Pages

Sunday, February 27, 2011

ഗോള്‍ഫ് ക്ലബില്‍ പണം നല്‍കാതെയാണു മകന്‍ അംഗത്വം ലഭിച്ചതെന്ന വി.എസ്. പ്രസ്താവന സത്യവിരുദ്ധം



അംഗത്വം:75,000രൂപ നല്‍കി

തിരുവനന്തപുരം അരവിന്ദ് ഗോള്‍ഫ് ക്ലബില്‍ പണം നല്‍കാതെയാണു മകന്‍ അരുണ്‍കുമാറിനു അംഗത്വം ലഭിച്ചതെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പ്രസ്താവന സത്യവിരുദ്ധം. ശനിയാഴ്ച ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണു പണം നല്‍കാതെയും അംഗത്വം ലഭിക്കുമെന്നു മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍, ഗോള്‍ഫ് ക്ലബിലെ അംഗത്വ രജിസ്റ്ററില്‍ അരുണ്‍കുമാര്‍ 75,000 രൂപ നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അരുണ്‍കുമാറിന്‍റെ രണ്ടു ഫൊട്ടോകളും രജിസ്റ്ററില്‍ പതിച്ചിരിക്കുന്നു. രണ്ടു തവണയായാണു പണം നല്‍കിയത്. 2004 മാര്‍ച്ച് ഒന്നിനു ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റി അരുണ്‍കുമാറിന് അംഗത്വം നല്‍കാന്‍ തീരുമാനമെടുത്തു. മാര്‍ച്ച് 12ന് അരുണ്‍കുമാര്‍ ആദ്യഗഡുവായി 5,000 രൂപ ഗോള്‍ഫ് ക്ലബില്‍ അടച്ചു. (രസീത് നമ്പര്‍- 9647). മാര്‍ച്ച് 21നാണു അടുത്ത ഗഡു 70,000 രൂപ അടച്ചത്. (രസീത് നമ്പര്‍- 11332). അരുണ്‍കുമാറിന്‍റെ അംഗത്വ നമ്പര്‍ എല്‍. 533. ആജീവനാന്ത അംഗത്വം. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴായിരുന്നു ഗോള്‍ഫ് ക്ലബിലേയ്ക്കു മകന്‍ അംഗമായി പ്രവേശിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതി കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ വിലാസമാണു നല്‍കിയത്. ഇവിടുത്തെ സര്‍ക്കാര്‍ ഫോണ്‍ നമ്പരും (2318330) രജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ബൈലോയ്ക്കു വിരുദ്ധമായി ഗോള്‍ഫ് ക്ലബില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആദ്യമായി ആരോപിച്ചതു വി.എസ്. അച്യുതാനന്ദനാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇവിടുത്തെ ബാര്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ക്ലബ് ഏറ്റെടുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പലപ്പോഴും ക്ലബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിന്‍റെ അടുത്തദിവസം രാവിലെ ക്ലബ് അധികൃതര്‍ സര്‍ക്കാര്‍ നടപടികള്‍ തടഞ്ഞുകൊണ്ടു കോടതിയില്‍ നിന്നു സ്റ്റേ വാങ്ങി. അതീവ രഹസ്യമായി റവന്യൂ വകുപ്പെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുന്‍പ് ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങാന്‍ ക്ലബ് അധികൃതര്‍ക്കു കഴിഞ്ഞതു തീരുമാനം ചോരുന്നതു മൂലമെന്ന് ആരോപണമുണ്ടായിരുന്നു. സര്‍ക്കാരിനെതിരേ ക്ലബ് അധികൃതര്‍ കേസ് നടത്തുമ്പോഴും അരുണ്‍കുമാര്‍ ക്ലബ് അംഗമായി തുടരുകയായിരുന്നു. പലതവണ മുഖ്യമന്ത്രിയോടു നിയമസഭയിലും പുറത്തും മകന്‍റെ ക്ലബ് അംഗത്വത്തെക്കുറിച്ച് എംഎല്‍എമാരും മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങളുന്നയിച്ചപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണമെന്നാണു പ്രതികരിച്ചിരുന്നത്. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മകനു ക്ലബ് അംഗത്വമുണ്ടെന്നു സമ്മതിച്ച മുഖ്യമന്ത്രി പണം നല്‍കാതെയും അംഗത്വം ലഭിക്കുമെന്നും കളിപ്രേമികള്‍ക്ക് അംഗത്വമെടുക്കാമെന്നുമാണു പ്രതികരിച്ചത്.
metro vartha

1 comment:

  1. മുഖ്യമന്ത്രി, മകനെ നിയന്ത്രിക്കേണ്ടിയിരുന്നു: അഴീക്കോട്
    മുഖ്യ മന്ത്രി വി.എസ്. അച്യുതാനന്ദന്‍ മകന്‍ അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി പറയണമെന്നു ഡോ.സുകുമാര്‍ അഴീക്കോട്. വി.എസ്സിന്റെ മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ കല്യാണം കഴിക്കാതിരുന്നത് മഹാഭാഗ്യമായി തോന്നുകയാണ്. അഴീക്കോട് മഹാന്‍, മകന്‍ വൃത്തികെട്ടവന്‍ എന്നുപറയുന്ന സാഹചര്യത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. കുടുംബത്തോടല്ല, ജനങ്ങളോടാണ് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുള്ളത്. മകന്‍ അഴിമതിക്കാരനാണെങ്കില്‍ നേരത്തേ തന്നെ അദ്ദേഹം നിയന്ത്രിക്കേണ്ടതായിരുന്നു. മന്ത്രി സഭയില്‍ നിന്നു തീഹാര്‍ ജയിലിലെത്തുന്നവരാണ് നമ്മെ ഭരിക്കുന്നത്. ആരോപണത്തെ നിയമപരമായി നേരിടാതെ പ്രത്യാരോപണങ്ങള്‍ നടത്തുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളജില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച തൊഴില്‍ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അഴീക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
    പരിസ്ഥിതി സംരക്ഷണത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ദിയെയുമാണ് നാം മാതൃകയാക്കേണ്ടത്. വൈദ്യുതിയില്ലെങ്കില്‍ ജീവിക്കാനാവില്ലെന്നു പറയുന്ന സംസ്ഥാനത്തെ വൈദ്യുതി മന്ത്രി വെള്ളവും വായുമില്ലെങ്കില്‍ മനുഷ്യനു ജീവിക്കാന്‍ കഴിയില്ലെന്നു മറക്കുകയാണ്. അതിരപ്പള്ളിയില്‍ വൈദ്യുതി നിലയം ആര്‍ക്കുമുണ്ടാക്കാം. പക്ഷേ, വെള്ളച്ചാട്ടമുണ്ടാക്കാന്‍ കഴിയില്ല. പ്രകൃതിക്കും സ്ത്രീക്കും സ്വസ്ഥത നല്‍കുന്ന വിശുദ്ധമായ സംസ്കാരത്തിന്റെ ഉടമകളായി നാം മാറണം. പ്രകൃതിക്കും സ്ത്രീക്കുമെതിരേ ഉയരുന്ന കഠാരകള്‍ കാണുമ്പോള്‍ അരുതേ എന്നുപറയാന്‍ കഴിയണമെന്നും അഴീക്കോട് പറഞ്ഞു. സെമിനാറില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍.നടരാജന്‍ അധ്യക്ഷത വഹിച്ചു.

    ReplyDelete