ദനഫാക്ടറി സ്ഥാപിക്കണം എന്നുമാത്രമാണ്. മറ്റെല്ലാ ആരോപണങ്ങളും അദ്ദേഹം വിഴുങ്ങി. ചന്ദനത്തിന്റെ സുഗന്ധം വി.എസിന് ഇഷ്ടപ്പെടാന്‍ സാഹചര്യം ഉണ്ടായത് മകന്റെ ഇടപെടലാണെന്ന് സംഭവങ്ങള്‍ വ്യക്തമാക്കുന്നു. വി.എസ് മുഖ്യമന്ത്രിയായപ്പോഴും ചന്ദനഫാക്ടറികള്‍ക്കെതിരെ ഒരു നീക്കവും നടന്നില്ല. പാലക്കാട് ജില്ലയില്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഫാക്ടറികള്‍ക്കുപോലും തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു വി.എസ് സര്‍ക്കാര്‍ ചെയ്തതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വി.എസിനെ സമീപിച്ച ചന്ദനവ്യാപാരികളോട് മകനെ കാണാനാണ് നിര്‍ദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപം വെച്ചുതന്നെയാണ് പണം കൈമാറിയതെന്ന് വ്യാപാരി ഖാദര്‍, ചാനലില്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തറിഞ്ഞതോടെ കാസര്‍കോടുള്ള ഖാദറിന്റെ വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തിയതായാണ് വിവരം.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും അതീതനാണ് താനെന്ന പരിവേഷം സൃഷ്ടിക്കാന്‍ വി.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മകനെ ഇടയാളാക്കിനിര്‍ത്തി നടത്തിയ ചന്ദനക്കച്ചവടത്തിന്റെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന

1 comment:

  1. ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു
    ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു
    ദല്ലാള്‍ കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കൂടിക്കാഴ്ചയെ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വം വീക്ഷിക്കുന്നത് സംശയത്തോടെ. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല പാര്‍ട്ടിയിലെ ശത്രുക്കളെയും തകര്‍ക്കാന്‍ വി.എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നത്. ഈ വിഷയത്തില്‍ വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്.
    ഇതിന്റെ വ്യക്തമായ സൂചന ഇന്നലെ നിയമസഭയില്‍ പ്രകടമായി. ധനകാര്യ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങള്‍ കൂടിക്കാഴ്ചയുടെ പേരില്‍ വി.എസിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എന്നാല്‍ ഒരു ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കാന്‍ സി.പി.എം അംഗങ്ങള്‍ മുന്നോട്ടുവന്നില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇതെന്ന് അറിയുന്നു.
    പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വി.എസ് നടത്തുന്ന നീക്കങ്ങളെല്ലാം ഔദ്യോഗിക നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇടതുഭരണ കാലത്ത് ഔദ്യോഗികപക്ഷത്തെ പ്രമുഖരായ ചില മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതൊക്കെ കോടതികളിലെത്തിച്ച് ഔദ്യോഗിക പക്ഷത്തെ ഒതുക്കാനുള്ള സാധ്യത വി.എസ് ആരായുന്നതായി നേതൃത്വത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയതെന്ന സംശയം പാര്‍ട്ടിക്കുള്ളില്‍ ബലപ്പെട്ടിട്ടുണ്ട്.
    വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ വീഴ്ത്താന്‍ ഔദ്യോഗിക പക്ഷം തന്ത്രം മെനയുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. അരുണ്‍കുമാറിനെ എെ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയരക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന എ.ജിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഔദ്യോഗികപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ്. മുമ്പ് ഔദ്യോഗികപക്ഷത്തിനെതിരെ വി.എസ് പ്രധാനമായി എടുത്തു പ്രയോഗിച്ചത് ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശമായിരുന്നു. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വി.എസ് പൊളിറ്റ് ബ്യൂറോക്ക് കത്തയച്ചിരുന്നു. അതിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ ഔദ്യോഗികപക്ഷം ഒരുങ്ങിനില്‍ക്കുമ്പോഴാണ് വി.എസിന്റെ പുതിയ നീക്കം. മകനെ രക്ഷപ്പെടുത്തി, അതുവഴി സ്വയം രക്ഷപ്പെടുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചക്ക് പിന്നിലുണ്ടെന്ന് ഔദ്യോഗിക നേതൃത്വം കരുതുന്നു.
    കീഴ് ഘടകങ്ങളുടെ സമ്മേളനങ്ങള്‍ മുതല്‍ വി.എസിനെതിരെ ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഔദ്യോഗിക നേതൃത്വം. ഇതിനായി ലോക്കല്‍, ഏരിയ, ജില്ല കമ്മിറ്റികളിലെ ഔദ്യോഗിക പക്ഷ അനുകൂലികളുമായി നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്.

    ReplyDelete