കയര്‍ഫെഡില്‍ കോടികളുടെ കൊള്ള
അരവിന്ദ്
അഴിമതിയുടെ തെളിവുകള്‍ തന്നാല്‍ മകനെതിരേ കേസ് എടുക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മുന്‍പില്‍ തെളിവുകളുടെ നീണ്ട പട്ടിക. കയര്‍ഫെഡിലെ കോടികളുടെ തട്ടിപ്പ്, ഐഎച്ച്ആര്‍ഡിയിലെ വഴിവിട്ട നിയമനം, പിഎച്ച്ഡി രജിസ്ട്രേഷനു വ്യാജ സര്‍ട്ടിഫിക്കറ്റ്, ചന്ദന ഫാക്റ്ററിക്കു ലൈസന്‍സ് നല്‍കാന്‍ ഇടനിലക്കാരില്‍ നിന്നു പണം വാങ്ങി, അനധികൃത വിദേശ യാത്രകള്‍, ചുവന്ന തെരുവുകളുടെയും ചൂതാട്ട കേന്ദ്രങ്ങളുടെയും നാടായ മക്കാവുവിലേക്കു നടത്തിയ യാത്രകള്‍, ഭാര്യ ഓണ്‍ലൈന്‍ ലോട്ടറി കമ്പനിയുടെ ഡയറക്റ്റര്‍, ഇന്‍ഫോസിസിന്‍റെ ഫയല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്തത്, സ്മാര്‍ട്ട്സിറ്റി കരാറില്‍ ഇടപെടാന്‍ ദുബായിയില്‍ എത്തിയത് തുടങ്ങി അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിരവധി.
തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്നുറപ്പു നല്‍കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മുന്നിലേക്കു മെട്രൊവാര്‍ത്ത തെളിവുകള്‍ ഓരോന്നായി നല്‍കുന്നു. വാക്കു പാലിക്കാന്‍ കഴിയുമെങ്കില്‍ അഴിമതിക്കാരെ കൈയാമം വച്ചു തുറുങ്കിലടയ്ക്കാന്‍ വെമ്പുന്ന മുഖ്യമന്ത്രി നടപടി സ്വീകരിക്കട്ടെ.
1999 മുതല്‍ 2001 മേയ് 15 വരെയാണു വി.എ. അരുണ്‍കുമാര്‍ കയര്‍ഫെഡ് മാനെജിങ് ഡറക്റ്ററായി ഡെപ്യൂട്ടേഷനില്‍ സേവനം അനുഷ്ഠിച്ചത്. ഈ കാലയളവില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് ഇന്‍റേണല്‍ ഓഡിറ്റിലും പിന്നീട് ഡയറക്റ്റര്‍ബോര്‍ഡ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി.വി 11/01 എല്‍പി നമ്പര്‍ പ്രകാരം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂ
റോ ആലപ്പുഴ യൂനിറ്റാണ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇക്കോ കയര്‍ വില്ലെജ് സ്ഥാപിക്കുന്നതിനു വേണ്ടി ലക്ഷങ്ങള്‍ തിരിമറി നടത്തിയതിന്‍റെ വ്യക്തമായ തെളിവുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അന്നു വകുപ്പ് മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനെക്കൊണ്ടു വില്ലെജിന്‍റെ തറക്കല്ലിടിച്ചു. സ്ഥലത്തിന് മൂന്‍കൂര്‍ പണം നല്‍കാനെന്ന വ്യാജേന കയര്‍ഫെഡില്‍ നിന്നു പണമെടുത്തു. എന്നാല്‍, വില്ലെജ് തുറന്നില്ലെന്നു മാത്രമല്ല സ്ഥലത്തിന്‍റെ ഉടമ സ്ഥലം വേലികെട്ടി തിരിച്ചെടുത്തു. എട്ടു കോടിയുടെ പദ്ധതിയാണ് നടപ്പിലാകാതെ പോയത്. ഇതുവഴി കമ്മിഷന്‍ എത്ര ലഭിച്ചുവെന്നത് ഇപ്പോഴും അജ്ഞാതം.
1999 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഫെഡറേഷന്‍റെ സ്ഥാവര ജംഗമ വസ്തുക്കള്‍ പണയപ്പെടുത്തി എട്ടു കോടി രൂപ വായ്പയെടുത്തതും അരുണ്‍കുമാറാണ്. കയര്‍ഫെഡിന്‍റെ വസ്തുവകകള്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ വില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളപ്പോഴാണ് വായ്പ എടുത്തത്. ഈ തുക എവിടെ എങ്ങനെ ചെലവഴിച്ചുവെന്നു വ്യക്തമല്ല.
2001 ലെ ഡയറി അച്ചടിക്കുന്നതിനു ക്വട്ടേഷന്‍ വിളിച്ചെങ്കിലും കുറഞ്ഞ തുക ക്വോട്ട് ചെയ്തവരെ ഒഴിവാക്കി കൂടിയ തുക ക്വോട്ട് ചെയ്തവര്‍ക്ക് കരാനല്‍കി കമ്മിഷന്‍ പറ്റി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ കലണ്ടര്‍ അച്ചടിക്ക് എട്ടു ലക്ഷം രൂപ ചെലവഴിച്ചു. 1,19,290 രൂപയാണ് ആര്‍ട്ട ് വ ര്‍ക്കിനു മാത്രമായി നല്‍കിയത്. നിലവാരമില്ലാത്ത ആര്‍ട്ട് വര്‍ക്കായിരുന്നുവെന്നു പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു.
ജിയോ ടെക്സ്റ്റൈല്‍സിന്‍റെ വികസന പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി ജീവനക്കാരെ നിയമിക്കരുതെന്നു സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. റീ ഡിപ്ലോയ്മെന്‍റ് വ്യവസ്ഥയില്‍ നിയമനം നടത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചു. മാത്രമല്ല പരസ്യം നല്‍കിയ ഇനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തി. റോ മെറ്റീരിയല്‍ ബാങ്കിനായി 18.5% പലിശ നിരക്കില്‍ സര്‍ക്കാര്‍ നല്‍കിയ ഒരു കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാതെ ചെലവഴിച്ചു. തുടങ്ങാത്ത ബാങ്കിനായി കെട്ടിടം വാടകയ്ക്കെടുത്ത് 13,950 രൂപ ആറുമാസം വാടക നല്‍കി. ഡീഫൈബറിങ് യൂനിറ്റ് തുടങ്ങാനുള്ള 24.47 ലക്ഷം രൂപ ചെലവഴിച്ചതിനും കണക്കില്ല.
No comments:
Post a Comment